Type Here to Get Search Results !

ചൈനയില്‍ കോവിഡ് വ്യാപനം ഗുരുതരനിലയില്‍; പ്രതിദിന രോഗബാധ പത്ത് ലക്ഷത്തോളം വരുമെന്ന് റിപ്പോർട്ട്

 


ബീജിങ്: ചൈനയിൽ കോവിഡ് തരംഗം ഗുരുതര നിലയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ദിനംപ്രതി പത്ത് ലക്ഷത്തോളം പേർക്ക് കോവിഡ് ബാധിക്കുന്നുണ്ടെന്നും അയ്യായിരത്തോളം പേർ മരണപ്പെടുന്നുണ്ടെന്നും പുതിയ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ 2,966 പുതിയ കേസുകൾ മാത്രമാണ് ഔദ്യോഗിക കണക്ക് പ്രകാരം ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്.

ചൈനയിലെ മുഴുവന്‍ ജനങ്ങളെയും കോവിഡ് രൂക്ഷമായി ബാധിക്കുന്നതായാണ് സൂചന. നിലവിലുള്ള കോവിഡ് തരംഗം തുടരുകയാണെങ്കിൽ ജനുവരിയോടെ പ്രതിദിന രോഗികളുടെ എണ്ണം 3.7 ദശലക്ഷത്തോളം വരുമെന്ന്, എയർഫിനിറ്റി ലിമിറ്റഡ് (ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന, ആരോഗ്യകാര്യങ്ങൾ പ്രവചിക്കുന്ന ഗവേഷക സ്ഥാപനം) വ്യക്തമാക്കുന്നു. വ്യാപനം തുടരുകയാണെങ്കില്‍ മാർച്ച് മാസത്തോടുകൂടി പ്രതിദിന രോഗബാധ 4.2 ദശലക്ഷം ആകുമെന്നും ഗവേഷകസംഘം വ്യക്തമാക്കുന്നു.

ഡിസംബർ തുടക്കം മുതൽ പത്തിൽ താഴെ മാത്രം കോവിഡ് മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നാണ് സർക്കാർ കണക്ക്. എന്നാൽ ആശുപത്രികളിലെ രോഗികളുടെ തിരക്കും ശ്മശാനങ്ങളിലെ തിരക്കും സർക്കാർ കണക്കുകളുടെ വിശ്വാസ്യതയില്‍ സംശയമുണ്ടാക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

പാശ്ചാത്യരാജ്യങ്ങളേക്കാള്‍ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു എന്ന തോന്നലുണ്ടാക്കാന്‍ ചൈന കോവിഡ് കണക്കുകള്‍ മറച്ചുവെക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടായതിന് പിന്നാലെ ചൈനയില്‍ രോഗബാധ വലിയ തോതില്‍ ഉയര്‍ന്നിരുന്നു.

Top Post Ad

Below Post Ad