Type Here to Get Search Results !

രാജ്യത്ത് ആറരക്കോടി; കേരളത്തില്‍ ചേരികളില്‍ താമസിക്കുന്നത് 45,417 പേര്‍ മാത്രം; ഏറ്റവും കുറവ്



ന്യൂഡല്‍ഹി: മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ നഗരവാസികള്‍ക്കിടയിലെ ചേരികളില്‍ ഏറ്റവും കുറച്ചുപേര്‍ താമസിക്കുന്നത് കേരളത്തില്‍.


സംസ്ഥാനത്ത് 45,417 പേര്‍ മാത്രമാണ് ചേരികളില്‍ താമസിക്കുന്നത്. ഗുജറാത്തില്‍ 3.45 ലക്ഷം, ഉത്തര്‍പ്രദേശ് 10.66 ലക്ഷം, മഹാരാഷ്ട്ര 24.99 ലക്ഷം, മധ്യപ്രദേശ് 11.17 ലക്ഷം, കര്‍ണാടക 7.07 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍. രാജ്യസഭയില്‍ സിപിഎം എംപി എ എ റഹീം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.


2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 1.39 കോടി കുടുംബങ്ങളിലെ 6.54 കോടി ആളുകള്‍ രാജ്യത്തുടനീളമുള്ള 1,08,227 ചേരികളിലാണ് താമസിക്കുന്നതെന്ന് മറുപടിയില്‍ പറയുന്നു. കുടിയേറി പാര്‍പ്പിക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടിയാണ്. ചേരിനിവാസികള്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലെ ദരിദ്രര്‍ക്കുള്ള ഭവനനിര്‍മ്മാണം നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളം കേന്ദ്രഭരണ പ്രദേശങ്ങളുമാണ്. ഇതിനാവശ്യമായ സഹായം കേന്ദ്രം നല്‍കുന്നുണ്ടെന്നും കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ പറഞ്ഞു.


കണക്കുകളുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ഉള്‍പ്പടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചേരിനിവാസികളുടെ എണ്ണം കുടുതലെന്നും രാജ്യത്ത് ഇക്കാര്യത്തില്‍ ഏറ്റവും കുറച്ചുപേര്‍ താമസിക്കുന്നത് കേരളത്തിലാണെന്നും റഹിം പറഞ്ഞു. ബിജെപിയുടെ മാതൃകാ സംസ്ഥാനമായ ഗുജറാത്തിലെ ചേരികളിലെ കുടുംബങ്ങള്‍ മൂന്നരലക്ഷത്തേളമാണ്. സൂറത്തില്‍ മാത്രം 4,67,434 പേര്‍ ചേരികളില്‍ താമസിക്കുന്നു. ഇടതുപക്ഷമാണ് യഥാര്‍ത്ഥ ബദലെന്ന് കേരളത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു, റഹീം പറഞ്ഞു. ചേരി നിവാസികളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് കൈ കഴുകാനാകില്ല. ചേരി നിവാസികള്‍ക്ക് പാര്‍പ്പിട സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.


Top Post Ad

Below Post Ad