കോഴിക്കോട്: മദ്യം കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ട് മദ്യക്കുപ്പികൾ റോഡിൽ ചിതറിവീണു. കോഴിക്കോട് ഫറോക്ക് പഴയ പാലത്തിലാണ് സംഭവം. പാലത്തിൽ ഇടിച്ചതിനെത്തുടർന്നാണ് അമ്പതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി വീഴുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയവർ റോഡിൽവീണ മദ്യക്കുപ്പികൾ എടുക്കുകയും സമീപത്തുകൊണ്ടുപോയി മദ്യപിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ലോറി പാലത്തിൽ ഇടിച്ച് അപകടമുണ്ടായത്.
എന്നാൽ അപകടം നടന്നിട്ടും ലോറി നിർത്താതെ പോയത് സംശയാസ്പദമായിട്ടുണ്ട്. അനധികൃത മദ്യക്കടത്താണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോറിയിൽനിന്ന് റോഡിലേക്ക് വീണ മദ്യക്കുപ്പികളിൽ ചിലത് പൊട്ടി മദ്യം റോഡിൽ പരന്നൊഴുകി. പൊട്ടാതിരുന്ന കുപ്പികളിൽ ചിലത് ഓടിക്കൂടിയവർ എടുത്തുകൊണ്ടുപോയി. ശേഷിച്ചവ, സമീപത്തെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്