ഗർഭിണിയായ സ്ത്രീക്ക് പ്രസവവേദനയെന്ന അഭിനയിച്ച് വിമാനം അടിയന്തിരമായി ഇറക്കിയ വിമാനത്തിൽ നിന്ന് 28 യാത്രക്കാർ ഓടി രക്ഷപ്പെട്ടു. സ്‌പെയിനിലെ ബാഴ്സലോണ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനം നിലത്തിറക്കിയ ഉടനാണ് യാത്രക്കാർ ഓടി രക്ഷപ്പെട്ടത്. ഇതിൽ ഗർഭിണി ഉൾപ്പെടെയുള്ള 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി രാജ്യത്തേക്ക് കടന്ന ബാക്കി യാത്രക്കാർക്കായി തെരച്ചിൽ നടത്തുകയാണ്.
മൊറോക്കയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള പെഗാസസ് എയർലൈൻസ് വിമാനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ബാഴ്സലോണയിൽ അടിയന്തരമായി വിമാനം ഇറക്കണമെന്ന് യാത്രക്കാരി അഭ്യർത്ഥിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യുമ്പോൾ ഗർഭിണിയെ ഇറക്കാൻ ആംബുലൻസും മൂന്ന് പൊലീസ് പട്രോളിംഗും സ്ഥലത്തെത്തിയിരുന്നു. ഇതിനിടയിലാണ് 28 പേരടങ്ങുന്ന സംഘം ഓടി രക്ഷപ്പെട്ടത്. കസ്റ്റഡിയിലെടുത്തവരില്‍ അഞ്ച് പേരെ ഇസ്താംബൂളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
‘വിമാനത്തിൽ ഉണ്ടായിരുന്ന ഗർഭിണിയായ യുവതിയെ പരിശോധനയ്ക്കായി സാന്റ് ജോൻ ഡി ഡ്യൂ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എന്നാൽ അവർക്ക് പ്രസവവേദനയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. ഡിസ്ചാർജ് ചെയ്തശേഷമാണ് യാത്ര തടസപ്പെടുത്തിയതിനും പൊതു ജനജീവിതം താറുമാറാക്കിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്‌തെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.