Type Here to Get Search Results !

236 കോടി മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ റോഡില്‍ നോക്കുകുത്തികളായി മാറുന്നു



സംസ്ഥാനമൊട്ടാകെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ക്യാമറകൾ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകൾക്കായി സർക്കാർ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാൽ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ. ക്യാമറകളുടെ കൺസൾട്ടേഷൻ ഫീസുമായി ബന്ധപ്പെട്ട തർക്കമാണ് ഉദ്ഘാടനത്തിന് തടസ്സം നിൽക്കുന്നത്.


സർക്കാർ കമ്പനിയായ കെൽട്രോണാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ കൺസൾട്ടേഷൻ ഫീസായി അഞ്ച് കോടി രൂപയാണ് കെൽട്രോൺ ചോദിച്ചത്. എന്നാൽ ധനകാര്യവകുപ്പ് ഇതിനെ ശക്തമായി എതിർത്തതോടെയാണ് തർക്കമായത്. മോട്ടോർവാഹനവകുപ്പിന്റെ കണക്കുകൾ പ്രകാരം, വാഹനങ്ങളുടെ പിഴയിനത്തിൽനിന്ന് പ്രതിമാസം 22 കോടി രൂപയാണ് സർക്കാരിന് നേടാനാവുക. ഒരു വർഷം 261 കോടിയിൽ അധികം രൂപയും നേടാനാകും. ചെറിയ ഫീസിന്റെ പേരിലുള്ള തർക്കം മൂലം കഴിഞ്ഞ എട്ട് മാസങ്ങളായി സർക്കാർ ഈ തുക നഷ്ടപ്പെടുത്തിയതിൽ മോട്ടോർവാഹനവകുപ്പിന് കടുത്ത അതൃപ്തിയുണ്ട്. എത്രയും പെട്ടന്ന് ക്യാമറകളുടെ പ്രവർത്തനം ആരംഭിക്കണമെന്നതാണ് മോട്ടോർവാഹനവകുപ്പിന്റെ ആവശ്യവും.


കാറിനുള്ളിലിരിക്കുന്നയാൾ സീറ്റ് ബെൽറ്റിട്ടിട്ടുണ്ടോയെന്ന് വരെ സൂക്ഷ്മനിരീക്ഷണം നടത്തി വിവരം കൺട്രോൾ റൂമിലേക്കയച്ച് വ്യക്തിയുടെ മൊബൈലിൽ ഫൈനടയ്ക്കാനുള്ള സന്ദേശമെത്തിക്കുന്ന അത്യാധുനികസംവിധാനമാണ് നിസ്സാരതർക്കത്തിന്റെ പേരിൽ സർക്കാർ നീട്ടിവെയ്ക്കുന്നത്. ഇനി എന്നാണ് ഈ ക്യാമറകൾ പ്രവർത്തിക്കുക എന്നതിനെക്കുറിച്ച് ആർക്കും യാതൊരു സൂചനയുമില്ല. ക്യാമറകളെല്ലാം ഘടിപ്പിച്ച് ഉദ്ഘാടനത്തിനായി കാത്തിരുന്ന വേളയിലാണ് കൺസൾട്ടേഷൻ തുകയുടെ പേരിൽ ധനകാര്യവകുപ്പ് തർക്കമുണ്ടാക്കിയത്. ആദ്യവർഷത്തിൽ തന്നെ 261 കോടിയിലധികം രൂപ പിഴയിനത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്.


എട്ടുമാസം മുൻപ് ക്യാമറകൾ ഘടിപ്പിച്ച സമയത്തുതന്നെ പല പരീക്ഷണങ്ങളും നടത്തി ഇവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇനി ഉദ്ഘാടനസമയമാകുമ്പോഴേക്കും മഴയും വെയിലുമൊക്കെ കൊണ്ട് ഇവ തകരാറിലാവാനുള്ള സാധ്യതയുമുണ്ട്. അതിനായി വീണ്ടും പരീക്ഷണങ്ങൾ നടത്തണമെങ്കിൽ നല്ല തുക ചെലവാകും. കൂടാതെ, കേടുപാടുകൾ നന്നാക്കാൻ അധികതുകയും ആവശ്യംവരും. സംസ്ഥാനം വലിയ കടബാധ്യതയിലേക്ക് നീങ്ങുന്ന സമയത്ത് സർക്കാരിന് എളുപ്പത്തിൽ ഈടാക്കാമായിരുന്ന ഈ തുക നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല, ക്യാമറകളുടെ പ്രവർത്തനത്തിന് ഇനിയും പൈസ ചെലവഴിക്കേണ്ട സ്ഥിതിയുമാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad