കഴിഞ്ഞയാഴ്ച രാജ്യസഭയുടെ ശൂന്യവേളയില്‍ ബിജെപി അംഗം സുശീല്‍ കുമാര്‍ മോദിയാണ് 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ മറുപടിയെന്നോണം 2,000 രൂപ നോട്ടുകള്‍ പുതിയതായി അച്ചടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി. എന്നാൽ, ഈ സംഭവത്തിന് പിന്നാലെ 2023 ജനുവരി ഒന്നിന് പുതിയ 1,000 രൂപ നോട്ട് പുറത്തിറങ്ങുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം മുറുകി. പലരും വിശ്വസിക്കുകയും നിജസ്ഥിതി അറിയും മുമ്പേ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. പുതിയ 1,000 രൂപ നോട്ട് പുറത്തിറക്കുന്നുവെന്നത് വ്യാജ പ്രചാരണം മാത്രമാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്ന 'പിഐബി ഫാക്ട് ചെക്ക്' രംഗത്തെത്തി. 2023 ജനുവരി ഒന്നനി പുതിയ 1,000 രൂപ പുറത്തിറക്കുമെന്നും 2,000 രൂപ പിന്‍വലിക്കുമെന്നും പറയുന്ന വൈറല്‍ വീഡിയോ വ്യാജമാണ്. 2,000 രൂപയുടെ കറന്‍സി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുമില്ല. ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും പിഐബി ഫാക്ട് ചെക്ക് മുന്നറിയിപ്പ് നല്‍കി. കള്ളപ്പണത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെ 2016 നവംബറിലെ നോട്ട് നിരോധനത്തിലൂടെയാണ് അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 500 രൂപയുടേയും 1,000 രൂപയുടേയും നോട്ടുകള്‍ ഒറ്റയടിക്ക് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. തുടര്‍ന്ന് പുതിയ രൂപത്തില്‍ 500 രൂപ അവതരിപ്പിക്കുകയും 1,000 രൂപയ്ക്ക് പകരമെന്നോണം 2,000 രൂപ പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ 2018-19 സാമ്പത്തിക വര്‍ഷത്തിനു ശേഷം 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ പുതിയതായി അച്ചടിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം, 2021-22 സാമ്പത്തിക വര്‍ഷത്തിനിടെ 2,30,971 വ്യാജനോട്ടുകള്‍ പിടിച്ചെടുത്തുവെന്ന് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. 2005 മഹാത്മ ഗാന്ധി സീരിസിലെ എല്ലാ വിഭാഗം നോട്ടുകള്‍ക്കും 2015-ഓടെ തന്നെ പുതിയ സുരക്ഷാ സംവിധാനങ്ങളോടെ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നു. പ്രത്യക്ഷത്തില്‍ തിരിച്ചറിയാവുന്ന നോട്ടിലെ സവിശേഷതകള്‍ കാരണം സാധാരണക്കാര്‍ക്കും വേഗത്തില്‍ വ്യാജനെ കണ്ടുപിടിക്കാന്‍ സാധിക്കുന്നുണ്ട്. താഴ്ന്ന നിലവാരത്തില്‍ നിര്‍മിക്കുന്ന 90 ശതമാനം വ്യാജനോട്ടുകളും ബാങ്കിംഗ് സംവിധാനത്തിലൂടെ തന്നെ കണ്ടുപിടിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ 1000 രൂപ നോട്ട് ജനുവരി ഒന്നിന് പുറത്തിറങ്ങുമോ...; പ്രചാരണത്തിന്റെ വാസ്തവമെന്ത്
December 18, 2022
0
Tags