Type Here to Get Search Results !

നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ ഒരവസരം കൂടി നല്‍കണം:



നിരോധിച്ച നോട്ടുകള്‍ നിശ്ചിത സമയത്ത് മാറിയെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഒരവസരം കൂടി നല്‍കുന്ന കാര്യം റിസര്‍വ് ബാങ്ക് പരിഗണിക്കണമെന്ന് സുപ്രീം കോടതി. നോട്ട് നിരോധനത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം നടക്കുന്നതിനിടെയാണ് അഞ്ചംഗ ബെഞ്ച് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. 


2016 നവംബര്‍ എട്ടിന് നടപ്പാക്കിയ നോട്ട് നിരോധനത്തിന്‍റെ നിയമവശമാണ് ജസ്റ്റീസുമാരായ എസ്. അബ്ദുള്‍ നസീര്‍, ബി.ആര്‍ ഗവായ്, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍, ബി.വി നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പരിഗണിക്കുന്നത്. 


നിരോധിച്ച 1000, 500 രൂപ നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള തീയതി ഇനി നീട്ടുക അസാധ്യമാണെന്ന് അറ്റോര്‍ണി ജനറല്‍ എസ്. വെങ്കിട്ടരമണി വ്യക്തമാക്കി. പക്ഷേ, പ്രത്യേക വ്യക്തിഗത അപേക്ഷകള്‍ പരിഗണിക്കുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിനു തീരുമാനം എടുക്കാം. 


നോട്ട് മാറിയെടുക്കാനുള്ള തീയതി വീണ്ടും വീണ്ടും നീട്ടി നല്‍കുന്നത് അനിശ്ചിതത്വത്തിന് ഇടയാക്കുമെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. നോട്ടുകള്‍ മാറിയെടുക്കാനുള്ള കാലാവധി കഴിഞ്ഞിതിന് ശേഷവും എഴുന്നൂറോളം അപേക്ഷകളാണ് അവസരം ചോദിച്ച്‌ റിസര്‍വ് ബാങ്കിനു മുന്നിലെത്തിയത്.


2017ലെ സ്പെസിഫൈഡ് ബാങ്ക് നോട്ട്സ് (സെസേഷന്‍ ഓഫ് ലയബലറ്റീസ്) നിയമത്തിന്‍റെ നാലാം ഉപവകുപ്പ് അനുസരിച്ച്‌ അപേക്ഷയിലെ വിവരം ശരിയെന്ന് ബോധ്യപ്പെട്ടാല്‍ റിസര്‍വ് ബാങ്കിന് നിരോധിച്ച നോട്ടുകള്‍ മാറി നല്‍കാനുള്ള അധികാരമുണ്ടെന്ന് ജസ്റ്റീസ് ബി.ആര്‍ ഗവായ് ചൂണ്ടിക്കാട്ടി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad