Type Here to Get Search Results !

മരണ ഗ്രൂപ്പില്‍ ജീവന്മരണ പോരാട്ടത്തിന് ജര്‍മ്മനി, പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ സ്പെയിന്‍



മരണ ഗ്രൂപ്പില്‍ നിന്നും പുറത്തു കടക്കാന്‍ ജീവന്മരണ പോരാട്ടത്തിന് ജര്‍മ്മനി. ജപ്പാനോടേറ്റ തോല്‍വിയില്‍ നിന്നും തിരിച്ചു വരാന്‍ കച്ചകെട്ടി ഹാന്‍സി ഫ്ലിക്കും സംഘവും ഇറങ്ങുമ്ബോള്‍ എതിരാളികള്‍ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള മികച്ച പ്രകടനങ്ങളില്‍ ഒന്നിന്റെ വമ്ബുമായി എത്തുന്ന സ്പാനിഷ് ആര്‍മഡയാണ്.


ജപ്പാന്റെ അതിവേഗ നീക്കങ്ങള്‍ക്ക് മുന്നില്‍ അന്തിച്ചു നിന്ന ജര്‍മനിക്ക് മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതോന്നും ആശ്വാസം നല്‍കില്ല. അതീവ ദുര്‍ബലരായ കോസ്റ്ററിക്കക്കെതിരെ ജപ്പാന് തോല്‍വി പിണയാന്‍ സാധ്യത കുറവായതിനാല്‍ സമനില പോലും ജര്‍മനിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തും.


കോച്ച്‌ ലൂയിസ് എന്‍റിക്വെയുടെ മനസിലിരിപ്പു പോലെ കളത്തില്‍ പന്ത് തട്ടുന്ന താരങ്ങളുടെ കോര്‍ത്തിണക്കം തന്നെയാണ് സ്‌പെയിന്‍ ടീമിന്റെ ശക്തി. മുന്നേറ്റത്തില്‍ ഫാള്‍സ് നയന്‍ സ്ഥാനത്ത് ഇറങ്ങിയ അസെന്‍സിയോയും സെന്‍ട്രല്‍ ഡിഫെന്‍സില്‍ പരീക്ഷിച്ച റോഡ്രിയും ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു. യുവതരങ്ങളായ പെഡ്രി, ഗവി, ഓള്‍മോ, ഫെറാന്‍ ടോറസ് എന്നിവര്‍ ടീമിന് വേഗവും ചടുലതയും നല്‍കുന്നു. ബെഞ്ചില്‍ നിന്നെത്തിയ മൊറാട്ടയും ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയിരുന്നു. താരം ചിലപ്പോള്‍ ആദ്യ ഇലവനിലേക്ക് മടങ്ങി എത്തിയേക്കും. എന്‍റിക്വെ തന്റെ ടീം സെലക്ഷന്‍ എത്രത്തോളം പ്രവചനാതീതം ആവുമെന്ന് ആദ്യ മത്സരത്തില്‍ തന്നെ തെളിയിച്ചു.


ജര്‍മന്‍ ടീമില്‍ കോച്ച്‌ ഹാന്‍സി ഫ്ലിക്കിന് തലവേദന സൃഷ്ടിക്കുന്ന ഒരു പിടി പ്രശ്നങ്ങള്‍ ഉണ്ട്. ഗോള്‍ കണ്ടെത്താന്‍ കഴിയാത്തത് തന്നെയാണ് അതില്‍ ആദ്യത്തേത്. മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം ടീമിലുണ്ട്. പ്രതിരോധ നിരയുടെ പിഴവുകളും സുലെയുടെ മോശം ഫോമും ഫ്ലിക്ക് എങ്ങനെ തരണം ചെയ്യുമെന്ന് കണ്ടറിയണം. കോസ്റ്ററിക്കയെ തകര്‍ത്ത സ്‌പെയിനിന്റെ പ്രതിരോധ നിര ആദ്യ മത്സരത്തില്‍ പരീക്ഷിക്കപ്പെട്ടിട്ടെ ഇല്ല എന്നുള്ളത് ജര്‍മനിക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. താരതമ്യേന പരിച്ചയസമ്ബത് കുറഞ്ഞ സ്പാനിഷ് മിഡ്ഫീല്‍ഡിനെ തളക്കാന്‍ കിമ്മിച്ചിനും ഗുണ്ടോഗനും ഗോരെട്സ്ക്കക്കും കഴിഞ്ഞാല്‍ ജര്‍മനിക്ക് കാര്യങ്ങള്‍ എളുപ്പമാകും. കരീം അദെയെമി, സാനെ എന്നിവരെയും ഫ്ലിക്ക് പരീക്ഷിച്ചേക്കും. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരക്കാണ് മത്സരം ആരംഭിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad