Type Here to Get Search Results !

കാത്തിരിപ്പിന് വിട; കാൽപന്ത് പൂരത്തിന് ഇന്ന് കൊടിയേറും; മത്സരം രാത്രി 9:30 ന്



ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഖത്തർ ലോകകപ്പിന് ഇന്ന് തിരിതെളിയും. ദോഹയിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് ലോകകപ്പിന് തുടക്കമാവുക. വിശ്വ കിരീടത്തിനായുള്ള പോരാട്ടത്തിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം.


എട്ട് സ്റ്റേഡിയങ്ങളിലായി, എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച 32 ടീമുകൾ തമ്മിലാണ് ഖത്തറിലെ പോരാട്ടം. ലോകകപ്പ് ചരിത്രത്തിൽ 32 ടീമുകൾ മാറ്റുരയ്ക്കുന്ന അവസാന ലോകകപ്പാണ് ഖത്തറിലേത്. 2018 ജൂലൈ 15 ന് റഷ്യയിലെ മൊസ്കോ നഗരത്തിലെ ലസ്നികി സ്റ്റേഡിയത്തിലാണ് അവസാനമായി ഫുട്ബോൾ ലോകകപ്പിന്റെ ആരവം ലോകം കണ്ടത്. നാല് വർഷത്തെ കാത്തിരിപ്പിന് വിട നൽകി ആ ആവേശം കടലുകൾ താണ്ടി ഇന്ന് ഖത്തറിലെ അൽ ബെയ്ത്തിൽ ഉയരും.


മത്സരം ആസ്വദിക്കുന്നതിനായി 60,000 ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുളള കലാപ്രകടനങ്ങളോടെയാണ് കാണികളെ ഖത്തര്‍ വരവേല്‍ക്കുന്നത്. ഇതിന്പുറമെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒഴിവ് സമയങ്ങള്‍ ചിലവഴിക്കുന്നതിനായി പ്രത്യേകം പാര്‍ക്കുകളും ഒപ്പം ഭക്ഷണശാലകളും സംഘാടകര്‍ സജ്ജീകരിച്ചിട്ടുണ്ട്. കാണികളായി 12 ലക്ഷത്തോളം ആരാധകരെത്തുമെന്നാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്.


പ്രത്യേകം സജ്ജീകരിച്ചിട്ടുളള കാഴ്ച വിരുന്നുകള്‍ ഖത്തര്‍ ലോകകപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, സംഗീക പരിപാടികള്‍, തെരുവ് പ്രകടനങ്ങള്‍ തുടങ്ങിയവയെല്ലാം കാഴ്ച വിരുന്നിന്റെ ഭാഗമാണ്. മെസ്സിയും, റൊണാൾഡോയും, നെയ്മറും , എംബാപ്പെയുമെല്ലാം അവസാനമായി ഒരുമിച്ചെത്തുന്ന ലോകകപ്പായതുകൊണ്ട് തന്നെ, ഡിസംബര്‍ 18ന് വിശ്വകിരീടത്തിനായുള്ള പോരാട്ടത്തിന്റെ അവസാന വിസ്സിൽ മുഴങ്ങും വരെ ഫുട്ബോൾ ആരാധകർക്ക് ഇനി ഉറക്കമില്ലാ രാത്രികളാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad