Type Here to Get Search Results !

ഓണം ബംബര്‍ ബംബര്‍ ഹിറ്റ്‌

കേരള ലോട്ടറി ഇത്രയേറെ സംസാരവിഷയമായ ഒരു സന്ദര്‍ഭം ഉണ്ടാകില്ല. 25 കോടി രൂപയുടെ ഒന്നാം സമ്മാനവുമായി വിപണിയിലെത്തിയ ഓണം ബംബറിന്‌ ജനങ്ങള്‍ നല്‍കിയ സ്വീകാര്യത അമ്ബരപ്പിക്കുന്നതായി. ബംബര്‍ വിജയി ആരെന്ന്‌ അറിയുന്നതിനുള്ള ആകാംക്ഷയും അറിഞ്ഞതിനുശേഷം അവരെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാനും പങ്കുവയ്‌ക്കാനും ആവേശവും പരക്കെയുണ്ടായി. മദ്യത്തിന്റെയും ലോട്ടറിയുടെയും വില്‍പ്പനയിലൂടെ കേരളത്തിന്‌ അതിജീവിക്കാന്‍ കഴിയുമോ എന്നുള്ള ചോദ്യം കേരളത്തിന്റെ സാമ്ബത്തികനിലയുമായി ബന്ധപ്പെടുത്തി ഉയരുന്ന സാഹചര്യത്തിലാണ്‌ ബംബര്‍ വിശേഷങ്ങള്‍ കൂടുതലായി പങ്കുവയ്‌ക്കപ്പെട്ടിരിക്കുന്നത്‌.ഇത്തവണ ഓണക്കാലത്ത്‌ കേരളത്തില്‍ മദ്യത്തിനും ലോട്ടറിക്കും റിക്കാര്‍ഡ്‌ വില്‍പ്പനയാണ്‌ ഉണ്ടായത്‌. ഇതിനുള്ള കാരണങ്ങളും ജനങ്ങളുടെ സ്വഭാവത്തിലും ചിന്തയിലും ഉണ്ടായിരിക്കുന്ന മാറ്റങ്ങളും വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന്‌ ഉറപ്പ്‌. 



കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ ഇവയ്‌ക്കുള്ള സ്വാധീനം വര്‍ധിച്ചിരിക്കുന്നതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു. കൂടുതല്‍ ആളുകള്‍ ഭാഗ്യപരീക്ഷണത്തിന്‌ തയാറായി മുന്നോട്ടുവരുന്നതായാണ്‌ ഓണം ബംബര്‍ വില്‍പ്പനയിലുണ്ടായ വര്‍ധന വ്യക്‌തമാക്കുന്നത്‌. നറുക്കെടുപ്പ്‌ നടന്ന ഞായര്‍ ഉച്ചവരെ ടിക്കറ്റുകള്‍ വിറ്റിരുന്നു. ശനിയാഴ്‌ച വൈകുന്നേരം വരെ 66.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി. കഴിഞ്ഞതവണ ഓണത്തിന്‌ വിറ്റത്‌ 34 ലക്ഷം ടിക്കറ്റായിരുന്നു. ടിക്കറ്റ്‌ വില 300 രൂപയായിരുന്നു. അന്ന്‌ സര്‍ക്കാരിന്‌ ലഭിച്ചത്‌ 124.5 കോടി രൂപയാണ്‌. ഇത്തവണ 270 കോടിയിലേറെ രൂപ ഖജനാവിലേക്ക്‌ എത്തി. ടിക്കറ്റ്‌ വില 500 രൂപയായി ഉയര്‍ത്തിയിട്ടും വാങ്ങാന്‍ ആളുകള്‍ക്ക്‌ മടിയുണ്ടായില്ല.25 കോടിയുടെ ഒന്നാംസമ്മാനം ആകര്‍ഷകമായിരുന്നെങ്കിലും ഉയര്‍ന്ന ടിക്കറ്റ്‌ നിരക്ക്‌ വില്‍പ്പനയെ ബാധിക്കുമോയെന്ന ആശങ്ക പരക്കെ ഉണ്ടായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച്‌ ഓണം ബംബര്‍ ബംബര്‍ ഹിറ്റായിമാറിയ കഥയാകും ഇനി കേരളത്തിന്‌ പറയാനുണ്ടാകുക. ഒന്നാം സമ്മാനം നേടിയ തിരുവനന്തപുരം സ്വദേശിക്ക്‌ നികുതികള്‍ കഴിച്ച്‌ 15.75 കോടി രൂപ അക്കൗണ്ടിലെത്തും. ആകെ 126 കോടി സമ്മാനമായി ജനങ്ങള്‍ക്ക്‌ ലഭിക്കും.


ഓണം ബംബറിന്റെ വിജയം ഇനിയുള്ള ലോട്ടറി വില്‍പ്പനയെയും നറുക്കെടുപ്പിനെയും സ്വാധീനിക്കുമെന്ന്‌ ഉറപ്പ്‌. അടുത്തതായുള്ള പൂജാ ബംബറിന്റെ ഒന്നാംസമ്മാനം അഞ്ച്‌ കോടിയില്‍നിന്ന്‌ 10 കോടിയാക്കി ഉയര്‍ത്തിക്കഴിഞ്ഞു. ഓരോ ബംബറിനുശേഷവും വില്‍പ്പനയിലുണ്ടാകുന്ന വര്‍ധനവ്‌ ലോട്ടറിവകുപ്പിന്‌ പ്രോത്സാഹനം നല്‍കുന്ന വിധമാണ്‌. നിലവില്‍ പ്രതിദിന ലോട്ടറി വില്‍പ്പനയും വര്‍ധിച്ചിരിക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തില്‍ പ്രതിദിനം ഒരു കോടിയിലേറെ ടിക്കറ്റുകള്‍ വിറ്റുപോകുന്നു. ഇത്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ലോട്ടറിയോടുള്ള താല്‍പ്പര്യമാണ്‌ കാണിക്കുന്നത്‌.1967-ല്‍ ഇ.എം.എസ്‌. മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന പി.കെ. കുഞ്ഞ്‌ ആണ്‌ ഇന്ത്യയില്‍ത്തന്നെ ആദ്യമായി സര്‍ക്കാര്‍ അധീനതയിലുള്ള ലോട്ടറി കേരളത്തില്‍ നടപ്പാക്കുന്നത്‌. കഴിഞ്ഞ 55 വര്‍ഷമായി കേരള ഖജനാവിലേക്കുള്ള മുഖ്യ വരുമാനമാര്‍ഗമായി അത്‌ മാറുകയും ചെയ്‌തു. ഓരോ സാമ്ബത്തികവര്‍ഷത്തിലും പതിനായിരം കോടി രൂപയിലേറെ വിറ്റുവരവാണുള്ളത്‌. മദ്യ കച്ചവടത്തിലൂടെ മാത്രമാണ്‌ ഇതില്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന്‌ കിട്ടുന്നത്‌. മദ്യവും ലോട്ടറിയും ഇല്ലെങ്കില്‍ കേരളത്തിന്‌ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു പറയുന്നത്‌ ആക്ഷേപമല്ല. ആളുകള്‍ മദ്യപിക്കുമ്ബോഴും ലോട്ടറി വാങ്ങുമ്ബോഴും സര്‍ക്കാരിനെ സഹായിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ തമാശയ്‌ക്കാണെങ്കിലും പറയാറുണ്ട്‌. അതില്‍ കാര്യമില്ലാതില്ല. ഉദ്യോഗസ്‌ഥര്‍ക്ക്‌ ശമ്ബളവും പെന്‍ഷനും സംസ്‌ഥാന വികസനത്തിന്‌ ചെലവഴിക്കാനും മറ്റുമായി ഈയൊരു വരുമാനം കൂടിയേതീരൂ എന്നത്‌ വാസ്‌തവമാണ്‌.

എന്നുകരുതി മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ എന്നപോലെ ആളുകള്‍ കൂടുതലായി ലോട്ടറി വാങ്ങുന്ന പ്രവണതയേയും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. വരുമാനത്തില്‍ വലിയൊരു പങ്ക്‌ ലോട്ടറി വാങ്ങി നശിപ്പിച്ചുകളയുന്ന നിരവധിപേര്‍ ചുറ്റുമുണ്ട്‌. ലോട്ടറി വാങ്ങിയും ലോട്ടറിയില്‍നിന്ന്‌ വലിയ സമ്മാനം ലഭിച്ചശേഷവും പ്രയോജനപ്പെടുത്താന്‍ കഴിയാതെ നശിച്ചവരും നിരവധിയാണ്‌. സാമ്ബത്തിക അച്ചടക്കം പുലര്‍ത്താന്‍ കഴിയാത്തവര്‍ക്ക്‌ ഇത്തരം ഭാഗ്യപരീക്ഷണങ്ങളും അതിലൂടെയുള്ള നേട്ടങ്ങളും നിലനിര്‍ത്താന്‍ കഴിയില്ലെന്ന്‌ എപ്പോഴും ഓര്‍മയുണ്ടാകണം.


ലോട്ടറി ഭാഗ്യപരീക്ഷണം ആണെന്നിരിക്കെ, അതിലൂടെ പലതും ആഗ്രഹിക്കുന്ന സാധാരണക്കാരായ ആളുകളെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക്‌ തടയിടാന്‍ സര്‍ക്കാരിന്‌ ശ്രദ്ധയുണ്ടാകണം. കള്ള ടിക്കറ്റുകള്‍ അടക്കം നിരവധി വ്യാജന്മാരും അനഭിലഷണീയ വില്‍പ്പന രീതികളും ഈ രംഗത്ത്‌ ഇപ്പോഴുമുണ്ട്‌. വിശ്വാസ്യത നിലനിര്‍ത്തി ജനങ്ങള്‍ക്കും അതുവഴി സംസ്‌ഥാനത്തിനും ഗുണകരമാകണം. സര്‍ക്കാര്‍ ഖജനാവിനും സമ്മാനാര്‍ഹര്‍ക്കും പുറമെ പതിനായിരക്കണക്കിന്‌ ആളുകളുടെ ഉപജീവനമാര്‍ഗമാണ്‌ ലോട്ടറി വില്‍പ്പനയെന്നതും ഭാഗ്യക്കുറിയുടെ പ്രസക്‌തി വര്‍ധിപ്പിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad