Type Here to Get Search Results !

ഇനി വിദേശത്തേക്കു പോകുന്നില്ല. ലോട്ടറി എടുക്കുന്നതു നിർത്താനും പോകുന്നില്ല

തിരുവനന്തപുരം ∙ രണ്ടര വയസ്സുള്ള മകൻ അദ്വൈ‍തിന്റെ സമ്പാദ്യക്കുടുക്കയിലെ 50 രൂപയാണു തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവർ അനൂപിനു 25 കോടി രൂപയുടെ തിരുവോണം ബംപർ ഭാഗ്യം കൊണ്ടുവന്നത്.



‘ടിക്കറ്റ് വാങ്ങാൻ 500 രൂപയ്ക്ക് 50 രൂപ കുറവുണ്ടായിരുന്നതിനാൽ എടുക്കേണ്ടെന്ന് ആദ്യം കരുതി. പിന്നെ മനസ്സ് മാറി. കൊച്ചിന്റെ കുടുക്ക പൊട്ടിച്ചു ബാക്കി പണമെടുത്ത് അതുകൊണ്ടാണു ലോട്ടറിയെടുത്തത്. ഒറ്റ ടിക്കറ്റേ എടുത്തുള്ളൂ. ആദ്യം മറ്റൊരു ടിക്കറ്റാണ് എടുത്തത്. നമ്പർ ഇഷ്ടപ്പെടാത്തതിനാൽ മാറ്റിയെടുത്തു’ –കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നേ‌ടിയതിന്റെ ത്രില്ലിൽ അനൂപ് പറയുന്നു.



നഗരത്തിൽ പെരുന്താന്നി വാർഡിൽ ശ്രീവരാഹം മാർക്കറ്റ് ജംക്‌ഷനു സമീപം ‘പണയിൽ’ വീട്ടിലേക്കാണു ഭാഗ്യദേവത കടന്നുചെന്നത്. ശനിയാഴ്ച രാത്രിയാണു ഭഗവതി ഏജൻസീ‍സിന്റെ പഴവങ്ങാടി ശാഖയിലെത്തി ടിക്കറ്റെടുത്തത്.


‘സ്ഥിരമായി ലോട്ടറിയെടുക്കും. 5000 രൂപ വരെ അടിച്ചിട്ടുണ്ട്. കാശില്ലാത്തതിനാൽ ഓണം ബംപർ എടുക്കേണ്ട എന്നാണു വിചാരിച്ചത്. ശനിയാഴ്ച കുറച്ചു പൈസ കിട്ടിയപ്പോൾ ടിക്കറ്റെടുക്കാൻ തീരുമാനിച്ചു. ടിവി വാർത്ത കണ്ട് നമ്പർ ഒത്തുനോക്കിയപ്പോൾ ഒരു നമ്പർ മാറിയെന്നാണു വെപ്രാളത്തിൽ തോന്നിയത്. ഭാര്യ മായയാണു സ്ഥീരികരിച്ചത്.’ 6 മാസം ഗർഭിണിയാണ് മായ. 


കൂലിപ്പണിക്കാരനായ അച്ഛൻ മരിച്ച ശേഷം ഓട്ടോ ഓടിക്കുകയാണ് അനൂപ്. കടങ്ങൾ വീട്ടാൻ മലേഷ്യയിൽ ഷെഫിന്റെ ജോലിക്കായി പോകാനിരിക്കുകയായിരുന്നു. മുട്ടത്തറ സർവീസ് സഹകരണ ബാങ്കിൽ നിന്നു 2 ലക്ഷം വായ്പ അനുവദിച്ചെന്നു കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ‘ഇനി വിദേശത്തേക്കു പോകുന്നില്ല. ലോട്ടറി എടുക്കുന്നതു നിർത്താനും പോകുന്നില്ല’– അനൂപ് പറയുന്നു.


ഭാഗ്യവാന് 15.75 കോടി


തിരുവോണം ബംപർ ഒന്നാം സമ്മാനം ലഭിച്ച അനൂപിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് 15.75 കോടി രൂപയാണു ലഭിക്കുക. ബംപർ ടിക്കറ്റ് വിറ്റ ഏജൻസി ഉടമ പി.തങ്കരാജനു കമ്മിഷനായി കിട്ടുക രണ്ടരക്കോടി രൂപയും. രണ്ടാം സമ്മാനമായ 5 കോടി രൂപ TG 270912 നമ്പ‍റിനു ലഭിച്ചു. കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റാണിത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad