Type Here to Get Search Results !

വാതിലടച്ച് കർണാടക; കേരളം മുന്നോട്ടുവച്ച 3 റെയിൽപാത പദ്ധതികളും തള്ളി, കൂടുതൽ ബസ് സർവീസും ഇല്ല

ബെംഗളൂരു / തിരുവനന്തപുരം ∙ കേരളം മുന്നോട്ടുവച്ച 3 റെയിൽപാത നിർദേശങ്ങളും കർണാടക വീണ്ടും തള്ളി. മുഖ്യമന്ത്രി പിണറായി വിജയനുമായി ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയ ശേഷം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി–മൈസൂരു, നിലമ്പൂർ– നഞ്ചൻകോട്, കാഞ്ഞങ്ങാട് – കാണിയൂർ റെയിൽപാത പദ്ധതികൾ നടപ്പാക്കുന്നതിനാണു കേരളം സഹകരണം തേടിയത്.



പരിസ്ഥിതി ലോലപ്രദേശങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കടന്നു പോകുന്ന ഈ പാതകൾ കർണാടക നേരത്തേ തള്ളിയതാണെന്നും അംഗീകരിക്കാനാകില്ലെന്ന് വീണ്ടും അറിയിച്ചുവെന്നും ബൊമ്മെ പറഞ്ഞു. ഇതേസമയം, കാഞ്ഞങ്ങാട് - പാണത്തൂർ - കാണിയൂർ റെയിൽവേ ലൈൻ പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചുവെന്നാണു കേരള സർക്കാർ പത്രക്കുറിപ്പിൽ പറയുന്നത്. സിൽവർലൈൻ പദ്ധതി കാസർകോട്ടു നിന്ന് മംഗളൂരുവിലേക്കു നീട്ടാനുള്ള നിർദേശം കേരളം ചർച്ചയിൽ ഉന്നയിച്ചില്ലെന്നാണു സൂചന. സാങ്കേതിക വിവരങ്ങൾ പൂർണമായി കൈമാറാൻ കഴിയാത്തതിനാലാണിത്. 



കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്– കാണിയൂർ പാതയിൽ കാഞ്ഞങ്ങാടു നിന്ന് പാണത്തൂർ വരെയുള്ള 40 കിലോമീറ്റർ കേരളത്തിലും തുടർന്നുള്ള 31 കിലോമീറ്റർ കർണാടകയിലുമാണ്. പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്നതു ചൂണ്ടിക്കാട്ടിയാണ് കർണാടക ഇതിനെ എതിർക്കുന്നത്. നാഗർഹൊള , ബന്ദിപ്പൂർ ദേശീയ ഉദ്യാനങ്ങളിലൂടെ കടന്നു പോകുന്നതിനാൽ തലശ്ശേരി – മൈസൂരു, നിലമ്പൂർ– നഞ്ചൻകോട് പാതകളെയും എതിർക്കുന്നു. ഇവിടങ്ങളിൽ ഭൂഗർഭ റെയിൽ പാത കേരളം നിർദേശിച്ചെങ്കിലും വനമേഖലയിൽ നിർമാണം അനുവദിക്കാനാവില്ലെന്നും ബൊമ്മെ അറിയിച്ചു. ബന്ദിപ്പൂർ വഴി കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്ന ആവശ്യവും കർണാടക തള്ളി. 


കൊല്ലേഗൽ-കോഴിക്കോട് ദേശീയപാത 766ലെ രാത്രി യാത്രാ നിയന്ത്രണത്തിനു ബദൽ സംവിധാനമായി ദേശീയ ഹൈവേ അതോറിറ്റി (എൻഎച്ച്എഐ) തയാറാക്കുന്ന മൈസൂരു– മലപ്പുറം സാമ്പത്തിക ഇടനാഴി പദ്ധതിയിൽ, തോൽപെട്ടി മുതൽ പുറക്കാട്ടിരി വരെയും ബത്തേരി മുതൽ മലപ്പുറം വരെയുമുള്ള അലൈൻമെന്റുകൾ നടപ്പാക്കാൻ ഇരു സംസ്ഥാനങ്ങളും സംയുക്തമായി ആവശ്യപ്പെടും. 


മുഖ്യമന്ത്രി ബൊമ്മെയുടെ ഒൗദ്യോഗിക വസതിയിൽ നടന്ന 40 മിനിറ്റ് കൂടിക്കാഴ്ചയിൽ കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി വി.സോമണ്ണ, കേരള, കർണാടക ചീഫ് സെക്രട്ടറിമാരായ ഡോ.വി.പി ജോയ്, വന്ദിത ശർമ, കേരള തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad