Type Here to Get Search Results !

ഫരീദാബാദിൽ അമൃതയുടെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രി; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി



ഫരീദാബാദ് (ഹരിയാന) ∙ ഫരീദാബാദ് അമൃത മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ആധുനികതയും ആത്മീയതയും ഒത്തുചേരുന്ന, പുതിയ സംവിധാനങ്ങളുള്ള ആശുപത്രി പാവപ്പെട്ടവർക്ക് ആശ്രയമാവുമെന്നു ചൂണ്ടിക്കാട്ടിയ മോദി, രാജ്യത്തിനു മാതൃകയായ ഉന്നതനിലവാരമുള്ള ആശുപത്രി സ്ഥാപിച്ചതിനു മാതാ അമൃതാനന്ദമയിയോടു നന്ദി പറഞ്ഞു. 


മാതാ അമൃതാനന്ദമയി അനുഗ്രഹ പ്രഭാഷണം നടത്തി. ആശുപത്രിയെക്കുറിച്ചുള്ള വിഡിയോ പ്രധാനമന്ത്രി പുറത്തിറക്കി. ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, കേന്ദ്ര സഹമന്ത്രി കൃഷൻ പാൽ, ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി എന്നിവർ പങ്കെടുത്തു. 




ഫരീദാബാദ് സെക്ടർ 88, മാതാ അമൃതാനന്ദമയി മാർഗിൽ 130 ഏക്കർ സ്ഥലത്ത് അത്യാധുനിക സംവിധാനങ്ങളോടെ 2,600 കിടക്കകളുള്ള ആശുപത്രിയാണു സജ്ജമാക്കുന്നത്. കൊച്ചി ഇടപ്പള്ളിയിലെ അമൃത ആശുപത്രിക്കു ശേഷം മാതാ അമൃതാനന്ദമയി മഠത്തിന്റെ പ്രധാന സംരംഭമാണിത്. 500 കിടക്കകളോടെ പ്രവർത്തനം ആരംഭിക്കുന്ന ആശുപത്രി 5 വർഷത്തിനുള്ളിൽ പൂർണ സജ്ജമാകും. 


narendra-modi-and-amritanandamayi

നിർമിത ബുദ്ധി, സംയോജിത ചികിത്സാ രീതി എന്നിവയിൽ ഗവേഷണം, വിദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയ്ക്കു പ്രാധാന്യം നൽകുമെന്ന് ആശുപത്രി റസിഡന്റ് മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജീവ് കെ. സിങ് വ്യക്തമാക്കി. 8 മികവിന്റെ കേന്ദ്രങ്ങൾ, 81 സ്പെഷ്യൽറ്റികൾ എന്നിവ ആശുപത്രിയുടെ പ്രത്യേകതകളാണ്. ഹെലിപാഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 


 *ആവേശത്തിരയിളക്കി മോദിയുടെ മലയാള പ്രസംഗം*


ഫരീദാബാദ് ∙ അമൃത ആശുപത്രി ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിൽ പ്രസംഗിച്ച് സദസ്സിനെ ആവേശഭരിതരാക്കി. ‘സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, സേവനത്തിന്റെ, ത്യാഗത്തിന്റെ പര്യായമാണ് അമ്മ’ എന്ന് മാതാ അമൃതാനന്ദമയിയെ കുറിച്ച് മോദി പറഞ്ഞപ്പോൾ സദസ്സ് ഇളകിമറിഞ്ഞു. കൂപ്പുകൈകളോടെയാണ് മാതാ അമൃതാനന്ദമയി പ്രധാനമന്ത്രിയുടെ വാക്കുകളെ സ്വീകരിച്ചത്. ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശിയാണു മാതാ അമൃതാനന്ദമയിയെന്നും മോദി കൂട്ടിച്ചേർത്തു. പൂമാല ചാർത്തി, കസവു ഷാളണിയിച്ചാണു മാതാ അമൃതാനന്ദമയിയെ പ്രധാനമന്ത്രി ആദരിച്ചത്. മോദിയുടെ ശിരസ്സിൽ ചുംബിച്ച് മാതാ അമൃതാനന്ദമയി അനുഗ്രഹിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad