Type Here to Get Search Results !

കോൺഗ്രസ് തലപ്പത്തേക്ക് ഗെലോട്ട്?, അഭ്യൂഹം ശക്തം; മുഖ്യമന്ത്രിപദം വിടാൻ മടിച്ച് ഗെലോട്ട്ന്യൂഡൽഹി ∙ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കാനില്ലെന്നു രാഹുൽ ഗാന്ധിയും തുടരാനില്ലെന്നു സോണിയ ഗാന്ധിയും നിലപാടെടുത്തതോടെ, 24 വർഷത്തിനു ശേഷം ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ പാർട്ടി പ്രസിഡന്റാകാൻ കളമൊരുങ്ങുന്നു. പ്രസിഡന്റ് പദം ഏറ്റെടുക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് സോണിയ ആവശ്യപ്പട്ടതായാണു വിവരം. പ്രസിഡന്റാകാൻ രാഹുൽ ആണു യോഗ്യനെന്നും പ്രവർത്തകരുടെയും പാർട്ടിയുടെയും വികാരം മാനിച്ച് പദവി ഏറ്റെടുക്കാൻ അദ്ദേഹം തയാറാകണമെന്നും ഗെലോട്ട് മറുപടി നൽകി. 


കുടുംബത്തിനു പുറത്ത് ഏറ്റവും സ്വീകാര്യതയുള്ള നേതാക്കളിലൊരാളെന്ന നിലയിൽ ഗെലോട്ടിനു നറുക്കുവീണേക്കുമെന്ന സൂചന ശക്തമാണ്. സോണിയ നേരിട്ട് ആവശ്യപ്പെട്ട സ്ഥിതിക്ക്, അത് തള്ളിക്കളയുക അദ്ദേഹത്തിന് എളുപ്പവുമല്ല. അങ്ങനെ സംഭവിച്ചാൽ, 1998 ൽ പദവിയൊഴിഞ്ഞ സീതാറാം കേസരിക്കു ശേഷം ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു പാർട്ടി പ്രസിഡന്റാകുന്ന ആദ്യത്തെയാളാകും ഗെലോട്ട്. പ്രസിഡന്റാകാനില്ലെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും കുടുംബത്തിനു പുറത്തുള്ളയാൾ വരട്ടെയെന്നുമാണു പാർട്ടി നേതൃത്വത്തെ രാഹുൽ അറിയിച്ചിരിക്കുന്നത്. രാഹുൽ തയാറല്ലെങ്കിൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ തുടരാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും അനാരോഗ്യം മൂലം ബുദ്ധിമുട്ടാണെന്ന നിലപാടിലാണു സോണിയ. പ്രിയങ്ക ഗാന്ധിയും പദവി ഏറ്റെടുക്കാൻ ഒരുക്കമല്ല. രാഹുൽ പ്രസിഡന്റാകുന്നതിനോട് സോണിയ അനുകൂലമാണെങ്കിലും അദ്ദേഹത്തിനു മേൽ സമ്മർദം ചെലുത്താൻ ഒരുക്കമല്ല. ഈ സാഹചര്യത്തിലാണു ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ വരട്ടെയെന്ന ആലോചനയിലേക്കു നേതൃത്വം കടന്നത്. 


കഴിഞ്ഞ മേയിൽ രാജസ്ഥാനിലെ ഉദയ്പുരിൽ ചിന്തൻ ശിബിരത്തിന് ഒത്തുകൂടിയപ്പോൾ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതു പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കളിൽ ചിലർ ഗെലോട്ടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് അദ്ദേഹം വഴങ്ങിയില്ല. ഗാന്ധി കുടുംബത്തിന്റെ നിർദേശം മാനിച്ച് ഗെലോട്ട് പ്രസിഡന്റായാൽ, സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സാധ്യത തെളിയും. രാജസ്ഥാൻ രാഷ്ട്രീയത്തിൽ കരുത്തനായി വളരാൻ സച്ചിനു വഴിയൊരുക്കുന്ന ഈ നീക്കത്തിനു ഗെലോട്ട് വഴങ്ങുമോ എന്നാണ് അറിയേണ്ടത്. പ്രസിഡന്റ് പദം ഭാവിയിൽ രാഹുലിലേക്കു തന്നെ വന്നുചേരുമെന്നു വിലയിരുത്തുന്ന ഗെലോട്ട്, രാജസ്ഥാനിലെ അധികാരം സച്ചിനു വിട്ടുകൊടുക്കാൻ തയാറായേക്കില്ലെന്ന് നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. 


ഗെലോട്ടിനു പുറമേ മുകുൾ വാസ്നിക്, കമൽനാഥ്, മല്ലികാർജുൻ ഖർഗെ, മീരാ കുമാർ എന്നിവരുടെ പേരുകളും ഉയർന്നിട്ടുണ്ട്. ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ മത്സരരംഗത്തിറങ്ങിയാൽ വിമത ജി 23 സംഘവും എതിർ സ്ഥാനാർഥിയെ നിർത്തിയേക്കും. ഗുലാം നബി ആസാദ്, ശശി തരൂർ, മനീഷ് തിവാരി എന്നിവർ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഗാന്ധി കുടുംബത്തിന്റെ ഒൗദ്യോഗിക സ്ഥാനാർഥിയെ വിമതർക്കു തോൽപിക്കുക എളുപ്പമല്ല. 2001 ൽ സോണിയയും ജിതേന്ദ്ര പ്രസാദയും തമ്മിലാണ് ഏറ്റവുമൊടുവിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരം നടന്നത്. അന്ന് സോണിയയ്ക്ക് 7448 വോട്ട് ലഭിച്ചു; ജിതേന്ദ്രയ്ക്ക് 94. 


 *ഗെലോട്ട് പ്രസിഡന്റായാൽ നേതൃത്വം കാണുന്ന ഗുണങ്ങൾ:*


∙ കോൺഗ്രസിൽ കുടുംബാധിപത്യമെന്ന ബിജെപിയുടെ ആരോപണത്തിനുള്ള മറുപടി. 


∙ ഹിന്ദി ഹൃദയഭൂമിയിൽ നിന്നുള്ള ഒബിസി നേതാവ്. 


∙ ഗാന്ധി കുടുംബത്തിനു പുറമേ ജി 23 സംഘവുമായും ഊഷ്മള ബന്ധം. 


∙ ഭാവിയിൽ രാഹുലിനു ഭീഷണിയാകും വിധം പാർട്ടി കയ്യടക്കാൻ സാധ്യത കുറവ്. 


∙ കോൺഗ്രസിൽ ദേശീയ സംഘടനാതലത്തിൽ പ്രവർത്തന പരിചയം. 2018 ൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അധികാരം പിടിച്ചപ്പോൾ പാർട്ടിയുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറിയായിരുന്നു. 


∙ 3 തവണ മുഖ്യമന്ത്രി. 


∙ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കണമെന്ന സച്ചിൻ പൈലറ്റിന്റെ ആവശ്യവും നടപ്പാക്കാം. 


 *സോണിയ, രാഹുൽ, പ്രിയങ്ക ലണ്ടനിൽ; പ്രവർത്തകസമിതി 28ന് ഓൺലൈനിൽ* 


പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ തീയതി തീരുമാനിക്കാൻ ഈ മാസം 28നു സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ പ്രവർത്തക സമിതി ചേരുമെന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. സെപ്റ്റംബർ 20ന് അകം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണു മുൻപ് നിശ്ചയിച്ചിരുന്നതെങ്കിലും ഇത് ഒക്ടോബറിലേക്കു നീണ്ടേക്കും. ഓൺലൈൻ വഴിയായിരിക്കും യോഗം. ചികിത്സയ്ക്കായി ലണ്ടനിലുള്ള സോണിയയ്ക്കും ഒപ്പമുള്ള രാഹുലിനും പ്രിയങ്കയ്ക്കും പങ്കെടുക്കാൻ വേണ്ടിയാണ് യോഗം ഓൺലൈനാക്കുന്നത്. ഇന്നലെയാണു മൂവരും ലണ്ടനിലെത്തിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad