Type Here to Get Search Results !

പ്രളയത്തില്‍ മുങ്ങി പാക്കിസ്ഥാന്‍, നട്ടം തിരിഞ്ഞ് കോടിക്കണക്കിന് ജനങ്ങള്‍, നിഷ്ക്രിയമായി സര്‍ക്കാര്‍



ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ പ്രളയത്തില്‍ 982 പേര്‍ മരിച്ചുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.പ്രളയം മൂന്നരക്കോടി പേരെയാണ് ബാധിച്ചത്. വെള്ളപ്പൊക്കം മൂലമുണ്ടായ കെടുതിയില്‍ 1456 പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രളയബാധിത മേഖലയില്‍ സൈന്യത്തെ വിന്യസിച്ചിരിക്കകയാണ്. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും ഏഴ് ലക്ഷത്തോളം വീടുകളും ഒലിച്ചുപോവുകയോ നശിക്കുകയോ ചെയ്തതായി പാകിസ്ഥാന്‍ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. പാക്കിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.


"നിലവില്‍ രാജ്യത്തിന്റെ പകുതിയിലധികം വെള്ളത്തിനടിയിലാണ്. അസാധാരണമായ മണ്‍സൂണ്‍ മഴ സൃഷ്ടിച്ച വെള്ളപ്പൊക്കത്തിന്റെ ഫലമായി ദശലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരായി..." എന്നാണ് പാക്കിസ്ഥാന മാധ്യമമായ ഡോണ്‍ റിപ്പോര്‍‌ട്ട് ചെയ്യുന്നത്. ശക്തമായ മഴയില്‍ 57 ലക്ഷത്തിലധികം ആളുകള്‍ വീട് ഉപേക്ഷിച്ച്‌ പോയി.


ഖൈബര്‍-പഖ്തൂണ്‍ഖ്‌വ, ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ്. റോഡുകളും പാലങ്ങളും തകരുകയും കൃഷിനാശവും കന്നുകാലി നാശവും ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിന്ധിലും ബലൂചിസ്ഥാനിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശങ്ങളിലെ പല സ്ഥലങ്ങളിലും പാക്ക് റെയില്‍വേ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.


മോശം കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്കുള്ള വിമാനങ്ങള്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് നിര്‍ത്തിവച്ചു. യുഎന്‍ സെന്‍ട്രല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ട് ഇതിനകം 3 മില്യണ്‍ ഡോളര്‍ പാക്കിസ്ഥാനായി അനുവദിച്ചിട്ടുണ്ട്.


കനത്ത മഴയില്‍ ഓഗസ്റ്റ് 30 ചൊവ്വാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ മഴ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ദുരന്തത്തില്‍ സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലാണ് ഏറ്റവുമധികം നാശം വിതച്ചത്. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചു.


36 മണിക്കൂര്‍ നീണ്ട മഴ ജനജീവിതം സ്തംഭിപ്പിച്ചതിന് ശേഷം ക്വറ്റയും അതിന്റെ പ്രാന്തപ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ തെരുവുകളുടെയും പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ കാറുകളുടെയും വീഡിയോകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ ഒരു പ്രമുഖ ഹോട്ടല്‍ തകരുന്നതിന്റെ ദൃശ്യങ്ങളും ചിലര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad