Type Here to Get Search Results !

സായാഹ്ന വാർത്തകൾ◾വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കെ.കെ. ശൈലജയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും പി.ടി.എയും വിദ്യാര്‍ത്ഥി പ്രതിനിധികളും ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ചു നടപ്പാക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി പറഞ്ഞു.


◾ലിംഗ സമത്വം ഉറപ്പാക്കാന്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദ്ദേശത്തില്‍നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്‍വാങ്ങി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ നിന്നാണ് ഈ നിര്‍ദേശം ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്കു മാറ്റിയിട്ടുണ്ട്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിനു മുന്നില്‍ ചര്‍ച്ചയ്ക്കു വച്ച കരടു രേഖയിലാണ് മാറ്റം.


◾'ആസാദ് കാഷ്മീര്‍' പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസ് കേസെടുത്തു. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവനുസരിച്ചാണ് കേസ്. ഭരണഘടനയെ അപമാനിക്കാനും കലാപമുണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ചാണ് കേസ്.◾'ആസാദ് കശ്മീര്‍' പരാമര്‍ശത്തില്‍ ജലീലിനെതിരെ കേസെടുക്കേണ്ടന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു. ജലീലിനെതിരെ എബിവിപി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് പൊലീസിന് ഇങ്ങനെ നിയമോപദേശം ലഭിച്ചത്. ഇതനുസരിച്ചു പോലീസ് കേസെടുത്തില്ല. എന്നാല്‍ തിരുവല്ല കോടതിയുടെ ഉത്തരവനുസരിച്ച് കീഴ്വായ്പൂര്‍ പൊലീസ് ജലീലിനെതിരെ കേസെടുത്തു.


◾സര്‍വകലാശാലകളിലെ ബന്ധു നിയമനങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കണ്ണൂര്‍ യൂണിവേഴ്സിസിറ്റിയിലെ വിവാദ നിയമനം റോജി എം ജോണാണ് ഉന്നയിച്ചത്. എന്നാല്‍ നിയമനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ന്യായീകരിച്ചു. 2016 മുതല്‍ 523 അധ്യാപക നിയമനങ്ങള്‍ സര്‍വകലാശാലകളില്‍ നടന്നു. നിയമനങ്ങളെല്ലാം നിയമാനുസൃതമാണ്. യുജിസിയുടെ എല്ലാ മാനദണ്ഡവും പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


◾ചരിത്ര കോണ്‍ഗ്രസില്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ച ഇര്‍ഫാന്‍ ഹബീബീനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ മൗനം ഗൂഢാലോചനയുടെ തെളിവാണ്. കേരള സര്‍ക്കാര്‍ നടപടി എടുക്കില്ലെന്ന ധൈര്യത്തിലാണ് ഇര്‍ഫാന്‍ ഹബീബ് പ്രതിഷേധിച്ചത്. വേദിയിലെ ഒരു വനിത വളരെ മോശം ഭാഷയില്‍ സംസാരിച്ചു. ഉത്തര്‍പ്രദേശിലാണെങ്കില്‍ ഇതു നടക്കില്ലെന്നും ഗവര്‍ണര്‍.◾സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളും കോടതി സ്റ്റേ ചെയ്തു.


◾സര്‍ക്കാരിന്റെ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കാനാവില്ലെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചു.


◾അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹൈക്കോടതി നല്‍കിയ ജാമ്യം കീഴ്ക്കോടതിക്കു റദ്ദാക്കാന്‍ എന്ത് അധികാരമെന്നു കോടതി ചോദിച്ചു. തിങ്കളാഴ്ച വരെയാണ് ഇടക്കാല സ്റ്റേ. കേസിലെ രേഖകള്‍ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.


◾ഭക്ഷ്യ മന്ത്രി ജിആര്‍ അനിലിനോടു പോലീസ് ഇന്‍സ്പെക്ടര്‍ ധിക്കാരത്തോടെ സംസാരിച്ചതിനു കാരണമായ പരാതിയില്‍ പരാതിക്കാരിയുടെ രണ്ടാം ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. നാലാഞ്ചിറ സ്വദേശി ചെറിയാന്‍ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശിനിയെയും മകളേയും പ്രതി ഉപദ്രവിച്ചെന്ന പരാതിയിലാണു നടപടി.


◾വിഴിഞ്ഞത്ത് ഇന്നും തുറമുഖത്തിനകത്ത് മത്സ്യ തൊഴിലാളികളുടെ സമരം. പോലീസിന്റെ ബാരിക്കേഡുകളും തുറമുഖത്തിന്റെ ഗേറ്റും കടന്നാണ് സമരക്കാര്‍ അകത്തേക്കു പ്രവേശിച്ചത്. സമരത്തിന് എത്തിയവരുടെ വാഹന നമ്പര്‍ പോലീസ് കുറിച്ചെടുക്കാന്‍ ശ്രമിച്ചത് തര്‍ക്കത്തിനിടയാക്കി.


◾തൃശൂര്‍ പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. 24 ആനകളാണ് റബര്‍ തോട്ടത്തില്‍ നില ഉറപ്പിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ജോലിക്കിറങ്ങാനായില്ല. വനം വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും അവര്‍ എത്തിയില്ലെന്നു നാട്ടുകാര്‍ പറയുന്നു.


◾അധികാര ദുര്‍വിനിയോഗവും അനധികൃത സ്വത്ത് സമ്പാദനവും വിജിലന്‍സ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിരിച്ചു വിട്ട തൊടുപുഴ മുന്‍ എസ്എച്ച്ഒ എന്‍.ജി ശ്രീമോനെ തിരിച്ചെടുത്തു. ശ്രീമോന്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് എഡിജിപി വിജയ് സാക്കറെയാണ് ഉത്തരവിട്ടത്.


◾കൊച്ചിയില്‍ പേരക്കുട്ടിയെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണു മരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ പി.എം സിപ്സി എന്ന അമ്പതുകാരിയാണ് പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞുവീണു മരിച്ചത്.


◾ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെതിരായ വധശ്രമ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫര്‍സീന്‍ മജീദും നവീന്‍കുമാറും മൊഴി നല്‍കി. കൊല്ലം പൊലീസ് ക്ലബിലെത്തിയാണ് ഇരുവരും മൊഴി നല്‍കിയത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഫര്‍സിന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളതിനാലാണ് കൊല്ലത്ത് മൊഴിയെടുത്തത്.


◾കൊച്ചി വെണ്ണല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം പൂട്ടി കിഫ്ബി. നാളെ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് പിടിഎയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം പൂട്ടിയത്.


◾ലോഡ്ജ് മുറിയില്‍ യുവാവിനെ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ജിതിന്‍, ഭാര്യ ഹസീന, അന്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഹസീന ജോലി ആവശ്യപ്പെട്ടാണ് വൈക്കം സ്വദേശിയായ യുവാവിനെ സമീപിച്ചത്. തൃപ്പൂണിത്തുറയില്‍ ഹോം നേഴ്സിംഗ് സര്‍വ്വീസ് നടത്തുകയാണ് യുവാവ്.


◾തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ തോക്കു ചൂണ്ടി മോഷണത്തിനു ശ്രമിച്ചത് ഉത്തര്‍പ്രദേശ് സ്വദേശി മോനിഷാണെന്നു പൊലീസ്. മൂന്നു മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാള്‍ രക്ഷപ്പെട്ടെന്നും പോലീസ്.


◾തൃശൂര്‍ തളിക്കുളത്ത് കുഞ്ഞിനെ കാണാനെത്തി ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് മുഹമ്മദ് ആസിഫിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ മാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മുഹമ്മദ് ആസിഫ് ഒളിവിലാണ്.


◾ഓണ്‍ലൈനായി ഡാറ്റ എന്‍ട്രി ജോലി ചെയ്താല്‍ പണം തരാമെന്നു വിശ്വസിപ്പിച്ചു ജോലി പൂര്‍ത്തിയാക്കി ശമ്പളം അയക്കുന്നതിനു ടാക്സ് ഇനത്തില്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പു നടത്തുന്ന സംഘാംഗം പിടിയില്‍. തൃശൂര്‍ കിള്ളിമംഗലം മോസ്‌കോ സെന്റര്‍ സ്വദേശി രഞ്ജിത്തിനെയാണ് തെലുങ്കാനയില്‍നിന്ന് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്. ടാക്സ് ഇനത്തില്‍ 35,100 രൂപ അയച്ചുകൊടുത്ത് തട്ടിപ്പിനിരയായ തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. രാജ്യവ്യാപകമായി അനേകംപേരെ ഇങ്ങനെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നു പോലീസ്.


◾കോഴിക്കോട് ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണിലെ തീപിടിത്തത്തില്‍ പൊലീസ് കേസെടുത്തു. സ്ഥാപനത്തിനു ലൈസന്‍സില്ലായിരുന്നെന്നാണു റിപ്പോര്‍ട്ട്.


◾ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു ചുമതല നന്നായി നിര്‍വഹിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തവണ കോണ്‍ഗ്രസ് ഗുജറാത്തില്‍ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.


◾ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ഉപയോഗിച്ച് ടോള്‍ പിരിയ്ക്കാനാണു പരിപാടി. നമ്പര്‍ പ്ലേറ്റുകള്‍ റീഡ് ചെയ്ത് വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ടോള്‍ തുക എടുക്കുന്ന രീതിയാണു നടപ്പാക്കുക.


◾ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പു നക്കുന്നതിനിടെ രാഷ്ട്രീയ ജനതാദള്‍ നേതാക്കളുടെ വീടുകളില്‍ സിബിഐ റെയ്ഡ്. യുപിഎ കാലത്ത് ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്തെ റെയില്‍വേ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് പരിശോധന. ബിജെപി അംഗമായ സ്പീക്കര്‍ രാജിവച്ചു.


◾ജമ്മു കാഷ്മീരില്‍ ബിജെപി നേതാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹിരാനഗറിലെ കത്വയിലാണ് ബിജെപി നേതാവ് സോം രാജിന്റെ മൃതദേഹം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു.


◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഏറ്റെടുക്കണമെന്ന് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ തനിക്കുള്ള രാജസ്ഥാനിലെ ചുമതലകള്‍ നിര്‍വഹിച്ചുകൊള്ളാമെന്ന് അദ്ദേഹം മറുപടി നല്‍കിയതെന്നാണു വിവരം.


◾ബില്‍ക്കീസ് ബാനു ബലാത്സംഗ, കൂട്ടക്കൊലകേസില്‍ ശിക്ഷിക്കപ്പെട്ട് മോചിതരായ 11 പേര്‍ക്കു സ്വീകരണം നല്‍കിയതിനെ വിമര്‍ശിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിലെ ഭാദ്രയില്‍ 35 കാരി ലൈംഗികാതിക്രമം നേരിട്ട സംഭവത്തെകുറിച്ച് മഹാരാഷ്ട്ര നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് ഫഡ്നവിസിന്റെ പ്രതികരണം.


◾ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചവര്‍ക്കോ വിരമിക്കാനിരിക്കുന്നവര്‍ക്കോ ഇന്ത്യയില്‍ ഒരു വിലയുമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. രണ്ടു ദിവസത്തിനകം വിരമിക്കാനിരിക്കെയാണ് എന്‍ വി രമണയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പിനു രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് എതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നിതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പ്രതികരിച്ചത്.  


◾ജിഎസ്ടി സംസ്ഥാനത്തിനു ലഭിക്കാന്‍ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വസ്തുക്കള്‍ ഒഴിവാക്കണമെന്ന് ബിഹാര്‍ വ്യവസായ മന്ത്രി സമീര്‍ മഹാസേത്. ഹാജിപൂരില്‍ ഒരു വ്യവസായ സ്ഥാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ വയറുവേദനയാണെന്ന് പറയാമെന്നും മന്ത്രി ഉപദേശിച്ചു.


◾ചുഴലിക്കാറ്റില്‍ ബോട്ടു തകര്‍ന്ന് ഉള്‍ക്കടലില്‍ അകപ്പെട്ട 32 ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.


◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. കഴിഞ്ഞ പത്ത് ദിനമായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. പത്ത് ദിവസംകൊണ്ട് 920 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു. 25 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4725 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ദ്ധനവുണ്ട്. 20 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,900 രൂപയാണ്.


◾കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020ല്‍ ബ്രിട്ടീഷ് സമ്പദ്വളര്‍ച്ച കൂപ്പുകുത്തിയത് 311 വര്‍ഷത്തെ താഴ്ചയിലെന്ന് റിപ്പോര്‍ട്ട്. നെഗറ്റീവ് 11 ശതമാനം വളര്‍ച്ചയാണ് 2020ല്‍ ബ്രിട്ടന്‍ കുറിച്ചതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (ഒ.എന്‍.എസ്) വ്യക്തമാക്കി. 1709ന് ശേഷമുള്ള ഏറ്റവും മോശം വളര്‍ച്ചയാണിതെന്ന് കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ടും ചൂണ്ടിക്കാട്ടി. കണക്കുകളും വിവരങ്ങളും കിട്ടുന്നമുറയ്ക്ക് ബ്രിട്ടന്‍ ഓരോവര്‍ഷത്തെയും വളര്‍ച്ചാനിരക്ക് പുതുക്കാറുണ്ട്. ഇത്തരത്തില്‍ 2020ലെ കണക്ക് പരിഷ്‌കരിച്ചതോടെയാണ് വളര്‍ച്ചാനിരക്ക് 311 വര്‍ഷത്തെ താഴ്ചയിലെത്തിയത്. ലോകത്ത് ഏതെങ്കിലും രാജ്യം കുറിച്ച ഏറ്റവും വലിയ വീഴ്ചയും ബ്രിട്ടന്റേതാണ്. ജി7 രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും മോശം വളര്‍ച്ചയുമാണിത്. നെഗറ്റീവ് 10.8 ശതമാനം വളര്‍ച്ച സ്‌പെയിനാണ് തൊട്ടുപിന്നാലെയുള്ളത്.


◾കോളിവുഡില്‍ പുതുമ നിറഞ്ഞ അവതരണവുമായി എത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു വിക്രം വേദ. സംവിധായക ദമ്പതികള്‍ പുഷ്‌കര്‍- ഗായത്രിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം 2017 റിലീസ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പുറത്തെത്താന്‍ ഒരുങ്ങുകയാണ്. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റില്‍ കഥാപാത്രങ്ങളായ വിക്രമും വേദയുമായി എത്തിയതെങ്കില്‍ ഹിന്ദി റീമേക്കില്‍ അത് യഥാക്രമം സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. പുഷ്‌കര്‍- ഗായത്രി തന്നെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


◾ഉയരം കുറഞ്ഞതിന്റെ പേരില്‍ സഹപാഠികളുടെ പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ക്വാഡന്‍ ബെയില്‍സ് എന്ന ഒന്‍പതു വയസുകാരെ അത്ര പെട്ടെന്നൊന്നും നമുക്ക് മറക്കാന്‍ സാധിക്കില്ല. അവന്റെ കരയുന്ന മുഖം അത്രമേല്‍ ലോകത്തെ വേദനിപ്പിച്ചിരുന്നു. ഓസ്‌ട്രേലിയക്കാരനായ ക്വാഡന്റെ വീഡിയോ അമ്മയാണ് ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അന്ന് ലോകം മുഴുവനും ക്വാഡനെ ചേര്‍ത്തുപിടിച്ചിരുന്നു. ഇപ്പോഴിതാ ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് ക്വാഡന് ലഭിച്ചിരിക്കുന്നത്. ഹോളിവുഡിലെ പ്രശസ്ത സിനിമാ പരമ്പരയായ മാഡ് മാക്‌സിലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ'മാഡ് മാക്‌സ്: ഫ്യൂരിയോസ'യിലാണ് ക്വാഡന് അവസരം ലഭിച്ചിരിക്കുന്നത്. ജോര്‍ജ് മില്ലര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ക്രിസ് ഹേംസ്വെര്‍ത്ത്, ആന്യ ടെയ്ലര്‍-ജോയ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ വേഷമിടും. 2024 ലാണ് സിനിമ പുറത്തിറങ്ങുക. ജോര്‍ജ് മില്ലറിന്റെ തന്നെ 'ത്രീ തൗസന്‍ഡ് ഇയേഴ്‌സ് ഓഫ് ലോങിങ്' എന്ന സിനിമയിലും ക്വാഡന്‍ ബെയില്‍സ് അഭിനയിക്കും.


◾ബജാജ് ഓട്ടോ ഇന്ത്യയില്‍ പള്‍സര്‍ 180 നിര്‍ത്തലാക്കിയതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാവ് ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും ബജാജ് ഓട്ടോയുടെ വെബ്‌സൈറ്റില്‍ നിന്ന് ബൈക്ക് നീക്കം ചെയ്തു. മോഡലിന് ഡിമാന്‍ഡ് കുറഞ്ഞതാണ് വിപണിയില്‍ നിന്നും പിന്‍വലിച്ച ഈ തീരുമാനത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പള്‍സര്‍ 180 2018-ല്‍ നിര്‍ത്തലാക്കിയിരുന്നുവെങ്കിലും പിന്നീട് 2021-ല്‍ ബിഎസ്6 മോഡലായി കമ്പനി ഇത് വീണ്ടും അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വിവിധ ഡീലര്‍ സ്രോതസുകള്‍ പറയുന്നത്, ബൈക്കിന്റെ സ്റ്റോക്ക് സ്വീകരിക്കുന്നത് നിര്‍ത്തി എന്നാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഈ മോഡലിന്റെ ഉത്പാദനവും അവസാനിപ്പിച്ചു.


◾മഴ ഒരു വലിയ പുസ്തകമാണ്. വിശേഷാവസരങ്ങളില്‍ അധികമായി വായിക്കപ്പെടുന്ന വിശുദ്ധഗ്രന്ഥമാണ്. അന്നേരങ്ങളില്‍ മേഘത്തട്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ച മഴപ്പുസ്തകം മെല്ലെ പുറത്തേക് എടുക്കപ്പെടും. പിന്നെ അതിന്റെ പാരായണമാണ്. മെല്ലെ മെല്ലെത്തുടങ്ങി, ഒടുവില്‍ ഉച്ചസ്ഥായിയിലെത്തി വീണ്ടും മന്ദഗതിയില്‍ ആകുന്ന ഹിന്ദുസ്ഥാനി സംഗീതംപോലെ.. ഇടക്കാലങ്ങളില്‍ ഓര്‍മപ്പെടുത്താല്‍ പോലെ വീണ്ടും ഒരു പാരായണം.. ഈ പുസ്തക പാരായണത്തിലൂടെയാണ് മലയാളി മലയാളത്തില്‍ അലിഞ്ഞുചേരുന്നത്.. പ്രകൃതി ഉര്‍വരമാകുന്നത്.. മനസ്സ് തളിര്‍ക്കുന്നത്.... 'മഴപ്പുസ്തകം'. ഒരു സംഘം ലേഖകര്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 380 രൂപ.


◾പലരെയും അലട്ടുന്ന പ്രശ്നമാണ് രക്തസമ്മര്‍ദം. രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. മാനസിക സമ്മര്‍ദം, മരുന്നുകളുടെ ഉപയോഗം, അമിതാധ്വാനം, ചില ഭക്ഷണങ്ങള്‍, അഡ്രിനാല്‍ ഗ്രന്ഥിയുടെ പ്രശ്നങ്ങള്‍, പുകവലി, അമിതമദ്യപാനം തുടങ്ങിയവയെല്ലാം രക്തസമ്മര്‍ദം പരിധി വിട്ടുയരുന്നതിലേക്ക് നയിക്കാം. രക്ത സമ്മര്‍ദത്തിന്റെ സാധാരണ നിലയായ 120/80 mm.Hg എന്ന നിലയില്‍ നിന്ന് രക്ത സമ്മര്‍ദം ഉയരുമ്പോള്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. തലകറക്കം, കടുത്ത തലവേദന, നെഞ്ചു വേദന, ഹൃദയമിടിപ്പ് ഉയരല്‍ തുടങ്ങിയവയാണ് അത്. ഇതിനുപുറമേ കാഴ്ച പ്രശ്നം, മൂക്കില്‍ നിന്ന് രക്തമൊഴുക്ക്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ചെവിയില്‍ മുഴക്കം, ഉറങ്ങാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, ക്ഷീണം, വിറയല്‍ തുടങ്ങിയ ലക്ഷണങ്ങളും രക്ത സമ്മര്‍ദം ഉയരുന്നതിന്റെ ഭാഗമായി ശരീരം പ്രകടിപ്പിക്കാറുണ്ട്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തുകയും ചികിത്സ തുടങ്ങുകയും വേണം. അതേസമയം ഡോക്ടറെ ഉടന്‍ കാണാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ സ്വയം ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. സമ്മര്‍ദമകറ്റി റിലാക്സ് ചെയ്യാന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആള്‍ക്കൂട്ടത്തില്‍ നിന്നകന്ന് ശാന്തമായ ഒരിടത്തിലേക്ക് മാറുക. നില്‍ക്കുന്നതും നടക്കുന്നതുമൊക്കെ ഒഴിവാക്കി കസേരയെടുത്ത് എവിടെയെങ്കിലും ഇരിക്കുക. ശുദ്ധവായു കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹൃദയമിടിപ്പ് സാധാരണ ഗതിയിലാകുന്നതുവരെ ദീര്‍ഘശ്വാസം നന്നായി എടുത്ത് പുറത്തേക്കു വിടുക. വെള്ളം കുടിക്കുക. കണ്ണടച്ച് ശരീരത്തിന് അല്‍പം വിശ്രമം കൊടുക്കാന്‍ ശ്രമിക്കുക തുടങ്ങിയവയാണ് സ്വയം ചെയ്യാന്‍ കഴിയുന്ന പ്രാഥമിക നടപടികള്‍.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 79.77, പൗണ്ട് - 94.32, യൂറോ - 79.39, സ്വിസ് ഫ്രാങ്ക് - 82.82, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.20, ബഹറിന്‍ ദിനാര്‍ - 211.66, കുവൈത്ത് ദിനാര്‍ -259.30, ഒമാനി റിയാല്‍ - 207.50, സൗദി റിയാല്‍ - 21.23, യു.എ.ഇ ദിര്‍ഹം - 21.72, ഖത്തര്‍ റിയാല്‍ - 21.91, കനേഡിയന്‍ ഡോളര്‍ - 61.50.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad