Type Here to Get Search Results !

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന്



ന്യൂഡൽഹി:കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന് നടക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ എട്ടിനാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക. ഒക്ടോബർ 16 വരെ പ്രചാരണത്തിന് സമയമുണ്ട്. ഒക്ടോബർ 19നാണ് വോട്ടെണ്ണൽ. ഡൽഹിയിൽ ചേർന്ന എഐസിസി പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം. ഒരു സ്ഥാനാർഥി മാത്രമാണെങ്കിൽ വോട്ടെടുപ്പില്ലാതെ ഒക്ടോബർ എട്ടിന് തന്നെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കും.


ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 21 വരെയായിരുന്നു തെരഞ്ഞെടുപ്പ് കാലയളവ് പ്രഖ്യാപിച്ചിരുന്നത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഇ.ഡി ചോദ്യം ചെയ്തത് അടക്കമുള്ള സാഹചര്യത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടപടികൾ നീണ്ടുപോയത്. ഇന്നു ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തിയ്യതി മാത്രമാണ് ചർച്ചയായത്. ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് ശേഷം ആദ്യമായി ചേർന്ന പ്രവർത്തകസമിതി യോഗമാണെങ്കിലും അത് സംബന്ധിച്ച ചർച്ചകളൊന്നും ഉണ്ടായില്ല. വിമത നേതാക്കളിൽ ആനന്ദ് ശർമ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മധുസൂദനൻ മിസ്ത്രി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ജയറാം രമേശ് എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.


2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. തുടർന്ന് സോണിയാ ഗാന്ധി താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കുകയായിരുന്നു. രാഹുൽ വീണ്ടും പ്രസിഡന്റാവണമെന്നാണ് പാർട്ടിയിലെ പ്രബലവിഭാഗം ആവശ്യപ്പെടുന്നത്. പക്ഷെ അദ്ദേഹം ഇതുവരെ സമ്മതം മൂളിയിട്ടില്ല. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന നിലപാടിലാണ് അദ്ദേഹം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad