Type Here to Get Search Results !

ഓവര്‍കോട്ടും സ്റ്റെതസ്‌കോപ്പും ധരിച്ചെത്തും, വാർഡുകളിൽ കറക്കം; മെഡിക്കൽ കോളേജിൽ വിലസി വ്യാജ ഡോക്ടർ, ഒടുവിൽ



കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് വിലസി നടന്നയാളെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി. മുക്കം ചേന്ദമംഗലൂര്‍ സ്വദേശിയായ അനൂപ് (29) എന്നയാളാണ് പിടിയിലായത്. ഇയാളെ പോലീസിനു കൈമാറി. മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി.


വെളുത്ത ഓവര്‍കോട്ടും സ്റ്റെതസ്‌കോപ്പും ധരിച്ചെത്തുന്ന അനൂപ് രണ്ടാഴ്ചയോളം വാര്‍ഡുകളിലും മറ്റും കറങ്ങിയിരുന്നതായാണ് വിവരം. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. അനൂപിനെ കണ്ടാല്‍ പിടികൂടണമെന്ന് ആശുപത്രി സാര്‍ജൻ്റ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിൻ്റ് ഭാഗമായി ഇയാളുടെ ഫോട്ടോയും സുരക്ഷാ ജീവനക്കാര്‍ക്കു നല്‍കി. കഴിഞ്ഞദിവസവും അനൂപ് സ്റ്റെതസ്‌കോപ്പ് ധരിച്ച് എത്തിയിരുന്നുവെങ്കിലും പിടികൂടാനുള്ള നീക്കത്തിനിടെ രക്ഷപ്പെട്ടു.


ഇന്നലെ രാത്രി എട്ടരയോടെ വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. 36-ാം വാര്‍ഡിനു സമീപം വെച്ച് സുരക്ഷാ ജീവനക്കാര്‍ സംശയം തോന്നി തടഞ്ഞുവെച്ചു. ഡോക്ടറാണെന്നും പുതിയ ആളാണെന്നും പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ പരുങ്ങലിലായി. തുടര്‍ന്ന് വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി വ്യാജനാണെന്ന് ഉറപ്പാക്കി. തുടര്‍ന്ന് സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച ഇയാളെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറുടെ പരാതി പ്രകാരം മെഡിക്കല്‍ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുത്തു.


രണ്ടാഴ്ചയ്ക്കിടെ മെഡിക്കല്‍ കോളേജില്‍ വ്യാജ ഉദ്യോഗസ്ഥര്‍ പിടിയിലാകുന്ന രണ്ടാമത്തെ കേസാണിത്. നഴ്‌സ് ചമഞ്ഞെത്തിയ കാസര്‍കോട് സ്വദേശിനിയായ റംലാബീവിയെ ഇക്കഴിഞ്ഞ 18 ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad