Type Here to Get Search Results !

പ്രഭാത വാർത്തകൾ



◼️മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍കുമാര്‍, വി.എം. സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുക്കണം. വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തണം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിലാണ് തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്ജി ഉത്തരവിട്ടത്. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം വലിയതുറ പൊലീസ് കേസെടുത്തു. 

◼️കെ റെയിലില്‍ വിവരങ്ങള്‍ നല്‍കാത്തത് റെയില്‍വേയാണെന്ന് കേരളം. റെയില്‍വേ ഭൂമി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ റെയില്‍വേ നല്‍കുന്നില്ലെന്നാണ് കേരളത്തിന്റെ വാദം. കെ റെയില്‍ പദ്ധതിക്ക് അനുമതിയില്ലെന്നും കേരളം വിവരങ്ങള്‍ തന്നിട്ടില്ലെന്നുമാണ് കേന്ദ്രം ഇന്നലെ ലോക്സഭയില്‍ അറിയിച്ചത്.


◼️ബജറ്റിനു പുറത്ത് കിഫ്ബി പദ്ധതികള്‍ക്കായുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്ന് സിഎജി. 8,604.19 കോടി രൂപ കിഫ്ബി വഴി വായ്പയെടുത്തു. പെന്‍ഷന്‍ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു. ഈ രണ്ട് ഇനങ്ങളിലായി 9273.24 കോടി രൂപ ബജറ്റിനുപുറത്ത് ആകെ കടമുണ്ട്. സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടി രൂപയാണ്.


◼️മുന്‍മന്ത്രി കെ.ടി ജലീല്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ തെളിവുകള്‍ അഭിഭാഷകനു കൈമാറിയെന്നും ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നും സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്കു മാറ്റാനുള്ള ഇഡി നീക്കത്തില്‍ പ്രതീക്ഷയുണ്ടെന്ന് സ്വപ്ന. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് തെളിയില്ല. കേസില്‍ മുഖ്യമന്ത്രി ഇടപെടുന്നുണ്ട്. സ്വപ്ന പറഞ്ഞു.


◼️തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയ കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ലഹരി കേസില്‍ വിചാരണ അനന്തമായി നീളുന്നതില്‍ ഹൈക്കോടതി ഇടപെടണം. വിചാരണകോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. തൃശൂരിലെ പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജി നല്‍കിയത്.


◼️ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ മൂന്നു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 16 വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാത്ത കേസാണിത്.


◼️പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് ആന്റണി രാജു. ആന്റണി സര്‍ക്കാരിന്റെ കാലത്ത് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കാള പെറ്റുവെന്നു കേട്ട് കയര്‍ എടുക്കരുത്. ആന്റണി രാജു പറഞ്ഞു.


*


◼️കേരളത്തിനുള്ള ഗോതമ്പിന്റെ വിഹിതം കുറച്ചത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പിയുഷ് ഗോയല്‍. ലോക്സഭയില്‍ വി.കെ.ശ്രീകണ്ഠന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.


◼️മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ മോദി ഗവണ്‍മെന്റ് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കള്ളക്കേസെടുത്തു. എളമരം കരീമിനെ അധിക്ഷേപിച്ചെന്നു പറഞ്ഞ് ഏഷ്യാനെറ്റിലെ വിനു വി. ജോണിനെതിരെ നിങ്ങള്‍ കേസെടുത്തില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എതിര്‍ക്കുന്നവരെ ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയായ പൊലീസിനെ വച്ച് കള്ളക്കേസ് എടുക്കുന്നു. അദ്ദേഹം കുറ്റപ്പെടുത്തി.


◼️വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇ.പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസെടുക്കാനുള്ള കോടതി ഉത്തരവ് നീതിന്യായവ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പൊലീസിന്റെ നിഷേധാത്മക നിലപാടിനേറ്റ കനത്ത പ്രഹരമാണ് കോടതി വിധി.


◼️ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാനും എതിരേയുള്ള കേസ് നിലനില്‍ക്കില്ലെന്ന് മുന്‍ നിയമമന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലന്‍. ആക്രമണത്തില്‍നിന്നു ജീവന്‍ രക്ഷിക്കാനുള്ള പ്രതിരോധമെന്ന നിലയിലുള്ള അവരുടെ ഇടപെടല്‍ നിയമവിധേയമാണെന്ന് ബാലന്‍.


◼️ആദിവാസി ഭൂമി തട്ടിപ്പു നടത്തിയെന്ന കേസില്‍ പാലക്കാട് എച്ച്ആര്‍ഡിഎസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജോജി മാത്യു, വേണുഗോപാല്‍, ആത്മനാമ്പി എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഷോളയൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.


◼️മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ മറ്റു ഡ്യൂട്ടികള്‍ നല്‍കാതെ റോഡ് സുരക്ഷയ്ക്കായി മാത്രം ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് റോഡ് സുരക്ഷ ചട്ടം നടപ്പിലാക്കാന്‍ എന്‍ഫോഴ്സ്മെന്റിന്റെ സേഫ് കേരള വിഭാഗത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.


◼️ബത്തേരി വാകേരിയില്‍ ഭീതിപരത്തിയ കടുവയെ വനംവകുപ്പ് പിടികൂടി. കക്കടംകുന്ന് ഏദന്‍വാലി എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് 13 വയസുള്ള പെണ്‍ കടുവ കുടുങ്ങിയത്. പ്രാഥമിക ചികിത്സ നല്‍കാനായി കടുവയെ ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.


◼️തൃത്താലയില്‍ ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന് വാനിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. മുടവന്നൂരില്‍ ആണ് അപകടം നടന്നത്. നേപ്പാള്‍ സ്വദേശി രാം വിനോദ് (45) ആണ് മിനി വാനിനടിയില്‍പ്പെട്ട് മരിച്ചത്.


◼️ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ ജയില്‍ ഡിഐജി പരാതി നല്‍കി. ആലപ്പുഴ നോര്‍ത്ത് എസ്ഐ മനോജിനെതിരെയാണ് ഡിഐജി എം.കെ. വിനോദ്കുമാര്‍ പരാതി നല്‍കിയത്. വാഹന പരിശോധനയ്ക്കിടെ എസ്ഐ ഭാര്യയോട് മോശമായി പെരുമാറിയെന്നാണ് പരാതി.


◼️നീറ്റ് പരീക്ഷയില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കുട്ടികളെ പരിശോധിച്ചത് 500 രൂപ ദിവസക്കൂലിക്ക് നിയോഗിക്കപ്പെട്ട ഒരു പരിശീലനവും ഇല്ലാത്തവര്‍. കരുനാഗപ്പള്ളി സ്വദേശി ആവശ്യപ്പെട്ടതനുസരിച്ചാണ് ജോലിക്കാരെ അയച്ചത്. അയാള്‍ മൊബൈല്‍ ഫോണില്‍ അയച്ചുകൊടുത്ത നിര്‍ദേശങ്ങളാണ് കോളജില്‍ നടപ്പാക്കിയതെന്നാണു റിപ്പോര്‍ട്ട്.


◼️കായംകുളം എരുവയില്‍ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന 5500 കിലോ റേഷന്‍ അരി പിടിച്ചെടുത്തു. സിവില്‍ സപ്ലൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അരി പിടികൂടിയത്. റസീല്‍ എന്നയാള്‍ വാടകക്ക് എടുത്തിരുന്ന വീട്ടില്‍ 118 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പച്ചരിയും കുത്തരിയുമാണ് പിടികൂടിയത്. റേഷന്‍ കട നടത്തിയിരുന്ന ഇയാളുടെ ലൈസന്‍സ് രണ്ടു മാസം മുമ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.


◼️ഇന്ദുലേഖ സിനിമയിലെ നായകന്‍ രാജ്‌മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങി. രാജ്‌മോഹന്റെ മൃതദേഹം ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് വാര്‍ത്തയായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 17-ാം തീയതിയാണ് നടന്‍ രാജ്‌മോഹന്‍ മരിച്ചത്. 88 വയസായിരുന്നു. ഭൗതികശരീരം ഇന്നു രാവിലെ 10.15 ന് തിരുവനന്തപുരം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.


◼️തിരുവനന്തപുരം ഡിസിപിയായി അജിത് കുമാറിനെ നിയമിച്ചു. ഡോ. ശ്രീനിവാസാണ് കോഴിക്കോട് പുതിയ ഡിസിപി. കൊച്ചിയില്‍ ശശിധരന്‍ ഡിസിപി. മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി സന്തോഷ് കുമാറിനെ മാറ്റി.


◼️മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്ത ബസുകളുടെ വാഹന നികുതി കുടിശ്ശിക ഇന്‍ഡിഗോ വിമാന കമ്പനി അടച്ചു. വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസ്സുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയത്. ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി.


◼️അട്ടപ്പാടി മധു കേസില്‍ കൂറുമാറിയ വനം വകുപ്പിലെ വാച്ചറെ പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനില്‍ കുമാറിനെയാണ് വനം വകുപ്പ് പിരിച്ചുവിട്ടത്. മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായിരുന്നു അനില്‍ കുമാര്‍.


◼️കോട്ടയം നഗരത്തില്‍ പട്ടാപ്പകല്‍ മാധ്യമസംഘത്തിനു നേരെ തോക്കു ചൂണ്ടി ഭീഷണി. മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം ഇടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതോടെയാണ് രണ്ടംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ചെട്ടിക്കുന്ന് സ്വദേശി ജിതിന്‍, കൊല്ലം സ്വദേശി അജേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.


◼️കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് 27 ന് രാത്രി 12 മുതല്‍ ജൂലൈ 28 ഉച്ചക്ക് രണ്ടു വരെ തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. മദ്യശാലകളും ബാറുകളും തുറക്കില്ല.


◼️തൃശൂരില്‍ മത്സരയോട്ടം നടത്തിയ ആഢംബര വാഹനങ്ങളിലൊന്ന് ടാക്സി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാത്രി പത്തോടെയാണ് അപകടം. ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്.


◼️ദുബൈയിലെ ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജോണ്‍ എം തോമസ് (79) അന്തരിച്ചു. പത്തനംതിട്ട തിരുവല്ല വാളക്കുഴി, ചക്കുത്തറ മച്ചത്തില്‍ കുടുംബാംഗമാണ്.


◼️തൃശൂരില്‍ ഇരട്ട കുട്ടികളുമായി ആശുപത്രിയിലേക്കു പോകുകയായിരുന്ന ആംബുലന്‍സ്, കെഎസ്ആര്‍ടിസി ബസിന് പുറകിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ ഷെഫീഖ്, അന്‍ഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.


◼️നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ പിന്തുണച്ചവരെ വ്യാജ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണവുമായി ക്രൈംബ്രാഞ്ച്. വാട്സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മാധ്യമ, സിനിമാ മേഖലയിലെ ആളുകളില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.


◼️ബെംഗ്ലൂരുവില്‍ മലയാളി യുവാവിനെ കുത്തിക്കൊന്ന കേസില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യാനായാണ് കാസര്‍കോട് രാജപുരം സ്വദേശി സനു തോംസണിനെ കൊന്നത്. ബെംഗ്ലൂരു സ്വദേശികളായ പുട്ടരാജു, ശ്രീനിവാസ് , ഗോപി എന്നിവരാണ് അറസ്റ്റിലായത്.


◼️പാലക്കാട് കോങ്ങാടില്‍ അഞ്ചര വയസ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് വിവിധ വകുപ്പുകളിലായി 46 വര്‍ഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബിനെതിരെയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.


◼️വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാന്‍ എത്തിച്ച 36 പൊതി കഞ്ചാവുമായി യുവാവ് പിടിയില്‍. കൊളത്തൂര്‍ കുറുപ്പത്താല്‍ സ്വദേശി ചോലയില്‍ അര്‍ജുന്‍ (21) നെയാണ് പെരിന്തല്‍മണ്ണ എക്സൈസ് പിടികൂടിയത്.


◼️കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശങ്ങള്‍ക്ഷണിച്ചു. 2021-ല്‍ പ്രസിദ്ധീകരിച്ചതും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവര്‍ത്തനം (അംഗീകൃത പത്രപ്രവര്‍ത്തകര്‍ മാത്രം), ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാര്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


◼️നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. വീട്ടിലെത്തി മൊഴിയെടുക്കാം എന്ന ഇഡി ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം സോണിയ ഗാന്ധി തള്ളിയിരുന്നു.


◼️ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. സുബൈറിനെ ഇത്രയും സമയം കസ്റ്റഡിയില്‍ വച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി എല്ലാ കേസുകളും ഡല്‍ഹിയിലേക്കു മാറ്റാന്‍ നിര്‍ദ്ദേശിച്ചു. വൈകുന്നേരത്തോടെ മുഹമ്മദ് സൂബൈര്‍ ജയില്‍ മോചിതനായി.


◼️ജാമ്യം ലഭിച്ച ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ട്വീറ്റ് ചെയ്യുന്നതില്‍നിന്ന് വിലക്കണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. എഴുതുന്നത് തടയാനാവില്ലെന്ന് കോടതി പറഞ്ഞു. അഭിഭാഷകരോട് വാദിക്കരുതെന്ന് പറയുന്നത് പോലെയാണ് മാധ്യമ പ്രവര്‍ത്തകരോട് എഴുതരുത് എന്ന് പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.  


◼️മഹാരാഷ്ട്രയില്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി എംഎല്‍എ രാഹുല്‍ കുലിന്റെ കൈയില്‍നിന്ന് 100 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തട്ടിപ്പു ശ്രമം നടന്നത്.


◼️ഭക്ഷണത്തിന്റെ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കു സ്റ്റേ നല്‍കി ഡല്‍ഹി ഹൈക്കോടതി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവാണ് സ്റ്റേ ചെയ്തത്. നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.


◼️ജിഎസ്ടി നിരക്ക് വര്‍ധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റ് സ്തംഭിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലക്കയറ്റത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായത്. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്സഭയും രാജ്യസഭയും പിരിഞ്ഞു. ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം പാടില്ലെന്ന നിര്‍ദ്ദേശം അവഗണിച്ച് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. പ്ലക്കാര്‍ഡുയര്‍ത്തി ലോക്സഭ സ്പീക്കറുടെ ഇരിപ്പിടത്തിനരികിലെത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.


◼️മഹാരാഷ്ട്രയിലെ രാഷ്ട്രീയ കൂറുമാറ്റക്കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഭരണഘടനാ വിഷയങ്ങള്‍ കേസിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഹര്‍ജികള്‍ പരിഗണിക്കവേ പറഞ്ഞു.


◼️രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഇന്ന്. പാര്‍ലമെന്റിലെ അറുപത്തി മൂന്നാം നമ്പര്‍ മുറിയില്‍ രാവിലെ 11 നു വോട്ടെണ്ണല്‍ തുടങ്ങും. വിവിധ സംസ്ഥാനങ്ങളിലെ ബാലറ്റു പെട്ടികള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദി ഫലം പ്രഖ്യാപിക്കും.


◼️കര്‍ണാടകയിലെ ഉടുപ്പിയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തിലേക്കു പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും നഴ്സും സഹായിയും അടക്കം മൂന്നു പേരും ടോള്‍ ബൂത്തിലെ ഒരു ജീവനക്കാരനുമാണ് മരിച്ചത്.  


◼️അമുല്‍ സഹകരണസംഘത്തിന്റെ വിറ്റുവരവ് 61,000 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം 53,000 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത്.


◼️ശ്രീലങ്കയില്‍ ബസ് ചാര്‍ജ് നിരക്ക് കുറച്ചു. മിനിമം ചാര്‍ജ് 40 രൂപയില്‍നിന്ന് 38 രൂപയാക്കി. ഇന്ധനവില കുറഞ്ഞതിനെ തുടര്‍ന്നാണ് നിരക്കു കുറച്ചത്.


◼️പ്രക്ഷോഭം നടത്തുന്നവര്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകളും വസതികളും ഒഴിയണമെന്ന് പ്രസിഡന്റ് റനില്‍ വിക്രമസിംഗ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.


◼️ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള ഫൈനല്‍ പോരാട്ടം ഇന്ത്യന്‍ വംശജന്‍ റിഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും തമ്മില്‍. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പില്‍ റിഷി സുനക് 137 വോട്ട് നേടി. ലിസ് ട്രസിനെ 113 എംപിമാര്‍ പിന്തുണച്ചു. സെപ്റ്റംബര്‍ അഞ്ചിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തീരുമാനിക്കും.  


◼️ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ഇതോടെ ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്ന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്താണ്.


◼️അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാവാനുള്ള സാഹചര്യമില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനാവില്ലെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്താക്കിയിരിക്കുന്നത്.


◼️ആദായനികുതി ഇ-ഫയലിങ് പോര്‍ട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴി പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറല്‍ ബാങ്ക് സജ്ജമാക്കി. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിങ്, നെഫ്റ്റ് / ആര്‍ടിജിഎസ് എന്നിവ കൂടാതെ കൗണ്ടര്‍ വഴി പണമായും ആര്‍ക്കും ഇപ്പോള്‍ തല്‍ക്ഷണം നികുതി അടയ്ക്കാം. പ്രവാസികള്‍ക്കും ബാങ്കിന്റെ ആഭ്യന്തര ഇടപാടുകാര്‍ക്കും നികുതി അടയ്ക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനും നികുതി ചലാന്‍ സൃഷ്ടിക്കാനും ബാങ്കിന്റെ ശാഖകള്‍ വഴി പണമടയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. നേരിട്ട് നികുതി പിരിക്കുന്നതിന് ബാങ്കിന് അംഗീകാരം ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തിലുണ്ട്. നികുതിദായകര്‍ക്ക് പാന്‍/ടാന്‍ റജിസ്‌ട്രേഷന്‍/വെരിഫിക്കേഷന്‍ ആവശ്യമില്ല.


◼️ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ സ്നാപ്ഡീല്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെയുള്ള വികേന്ദ്രീകൃത ഇകൊമേഴ്സ് ശൃംഖലയായ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റള്‍ കൊമേഴ്‌സിന്റെയും ഭാഗമാകുന്നു. ഒരു ഇകൊമേഴ്സ് പ്ലാറ്റ്ഫോം ഔദ്യോഗികമായി സര്‍ക്കാര്‍ ശൃംഖലയുടെ കൂടി ഭാഗമാകുന്നത് ആദ്യമാണ്. ആമസോണ്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകളും ഒഎന്‍ഡിസിയുടെ ഭാഗമാകാന്‍ ചര്‍ച്ച നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് പകുതിയോടെ 2,500 നഗരങ്ങളില്‍ സ്നാപ്ഡീലിന്റെ പിന്തുണയോടെ ഒഎന്‍ഡിസി എത്തും. പേയ്മെന്റ് രംഗത്ത് യുപിഐ പോലൊരു സംവിധാനമാണ് ഇ കൊമേഴ്സ് മേഖലയില്‍ ഒഎന്‍ഡിസി.


◼️രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ ചിത്രം 'ന്നാ താന്‍ കേസ് കൊട്' ഓഗസ്റ്റ് 11ന് റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം ഓഗസ്റ്റ് 12ന് എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ റിലീസ് തീയതിയില്‍ ഒരു ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഗായത്രിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് 'ന്നാ താന്‍ കേസ് കൊട്'. ചിത്രത്തില്‍ കാസര്‍ഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സന്തോഷ് ടി കുരുവിളയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


◼️ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരിക്ക് ടീമിന്റെ 'സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച' എന്ന വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ താരമാണ് ആദിത്യന്‍. സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും സൈജു കുറുപ്പുമാണ് ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരഞ്ജനാ അനൂപാണ് ചിത്രത്തിലെ നായിക. ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലെത്തുന്ന ഈ കോമഡി ചിത്രത്തില്‍ ഇരുപതോളം പുതുമുഖങ്ങളും എത്തുന്നുണ്ട്.


◼️വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏയ്ഥര്‍ എനര്‍ജി 450എക്സ് സ്‌കൂട്ടറിന്റെ മൂന്നാം തലമുറ മോഡല്‍ പുറത്തിറക്കി. മുന്‍ മോഡലിലുണ്ടായിരുന്നതിനെക്കാള്‍ വലിയ ബാറ്ററിയും ഉയര്‍ന്ന റേഞ്ചുമുള്ളതാണ് പുതിയവ. 2.9 കിലോവാട്ട് അവ്ര് ബാറ്ററി പായ്ക്ക് ആയിരുന്നത് 3.7 കിലോവാട്ട് അവര്‍ ആക്കിയിട്ടുണ്ട്. പരമാവധി റേഞ്ച് 146 കിലോമീറ്റര്‍. 116 കിലോമീറ്റര്‍ ആയിരുന്നു മുന്‍ മോഡലിന്. യഥാര്‍ഥ സാഹചര്യങ്ങളില്‍ 105 കിലോമീറ്റര്‍ കിട്ടുമെന്നും (മുന്‍ മോഡലിന് 85 കിമീ) കമ്പനി അവകാശപ്പെടുന്നു. ഇക്കോ, സ്മാര്‍ട് ഇക്കോ, റൈഡ്, സ്പോര്‍ട്ട്, വാര്‍പ് എന്നീ റൈഡ് മോഡുകളുണ്ട്. 1,57,402 രൂപയാണ് പുതിയ 450 എക്സിന്റെ കൊച്ചി ഷോറൂം വില.


◼️'കള്ളന്മാരായല്ല ആരും ജനിക്കുന്നത്. നീതിയില്ലാത്ത നിയമങ്ങളും ക്രൂരമായ സമൂഹവുമാണ് കൊള്ളക്കാരെയും മോഷ്ടാക്കളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.' 1862-ല്‍ പാവങ്ങള്‍ പ്രസിദ്ധീകൃതമായശേഷം ലോകത്തുണ്ടായ സാമൂഹികചലനങ്ങളുടെ ശക്തമായ അലകള്‍ ഇന്നും ഈ വാക്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോകസാഹിത്യത്തിലെ മികച്ച ക്ലാസ്സിക്കുകളിലൊന്നായിമാറിയ പാവങ്ങളിലെ 'ജീന്‍വാല്‍ജീന്‍' എന്ന മുഖ്യ കഥാപാത്രത്തെ കേന്ദ്രീകരിച്ചു തയ്യാറാക്കിയ കൃതി. വിക്ടര്‍ ഹ്യൂഗോ. വിവര്‍ത്തനം - കെ. തായാട്ട്. ഡിസി ബുക്സ്. വില 266 രൂപ.


◼️പഴങ്ങള്‍ വേനല്‍ക്കാലത്ത് മാത്രം കഴിക്കാനുള്ളതാണെന്ന ധാരണയുള്ളവരുണ്ട്. മഴക്കാലത്ത് പനിയും ജലദോഷവും പേടിച്ച് പഴങ്ങള്‍ ഒഴിവാക്കുന്നവരുമുണ്ട്. എന്നാല്‍ കേട്ടോളൂ, ഇനിപ്പറയുന്ന പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. പീച്ച്, പ്ലം, ചെറി, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളില്‍ വിറ്റാമിന്‍ എ, സി, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് കഴിക്കാന്‍ ഉത്തമമായ പഴങ്ങളാണ് ഇവ. പടവലങ്ങ, ചുരയ്ക്ക, മത്തങ്ങ, മുരിങ്ങക്കായ മുതലായ പച്ചക്കറികള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ബാക്ടീരിയ, വൈറല്‍ അണുബാധ എന്നിവയെ ചെറുക്കാനും സഹായിക്കും. ആവിയില്‍ വേവിച്ച സാലഡുകള്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ചര്‍മ്മത്തിന് അഴക് കൂട്ടുകയും ഊര്‍ജ്ജസ്വലത നല്കുകയും ചെയ്യും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad