Type Here to Get Search Results !

സായാഹ്ന വാർത്തകൾ


 


◼️അധ്യാപക നിയമന അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. പാര്‍ത്ഥ ചാറ്റര്‍ജിയോട് വളരെ അടുപ്പമുള്ള അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍നിന്ന് 20 കോടി രൂപ ഇന്നലെ കണ്ടെടുത്തിരുന്നു. രണ്ടു ദിവസമായി ചാറ്റര്‍ജിയുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു.


◼️കെപിസിസിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ശിബിരം കോഴിക്കോട്ട് ആരംഭിച്ചു. സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയാകും. കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരടക്കം ഇരുന്നൂറോളം പ്രതിനിധികളാണ് രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് ബീച്ചിനു സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡിലാണു ശിബിരം. മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കുന്നില്ല.


◼️കെഎസ്ആര്‍ടിസിയില്‍ 41,000 പെന്‍ഷന്‍കാര്‍ക്കു പെന്‍ഷന്‍ കിട്ടിയില്ല. പെന്‍ഷന്‍ വിതരണത്തിനു സഹകരണ വകുപ്പുമായുള്ള ധാരണാപത്രം പുതുക്കാത്തതാണു കാരണം. ഇതേസമയം, ജൂണ്‍ മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു.




◼️മണ്ണാര്‍ക്കാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ സദാചാര ആക്രമണം നടത്തിയവരില്‍ ഒരാള്‍ അറസ്റ്റില്‍. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നു പോലീസ്.


◼️എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരായ വധശ്രമ കേസില്‍ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നോട്ടീസ്. മൊഴി രേഖപ്പെടുത്താന്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എത്താനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്.


◼️വടകര പൊലീസിന്റെ കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനു വീഴ്ചയുണ്ടായെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ച സജീവന് പ്രാഥമിക ചികിത്സ നല്‍കാതിരുന്നതു ഗുരുതര വീഴ്ചയാണെന്നാണു റിപ്പോര്‍ട്ടിലുള്ളത്. കസ്റ്റഡി മരണമെന്ന ആരോപണത്തില്‍ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി




◼️മുന്നണിയാകുമ്പോള്‍ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുമെന്നും അതെല്ലാം ഘടകകക്ഷികള്‍ വീതംവച്ചെടുക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഉത്തരവാദിത്വമില്ലെന്നു പറഞ്ഞ് കൈയൊഴിയുകയും ചെയ്യുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സിപിഐയുടേതെന്നും കാനം പറഞ്ഞു. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.


◼️പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന ഒമ്പതു പേര്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇതുവരെ 26 പ്രതികളെയാണ് പിടികൂടിയത്. 12 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍ ഫോട്ടോകള്‍ ലഭ്യമായ ഒന്‍പത് പ്രതികള്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.


◼️നിര്‍മാതാക്കള്‍ തെറ്റിദ്ധരിപ്പിച്ചതിനാലാണ് ഡബ്ബ് ചെയ്ത ചിത്രത്തിനു സിങ്ക് സൗണ്ട് അവാര്‍ഡ് നല്‍കിയതെന്നു ദേശീയചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം വിജി തമ്പി. സിനിമ കണ്ടപ്പോള്‍ സിങ്ക് സൗണ്ടല്ലെന്ന് മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു. ഡബ്ബ് ചെയ്ത ദൊള്ളു എന്ന കന്നഡ ചിത്രത്തിനാണ് സിങ്ക് സൗണ്ട് അവാര്‍ഡ് നല്‍കിയത്. ജോബിന്‍ ജയറാമാണ് അവാര്‍ഡ് നേടിയത്.


◼️കൊച്ചിയില്‍ ഹൈക്കോടതിക്കു പാര്‍ക്കിംഗിനായി മംഗളവനത്തിനോടു ചേര്‍ന്നുള്ള സ്ഥലം വിട്ടു നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്രവും റെയില്‍വേ ബോര്‍ഡും സുപ്രീം കോടതിയെ സമീപിച്ചു. ബഫര്‍സോണ്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവു നടപ്പാക്കിയാല്‍ ഹൈക്കോടതി കാമ്പസില്‍പോലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധിക്കില്ലെന്ന വിവാദങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ ഹര്‍ജി.


◼️2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യം നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പരസ്പരം മത്സരിച്ച് മുന്നോട്ടുപോയാല്‍ പ്രയാസമാവും. വിവിധ കക്ഷി നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാകരുതെന്നും ശശി തരൂര്‍ പറഞ്ഞു.


◼️കാറില്‍ മാരകായുധങ്ങളുമായെത്തിയ മൂന്നു പേരെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂര്‍ പാലപ്പൂര് സിഎസ്ഐ പള്ളിയ്ക്ക് സമീപം നടത്തട്ട് വിള വീട്ടില്‍ പാലപ്പൂര് മനു എന്നുവിളിക്കുന്ന മനുകുമാര്‍(29) പാലപ്പൂര് നെടിയവിള വീട്ടില്‍ഉണ്ണി (34) പുഞ്ചക്കരി മണ്ണക്കല്ലുവിളയില്‍ ആഷിക്( 23 ) എന്നിവരാണ് അറസ്റ്റിലായത്.


◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം അടക്കമുള്ള അന്വേഷണങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. അനുബന്ധ കുറ്റപത്രത്തിലാണ് ഈ പരാമര്‍ശമുള്ളത്. ദിലീപിന്റെ അഭിഭാഷകരുടെ മുംബൈ യാത്രയും അന്വേഷണ പരിധിയിലുണ്ടെന്നാണു വിശദീകരണം.


◼️വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. മനുഷ്യരിലേക്കു പകരില്ലെങ്കിലും പന്നിഫാമുകളിലേക്കു പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി.


◼️പത്തനംതിട്ട കുമ്പനാട്ട് പിടികൂടിയ പണംവച്ചു ചീട്ടുകളിച്ച സംഘത്തിലുണ്ടായിരുന്ന രണ്ടു പോലീസുകാരെ സസ്പെന്‍ഡു ചെയ്തു. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ എസ്ഐ എസ്.കെ. അനില്‍, പാലക്കാട് എ.ആര്‍. ക്യാമ്പിലെ സിപിഒ അനൂപ് കൃഷ്ണന്‍ എന്നിവരെയാണ് സസ്പെന്‍ഡു ചെയ്തത്. പത്തു ലക്ഷത്തിലേറെ രൂപയുമായി പന്ത്രണ്ടു പേരെയാണ് പിടികൂടിയിരുന്നത്.


◼️യുക്രെയിന്‍ അടക്കമുള്ള വിദേശ സര്‍വ്വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനു വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. നാനൂറിലധികം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നല്‍കിയ ബംഗാള്‍ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി.


◼️മാധ്യമങ്ങള്‍ കംഗാരു കോടതികളായി വിചാരണ നടത്തുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ഉത്തരവാദിത്വമില്ലാത്ത മാധ്യമങ്ങള്‍ ജനാധിപത്യത്തെ പിന്നോട്ടടിപ്പിക്കുകയാണ്. നിശ്ചിത അജന്‍ഡകളോടെ മാധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ മുതിര്‍ന്ന ന്യായാധിപന്‍മാരെ പോലും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു. റാഞ്ചി ഹൈക്കോടതിയില്‍ നടന്ന ഒരു പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.


◼️ശരിയായ ശിവസേന ഏതെന്നു തീരുമാനിക്കാനും അയോഗ്യതാ വിഷയത്തില്‍ തീരുമാനമെടുക്കാനും ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് തെരഞ്ഞെടപ്പു കമ്മീഷന്‍. ഉദ്ധവ് താക്കറേ, ഷിന്‍ഡേ വിഭാഗങ്ങളോട് ഓഗസ്റ്റ് എട്ടിനു മുമ്പു രേഖാമൂലം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


◼️ഹരിദ്വാര്‍ തീര്‍ത്ഥാടക സംഘത്തിന് മേല്‍ ട്രക്കിടിച്ച് കയറി ആറു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ഗ്വാളിയോറില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥാടക സംഘത്തിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്.


◼️വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരില്‍ വീട്ടിലെ ഫ്രിഡ്ജില്‍ അമ്പതുകാരന്റെ മൃതദേഹം. വീട്ടിലുള്ളവര്‍ ഫോണ്‍ എടുക്കുന്നില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജില്‍ മൃതദേഹം കണ്ടത്.


◼️ഹരിദ്വാറില്‍ പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് എട്ടു വഴിയോരക്കച്ചവടക്കാരെ ഹരിദ്വാര്‍ പൊലീസ് അറസ്റ്റു ചെയ്തു. ശിവാലിക് നഗറിലെ ചന്തയില്‍ നമസ്‌കരിച്ചതിനാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു പോലീസ്.


◼️ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മാംസം, മത്സ്യം, മുട്ട എന്നിവയുള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ നല്‍കാമെന്ന് ഉത്തരവിട്ടത്.


◼️ഇന്ത്യയില്‍ നാലു കോടി പേര്‍ കൊവിഡ് വാക്സീന്‍ ഒറ്റ ഡോസ്പോലും സ്വീകരിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. 98 ശതമാനം പേര്‍ രാജ്യത്ത് വാക്സിന്റെ ആദ്യ ഡോസും 90 ശതമാനം പേര്‍ രണ്ട് ഡോസും സ്വീകരിച്ചെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ് പവാര്‍ ലോക്സഭയില്‍ അറിയിച്ചു.


◼️ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ചൊല്ലി പ്രതിപക്ഷത്ത് കലഹം. വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്നു പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ആലോചിച്ചില്ലെന്ന് ആരോപിച്ചു. ബിജെപിയുമായി മമത സന്ധിചെയ്തെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തിരിച്ചടിച്ചു. ദുരഭിമാനത്തിന്റെ സമയമല്ലെന്നും ഒപ്പമുണ്ടാകണമെന്നും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ അഭ്യര്‍ത്ഥിച്ചു.


◼️ഹോട്ടല്‍ തന്റെ പേരില്‍ എഴുതി നല്‍കാത്തതിന് മകന്‍ അച്ഛനെയും അമ്മയെയും വെടിവച്ചു കൊന്നു. ഹരിയാനയിലെ ഝജ്ജര്‍ റോഡിലെ വാര്‍ഡ് 18 ല്‍ ചന്ദ്രഭാനും ഭാര്യയുമാണു കൊല്ലപ്പെട്ടത്. മകന്‍ തരുണ്‍ ഒളിവിലാണ്.


◼️ദേശീയ ചലച്ചിത്ര അവാര്‍ഡ് മക്കളായ ദിയയ്ക്കും ദേവിനും കുടുംബത്തിനും താന്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൂര്യ. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സൂര്യയുടെ പ്രതികരണം.


◼️ഡല്‍ഹിയില്‍ റെയില്‍വേ കെട്ടിടത്തില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി. റെയില്‍വേ ജീവനക്കാരായ നാലുപേരെ അറസ്റ്റു ചെയ്തു. ഫരീദാബാദ് സ്വദേശിനിയായ മുപ്പതുകാരിയാണു ബലാല്‍സംഗത്തിന് ഇരയായത്.


◼️മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 46.29 ശതമാനം വര്‍ധിച്ച് 17,955 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 12,273 കോടി രൂപയായിരുന്നു അറ്റാദായം. കമ്പനിയുടെ വരുമാനം 54.54 ശതമാനം വര്‍ധിച്ച് 2,23,113 കോടി രൂപയുമായി.


◼️ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നാളെ ഇന്ത്യയ്ക്ക് പ്രതീക്ഷകളുടെ ദിവസം. ജാവലിന്‍ ത്രോയില്‍ മെഡല്‍ പ്രതീക്ഷയുണര്‍ത്തി സൂപ്പര്‍ താരം നീരജ് ചോപ്ര, ട്രിപ്പിള്‍ ജമ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടവുമായി മലയാളി താരം എല്‍ദോസ് പോള്‍, ജാവലിന്‍ ഫൈനലില്‍ ഇടംകണ്ടെത്തിയ മറ്റൊരു ഇന്ത്യന്‍ താരം രോഹിത് യാദവ് എന്നിവരെല്ലാം ഫൈനല്‍ മത്സരത്തിനായി കളത്തിലിറങ്ങുന്നത് നാളെയാണ്.


◼️ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 400 മീറ്ററില്‍ അമേരിക്കയുടെ മൈക്കല്‍ നോര്‍മാന് സ്വര്‍ണം. ഗ്രെനഡയുടെ കിരാനി ജെയിംസ് വെള്ളിയും ബ്രിട്ടന്റെ മാത്യു ഹഡ്‌സണ്‍ വെങ്കലവും സ്വന്തമാക്കി.


◼️ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 50.88 സെക്കന്‍ഡില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി അമേരിക്കയുടെ സിഡ്‌നി മക്ലാഫ്‌ലിന്‍. നെതര്‍ലന്‍ഡ്‌സിന്റെ ഫെംകെ ബോല്‍ വെള്ളിയും അമേരിക്കയുടെ ദലിയ മുഹമ്മദ് വെങ്കലവും സ്വന്തമാക്കി.


◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്നലെ ഒരു പവന് 320 രൂപ കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,690 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 40 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3875 രൂപയാണ്.


◼️നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 46.29 ശതമാനം വളര്‍ച്ചയോടെ 17,955 കോടി രൂപയുടെ ലാഭം നേടി. കമ്പനിയുടെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ ലാഭം 23.8 ശതമാനം വര്‍ദ്ധിച്ച് 4,335 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വരുമാനം 54.54 ശതമാനം ഉയര്‍ന്ന് 2.23 ലക്ഷം കോടി രൂപയിലെത്തി.


◼️വിനീത് കുമാര്‍ നായകനാകുന്ന ചിത്രമാണ് 'സൈമണ്‍ ഡാനിയേല്‍'. സാജന്‍ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാകേഷ് കുര്യാക്കോസിന്റതാണ് രചന. ഓഗസ്റ്റ് 19ന് തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറതത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. രാകേഷ് കുര്യാക്കോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദിവ്യ പിള്ളയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


◼️പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് വരുന്നു. ചിത്രത്തില്‍ ഡെയ്ഞ്ചര്‍ ജോഷിയെന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിര്‍മാതാക്കള്‍. അജ്മല്‍ അമീര്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷന്‍ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.


◼️ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യ ഇന്ത്യയില്‍ കോന ഇവിയെ അപ്‌ഡേറ്റുചെയ്തു. അതില്‍ കാര്‍ നിര്‍മ്മാതാവ് ഇലക്ട്രിക് ക്രോസ്ഓവറിന്റെ നിറങ്ങള്‍ പരിഷ്‌ക്കരിച്ചു. പോളാര്‍ വൈറ്റ്, ഫാന്റം ബ്ലാക്ക്, പോളാര്‍ വൈറ്റ് വിത്ത് ഫാന്റം ബ്ലാക്ക് റൂഫ്, ഫിയറി റെഡ് വിത്ത് ഫാന്റം ബ്ലാക്ക് റൂഫ്, ടൈറ്റന്‍ ഗ്രേ വിത്ത് ഫാന്റം ബ്ലാക്ക് റൂഫ് എന്നിങ്ങനെ മൊത്തം അഞ്ച് നിറങ്ങളില്‍ മോഡല്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു.


◼️ആഗോളവൈജ്ഞാനികമേഖലയില്‍ ഇന്ന് വളര്‍ന്നു വികസിച്ചിട്ടുള്ള പഠനശാഖയാണ് 'ടെലിവിഷന്‍ സ്റ്റഡീസ്. മലയാളത്തില്‍ ഇനിയും വികസിക്കേണ്ടതായ അതിന്റെ മികച്ച മാതൃകയാണ് പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍. ഒരേ വിഷയത്തില്‍ വെവ്വേറെ വാര്‍ത്തകളും വിവരങ്ങളും അനുസൃതം പ്രവഹിക്കുമ്പോള്‍ ബഹുജനം അന്ധാളിച്ചു പോകുകയും സത്യത്തിന് യാതൊരു വിലയു മില്ലെന്ന തോന്നല്‍ അവര്‍ക്കുള്ളില്‍ ജനിക്കുകയും ചെയ്യുന്നു. 'പോസ്റ്റ് ട്രൂത്ത് ടെലിവിഷന്‍'. ഡോ. ടി കെ സന്തോഷ് കുമാര്‍. ഡിസി ബുക്സ്. വില 171 രൂപ.


◼️ബിപി അഥവാ രക്തസമ്മര്‍ദ്ദമുള്ളവരില്‍ കൊവിഡ് രൂക്ഷമാകാനുള്ള സാധ്യതകളേറെയാണെന്നാണ് പുതിയൊരു പഠനറിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്. 'അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍' ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയിലധികം കൊവിഡ് തീവ്രമാകാനുള്ള സാധ്യത ബിപിയുള്ളവരിലുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. വാക്സിന്‍ എടുത്താല്‍ പോലും, അത് ബൂസ്റ്റര്‍ ഡോസ് ആണെങ്കില്‍ പോലും ബിപിയുള്ളവരില്‍ കൊവിഡ് രൂക്ഷമാകാനുള്ള സാധ്യത താഴുന്നില്ലെന്നതാണ് പഠനം പങ്കുവയ്ക്കുന്ന മറ്റൊരു വിവരം. എന്നുകരുതി വാക്സിനെ നിഷേധിക്കേണ്ടതില്ല. കാരണം, വാക്സിന്‍ പലപ്പോഴും വ്യക്തികളില്‍ വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചുകാണാറുണ്ട്. പ്രായമായവര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവര്‍ എന്നിവരിലും കൊവിഡ് രൂക്ഷമാകാം എന്ന മുന്‍ പഠനറിപ്പോര്‍ട്ടുകളെ ഈ പഠനവും ശരിവയ്ക്കുന്നു. വാക്സിന്‍ പ്രധാനമെങ്കിലും അത് വൈറസ് വകഭേദങ്ങള്‍ മാറിവരുന്നതിന് അനുസരിച്ച് പുതുക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പഠനത്തില്‍ പറയുന്നു. അല്ലാത്തപക്ഷം വാക്സിന് രോഗാണുവായ വൈറസിനെ ചെറുക്കാന്‍ കഴിയാതെ വന്നേക്കാമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ബിപിയുള്ളവര്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും പിന്തുടരണം. ഒപ്പം തന്നെ ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുക. ആരോഗ്യകരമായ ഡയറ്റ്- വ്യായാമം എന്നിവ ഉറപ്പാക്കിയാല്‍ തന്നെ വലിയൊരു പരിധി വരെ വെല്ലുവിളികളില്‍ നിന്ന് രക്ഷ നേടാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad