Type Here to Get Search Results !

തൊഴിലുറപ്പ്: ഒരുപഞ്ചായത്തിൽ ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് കേന്ദ്രം

  


തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്റ്റ് ഒന്നുമുതൽ ഓരോ ഗ്രാമപ്പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. പത്തരക്കോടി തൊഴിൽ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ ബജറ്റും തയ്യാറാക്കിയ കേരളത്തിന് വലിയ തിരിച്ചടിയാകുന്ന തീരുമാനം നടപ്പാകുന്നതോടെ ഒരു കുടുംബത്തിന് 100 തൊഴിൽദിനങ്ങൾ എന്ന ലക്ഷ്യം നടക്കില്ല.


സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 13 മുതൽ 23 വാർഡുകളാണുള്ളത്. ഇപ്പോൾ എല്ലാവാർഡുകളിലും ഒരേസമയം വിവിധജോലികൾ നടക്കുന്നുണ്ട്. എന്നാൽ, ഓഗസ്റ്റ് ഒന്നുമുതൽ 20-നു മേൽ വാർഡുകൾ ഉള്ള പഞ്ചായത്തുകളിൽ ഏതെങ്കിലും മൂന്നുവാർഡുകളിലുള്ളവർക്ക് തൊഴിൽ നൽകാനാവില്ല. റൊട്ടേഷൻ പ്രകാരം ഇവരെ പിന്നീട് ഉൾപ്പെടുത്താനാകുമെങ്കിലും സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന തൊഴിൽ നിഷേധിക്കേണ്ടിവരും. 25,90,156 പേരാണ് കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ആക്ടീവ് വർക്കർമാർ. 310.11 രൂപയാണ് ഒരുദിവസത്തെ കൂലി.


വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പിൽ ഏറ്റെടുക്കുന്ന പദ്ധതികൾ പൂർത്തിയാകാത്തതുൾപ്പെടെയുള്ള പോരായ്മകളും ക്രമക്കേടുകളുമാണ് പുതിയ നിയന്ത്രണത്തിനു പിന്നിലെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാർ നിർദേശിച്ച മാർഗനിർദേശങ്ങൾ കേരളം പാലിക്കാറുണ്ട്.


തിരുത്തൽ ആവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാരിനു കത്തയച്ചു. ഇതിനുപുറമേ തദ്ദേശവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ കേന്ദമന്ത്രിയെ നേരിട്ടുകണ്ടും ഈ ആവശ്യം ഉന്നയിക്കും.


 ചോദിച്ചത് പത്തരക്കോടി; അനുവദിച്ചത് ആറ്


ഇത്തവണ കേരളം പത്തരക്കോടി തൊഴിൽദിനങ്ങളുടെ ബജറ്റ് തയ്യാറാക്കി സമർപ്പിച്ചെങ്കിലും ആറുകോടിക്കാണ് അനുമതി നൽകിയത്. എന്നാൽ, മുൻകാലങ്ങളിലേതുപോലെ ബാക്കിക്കും അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad