Type Here to Get Search Results !

ഡീസലിന് പകരം ഹൈഡ്രജന്‍, 10 ലക്ഷത്തിന് എന്‍ജിന്‍ മാറ്റം; ചെലവ് ചുരുക്കാന്‍ കെ.എസ്.ആര്‍.ടി.സി

 


ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഡീസലിനുപകരം ഹൈഡ്രജനിലേക്ക് മാറുന്നതിനെക്കുറിച്ച് കെ.എസ്.ആര്‍.ടി.സി. ആലോചിക്കുന്നു. ഹൈഡ്രജനില്‍ ഓടുന്ന പുതിയ ബസുകള്‍ വാങ്ങുന്നതിനൊപ്പം നിലവിലുള്ളവ അതിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം. 10 ലക്ഷം രൂപ ചെലവില്‍ ഒരു ബസ് ഹൈഡ്രജനിലേക്ക് മാറ്റാനാകുമെന്നാണ് വിലയിരുത്തല്‍. ഡീസലിനെക്കാള്‍ വിലക്കുറവില്‍ ഹൈഡ്രജന്‍ തദ്ദേശീയമായി നിര്‍മിക്കാനും പദ്ധതിയുണ്ട്.


അടുത്തിടെ ഹൈഡ്രജന്‍ എന്‍ജിന്‍ വികസിപ്പിച്ച അശോക് ലൈലന്‍ഡ് കമ്പനിയുടെ സഹായവും ഇതിനായി തേടി. നിലവിലുള്ള ഫ്യൂവല്‍സെല്‍ സംവിധാനത്തില്‍നിന്ന് വ്യത്യസ്തമായ ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എന്‍ജിനാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. എന്‍ജിന്റെ പ്രവര്‍ത്തനം വിലയിരുത്താനും ചര്‍ച്ചകള്‍ക്കുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥസംഘം ശനിയാഴ്ച തമിഴ്നാട്ടിലെ ഹൊസ്സൂര്‍പ്ലാന്റ് സന്ദര്‍ശിച്ചു.


ഹൈഡ്രജന്‍ നിര്‍മാണത്തിന് വിപുലമായ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തിന് ഇത്തരം വാഹനങ്ങളാണ് അനുയോജ്യമെന്ന നിഗമനത്തിലാണ് ഗതാഗതവകുപ്പ്. ഹൈഡ്രജന്‍ വാഹനങ്ങളുടെ രൂപകല്പന സംബന്ധിച്ച പ്രാരംഭപഠനങ്ങള്‍ ഗതാഗതവകുപ്പിനു കീഴിലുള്ള ശ്രീചിത്രതിരുനാള്‍ കോളേജില്‍ പുരോഗമിക്കുന്നുണ്ട്. ടൊയോട്ടയുടെ ഹൈഡ്രജന്‍കാറായ മിറായ് പഠനത്തിനുവേണ്ടി എത്തിച്ചിരുന്നു.


ഹൈഡ്രജന്‍ വാഹനങ്ങള്‍ പരിസ്ഥിതിമലിനീകരണം ഉണ്ടാക്കാത്തവയാണ്. വൈദ്യുതിവാഹനങ്ങളെപ്പോലെ വലിയ ബാറ്ററിപാക്ക് ആവശ്യമില്ല. ചാര്‍ജിങ്ങിന് ഏറെ സമയം വേണ്ടതില്ല. 10 മിനിറ്റിനുള്ളില്‍ ടാങ്കില്‍ ഹൈഡ്രജന്‍ നിറയ്ക്കാനാകും. ടൊയോട്ടയുടെ മിറായ് ഒറ്റ ചാര്‍ജിങ്ങില്‍ 500 കിലോമീറ്ററിലധികം ഓടും. വര്‍ഷം പത്തുലക്ഷംടണ്‍ ഹൈഡ്രജന്‍ നിര്‍മിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കാനാകുമെന്ന് ഗതാഗതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad