Type Here to Get Search Results !

കാലവര്‍ഷം ആരംഭിച്ച്‌ രണ്ടാഴ്ച പിന്നിടുന്നു; സംസ്ഥാനത്തെ മഴയില്‍ 57 ശതമാനം കുറവ്



തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച്‌ രണ്ടാഴ്ച പിന്നിടുമ്ബോള്‍ സംസ്ഥാനത്തെ മഴ ലഭ്യതയില്‍ 57 ശതമാനം കുറവ് രേഖപ്പെടുത്തിയതായി റിപോര്‍ട്ടുകള്‍.ഇന്നലെ വരെ 251.8 മില്ലീമീറ്റര്‍ മഴയാണ് കാലവര്‍ഷത്തിന്റെ ഭാഗമായി കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍, ഇതുവരെ പെയ്തത് 108.6 മില്ലീമീറ്റര്‍ മാത്രമാണ്. എല്ലാ ജില്ലകളും മഴ കുറവാണ് പെയ്തത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കുപ്രകാരം പത്തനംതിട്ട ജില്ലയില്‍ മാത്രമാണ് ശരാശരി മഴ ലഭിച്ചിരിക്കുന്നത്. പാലക്കാട്, വയനാട്, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് മഴക്കുറവ് രൂക്ഷമായി തുടരുന്നത്.


പാലക്കാട് 79 ശതമാനവും വയനാട്ടില്‍ 76 ശതമാനവും ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ 70 ശതമാനവും മഴക്കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയത്. കാലവര്‍ഷത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച പത്തനംതിട്ട ജില്ലയില്‍ 27 ശതമാനമാണ് മഴക്കുറവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജില്ലകളിലെ മഴക്കുറവ് ശതമാനത്തില്‍ ഇങ്ങനെയാണ്. കാസര്‍കോട്- 85 ശതമാനം, വയനാട്- 84, പാലക്കാട് 83, കണ്ണൂര്‍- 78, ഇടുക്കി- 71, കോഴിക്കോട്- 53, ആലപ്പുഴ- 42, എറണാകുളം- 46, കൊല്ലം- 45, കോട്ടയം- 40, മലപ്പുറം- 49, തിരുവനന്തപുരം- 36, തൃശൂര്‍- 45 ശതമാനം. ഇക്കുറി കാലവര്‍ഷത്തിന്റെ ആദ്യപാദങ്ങളില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.


മഴ കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. 10.862 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ മൊത്തം സംഭരണശേഷിയുടെ 30 ശതമാനം വെള്ളമാണ് എല്ലാ അണക്കെട്ടുകളിലുമായി നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 36.5 ശതമാനം വെള്ളമുണ്ടായിരുന്നു. 1256.367 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് ഇനി അവശേഷിക്കുന്നത്.


സംസ്ഥാനത്തിന്റെ സംഭരണശേഷിയുടെ പകുതിയിലധികം ഉള്‍ക്കൊള്ളുന്ന ഇടുക്കി അണക്കെട്ടില്‍ മെയ് അവസാന വാരം ജലനിരപ്പ് 40 ശതമാനത്തിലെത്തിയിരുന്നു. നീരൊഴുക്ക് കുറഞ്ഞതോടെ 36 ശതമാനത്തിലേക്ക് താഴ്ന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ആഗസ്ത് മഴയില്‍ മുങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആഗസ്ത് മാസത്തില്‍ പെയ്യുന്ന കനത്ത മഴ കേരളത്തില്‍ വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിക്കുന്നത്. 2018 ആഗസ്തിലാണ് കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയമുണ്ടായത്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad