Type Here to Get Search Results !

ചോദിക്കുക 'വെറും' 3000, ഓഫര്‍ 'നല്ല' ജോലി; ബെംഗളൂരുവില്‍ തൊഴില്‍ തേടുന്നവരെ കാത്ത് ചതിക്കുഴികള്‍



ബെംഗളൂരു: സ്ഥിരവരുമാനമുള്ള ജോലി. പഠനം കഴിഞ്ഞ് നിൽക്കുന്ന ആരുടെയും സ്വപ്നമാണത്. കോവിഡിനുശേഷം നാട്ടിൽ കാര്യമായ ജോലികളൊന്നും ലഭിക്കാതായപ്പോൾ ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് നാട്ടിലെ യുവത്വം ജോലിതേടുന്നത്. കൊല്ലം സ്വദേശിയായ വിഷ്ണുവും ഇതേപാതയിലാണ് നീങ്ങിയത്. നേരിട്ടുള്ള ജോലി അന്വേഷണത്തിന് പിന്നാലെ ഓൺലൈനിലേക്കും നീണ്ടു, ജോലി അന്വേഷണം.


ഇതിനിടെയാണ് പ്രമുഖ സൈറ്റിൽ ഒരു പരസ്യം കണ്ടത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ കമ്പനികളിലും മറ്റ് സ്ഥാപനങ്ങളിലും പാക്കിങ് ഉൾപ്പെടെയുള്ള ജോലികൾക്ക് ആളെ ആവശ്യമുണ്ട്. ഇതിനൊപ്പം കണ്ട ഫോൺ നമ്പറിൽ വിളിച്ചുനോക്കി. ഫോണെടുത്തത് തിരുവനന്തപുരം സ്വദേശി.


ബെംഗളൂരുവിൽ ഒട്ടേറെ ജോലികളുണ്ട്. മാസം 18,000 രൂപ ശമ്പളം. ഓവർ ടൈം ജോലി ചെയ്യാൻ തയ്യാറാണെങ്കിൽ 24,000 വരെ ലഭിക്കും.


ഒട്ടും താമസിച്ചില്ല. വീട്ടിലെ കഷ്ടപ്പാടിന് ഇതോടെ അറുതിവരുമെന്നു കരുതി തിരുവനന്തപുരത്തുകാരൻ നൽകിയ വിലാസവുമായി നേരെ ബെംഗളൂരുവിലേക്ക്. പറഞ്ഞ സമയത്തിന് അരമണിക്കൂർ മുമ്പേ ബെംഗളൂരു മലഗാലയിലെ ഓഫീസിലെത്തി. മാന്യരായ ജീവനക്കാർ. നല്ല പെരുമാറ്റം. 10-ലേറെ പേരാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്നെത്തിയത്. ജോലി ലഭിക്കുന്നതിന് മുമ്പ് 3000 രൂപ കമ്പനിയിൽ രജിസ്ട്രേഷൻ ഫീസായി അടയ്ക്കണം. കൈയിലുള്ള തുക പെറുക്കിക്കൂട്ടി 3000 കൊടുത്തു. ജോലിയാണല്ലോ പ്രധാനം.


പണം കിട്ടിയയുടനെ ജോലിതേടിവന്നവർക്കെല്ലാം ഓഫീസിൽനിന്ന് ഓരോ ഫോൺ നമ്പർ നൽകി. വിഷ്ണുവിനും കിട്ടി ഫോൺ നമ്പർ. മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ പോയി ഈ നമ്പറിൽ വിളിച്ചാൽ മതിയെന്നായിരുന്നു നിർദേശം. എങ്ങനെ പോകണമെന്നു വിശദമായി ഓഫീസിൽനിന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. മെട്രോയും ബസും കയറി ഒരുവിധം മെജസ്റ്റിക്കിലെത്തി. ഓഫീസിൽനിന്ന് തന്ന നമ്പറിൽ വിളിച്ചു. ഉത്തരം കേട്ടാണ് ഞെട്ടിയത്. 'റോങ് നമ്പർ' ഇതോടെ പാതിജീവൻ പോയി. തിരുവനന്തപുരത്തുകാരനെയും രാവിലെ പോയ ഓഫീസിലേക്കും പലവട്ടം വിളിച്ചു. കൃത്യമായ മറുപടിയില്ല. പിന്നീട് തിരുവനന്തപുരം സ്വദേശിയും മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. ഏറെ നേരത്തേ അലച്ചിലിനുശേഷം ഓഫീസിലേക്കുതന്നെ തിരിച്ചെത്തി. കാര്യമന്വേഷിച്ചപ്പോൾ കൈമലർത്തലായിരുന്നു ഫലം. മെജസ്റ്റിക്കിലേക്കായിരുന്നു വിഷ്ണുവിനെ വിട്ടതെങ്കിൽ ഹൊസൂർവരെ പോയി തിരിച്ചുവന്നവരും ഇക്കൂട്ടത്തിലുണ്ട്.


നഗരത്തിൽ വർധിച്ചുവരുന്ന ജോലി തട്ടിപ്പിന്റെ അനുഭവങ്ങളിലൊന്നുമാത്രമാണിത്. കോവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് നിരവധി തട്ടിപ്പുസംഘങ്ങളാണ് നഗരത്തിൽ സജീവമായിരിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ളവരും ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ഭാഗമാണെന്നതാണ് യാഥാർഥ്യം. സാധാരണഗതിയിൽ താരതമ്യേന കുറഞ്ഞ തുകയാണ് നഷ്ടപ്പെടുന്നതെന്നതിനാൽ തട്ടിപ്പിനിരയാകുന്നവർ പരാതി നൽകാറുമില്ല. പരാതി നൽകിയാൽ പോലീസിൽനിന്ന് അനുകൂലമായ സമീപനവുമില്ല.


വിഷ്ണു ഉൾപ്പെടെയുള്ളവർ തട്ടിപ്പിനിരയായ സംഭവത്തിൽ ദിവസങ്ങൾ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ പണം തിരികെ ലഭിച്ചുവെന്നത് മറ്റൊരു വസ്തുത. തട്ടിപ്പിനിരയായവരിലൊരാൾക്ക് മലയാളി സംഘടനയായ എം.എം.എ.യിലെ ഒരംഗത്തെ പരിചയമുള്ളതാണ് ഇവർക്ക് നേട്ടമായത്. എം.എം.എ. ഇടപെടലോടെയാണ് ജോലി വാഗ്ദാനം ചെയ്ത ഏജൻസി പണം തിരികെ നൽകിയത്.


ദിവസങ്ങളോളം ഇവർക്ക് ബെംഗളൂരുവിൽ തങ്ങേണ്ടിവന്നുവെന്നത് മറ്റൊരു കാര്യം. പലർക്കും ഇതിനുള്ള സൗകര്യമോ പരിചയമോ ഇല്ലാത്തതിനാൽ നഷ്ടപ്പെട്ട പണം എന്നന്നേക്കുമായി മറന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്നതാണ് പതിവ്.


കുറഞ്ഞ തുകയാണ് 'ധൈര്യം'


നഷ്ടപ്പെടുന്നത് താരതമ്യേന കുറഞ്ഞ തുകയാണെങ്കിൽ ആരും പരാതി നൽകില്ലെന്നതാണ് തട്ടിപ്പുകാരുടെ ധൈര്യം. നാട്ടിൽനിന്ന് ബെംഗളൂരുവരെയെത്തിയശേഷം കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യമായാൽ എത്രയും വേഗം തിരിച്ച് നാട്ടിലെത്താനായിരിക്കും ശ്രമം.


പണം തിരിച്ചുകിട്ടാൻ ബെംഗളൂരുവിൽത്തന്നെ കഴിയണമെങ്കിൽ ചുരുങ്ങിയത് ഒരു ദിവസം 1500 രൂപയെങ്കിലും ചെലവുവരും. ഇതിലും ഭേദം പോയ പണം പോകട്ടെയെന്നുകരുതി നാട്ടിലേക്ക് തിരിച്ചുപോകുന്നതാണെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.


പലർക്കും ഭാഷയും ഒരു പ്രശ്നമാണ്. ജോലി വാഗ്ദാനം ചെയ്യുന്ന ഓഫീസുകളിലെ ജീവനക്കാരായി നിയമിച്ചിരിക്കുന്നത് കന്നഡക്കാരെയായിരിക്കും. ഇംഗ്ലീഷോ ഹിന്ദിയോ ഇവർക്കറിയാത്തത് പറഞ്ഞുനിൽക്കാനുള്ള സാധ്യതപോലും ഇല്ലാതാക്കും. ഓഫീസുകളിൽ കന്നഡമാത്രം സംസാരിക്കുന്നവരെ നിയമിക്കുന്നത് തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രം.


എല്ലാ തട്ടിപ്പുകാരെയും പോലെ ജോലി വാഗ്ദാനം ചെയ്യുന്ന ഏജൻസികളും അവകാശപ്പെടുന്ന ഒന്നുണ്ട്- 'ഞങ്ങൾ നടത്തുന്നത് തട്ടിപ്പല്ല. ജോലിയെല്ലാം ഉള്ളതുതന്നെ... ചില സാങ്കേതിക പ്രശ്നങ്ങളുള്ളതുകൊണ്ടാണ് കൃത്യസമയത്ത് ഉദ്യോഗാർഥികളുമായി ബന്ധപ്പെടാൻ കഴിയാത്തത്. ചോദ്യംചെയ്യുമെന്നും മലയാളി സംഘടനകളുമായി ബന്ധമുണ്ടെന്നും തോന്നിയാൽ തുക തിരിച്ചുനൽകി പ്രശ്നം ഒത്തുതീർപ്പാക്കാനും ഇവർ തയ്യാറാകും. ഒറ്റയ്ക്ക് വരുന്നവരും തുക തിരിച്ചുചോദിക്കാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങുന്നവരുമാണ് ഇവരുടെ 'ലാഭം.'


പണം കിട്ടിക്കഴിഞ്ഞാൽ പരാതി നൽകാനോ കേസുമായി മുന്നോട്ടുപോകാനോ തട്ടിപ്പിനിരയാകുന്നവർ തയ്യാറാകാത്തതാണ് ഇത്തരം സംഘങ്ങൾ തഴച്ചുവളരുന്നതിന്റെ ഒരു കാരണമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ പറയുന്നു. കഴിഞ്ഞദിവസം ജോലി തട്ടിപ്പിൽ പെട്ടതിനെത്തുടർന്ന് രാജാജിനഗറിൽ എത്തിപ്പെട്ട മലയാളി യുവാക്കൾക്കുവേണ്ടി ബെംഗളൂരു കേരള സമാജം ഇടപെട്ടിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad