Type Here to Get Search Results !

സായാഹ്ന വാർത്തകൾ



◼️മുന്‍ മന്ത്രി കെ.ടി ജലീലിനു ബിനാമി ബിസിനസുണ്ടെന്നും നിയമസഭാ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സുഹൃത്തിന്റെ മിഡില്‍ ഈസ്റ്റിലുള്ള കോളജിന് ഷാര്‍ജയില്‍ ഭൂമി ലഭിക്കാന്‍ ഇടപെട്ടെന്നും സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം. ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ ഷാര്‍ജയില്‍ ഭരണാധികാരിയെ കണ്ടു. ഒരു ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കി. സരിത്തിനെയാണ് പണമടങ്ങിയ ബാഗ് ഏല്‍പ്പിച്ചത്. പണം കോണ്‍സലിനു നല്‍കിയശേഷം സരിത്ത് കൈവശപ്പെടുത്തിയ ബാഗ് കസ്റ്റംസ് പിടിച്ചെടുത്തെന്നും സ്വപ്ന വെളിപെടുത്തി. മുംബൈ ആസ്ഥാനമാക്കിയുള്ള ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവന്‍ വാര്യര്‍ മുന്‍മന്ത്രി കെ.ടി. ജലീലിന്റെ ബിനാമിയെന്ന് സ്വപ്ന ആരോപിച്ചു. ഷാര്‍ജ ഭരണാധികാരിക്കു ഡി ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്.


◼️ഷാര്‍ജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാന്‍ മാത്രം താന്‍ വളര്‍ന്നോയെന്നു മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പി.ശ്രീരാമകൃഷ്ണന്‍. കോണ്‍സല്‍ ജനറലിനു കോഴ നല്‍കിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തെയാണ് ഷാര്‍ജ ഷെയ്ക്കിനു കൈക്കൂലി നല്‍കാന്‍ വളര്‍ന്നോയെന്ന ചോദ്യവുമായി ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചത്. ആരോപണങ്ങളെല്ലാം തീര്‍ത്തും അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രി ജലീല്‍ പരിഹാസത്തോടെയാണു പ്രതികരിച്ചത്. 'തിരുനാവായക്കാരന്‍ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിന്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ!' എന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


◼️സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാനാവില്ലെന്ന് കോടതി. മൊഴി പകര്‍പ്പ് അന്വേഷണ ഏജന്‍സിക്ക് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജന്‍സിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം ജില്ലാ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈംബ്രാഞ്ചിനു നല്‍കരുതെന്ന് സ്വപ്നയുടെ അഭിഭാഷകനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.


◼️സംസ്ഥാന പൊലീസില്‍ അവിശ്വാസം പ്രകടിപ്പിച്ചും കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടും സ്വപ്ന സുരേഷ് നല്‍കിയ അപേക്ഷ എറണാകുളം ജില്ലാ കോടതിയുടെ പരിഗണനയില്‍. കോടതിയില്‍ മൊഴി നല്‍കിയതിനു പിറകേ, മുഖ്യമന്ത്രിയില്‍നിന്നും പോലീസില്‍നിന്നും ഉള്‍പ്പടെ ഭീഷണി ഉണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെട്ട് കേന്ദ്ര സുരക്ഷ ഒരുക്കണമെന്നുമാണ് സ്വപ്നയുടെ ആവശ്യം. എന്‍ഫോഴ്സ്മെന്റിനുപോലും കേരളത്തില്‍ സുരക്ഷയില്ലെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.


◼️അമേരിക്കയില്‍ പലിശ നിരക്ക് ഉയര്‍ത്തി. 0.75 ശതമാനമാണു പലിശ വര്‍ധിപ്പിച്ചത്. പലിശ വര്‍ധന ലോകമെങ്ങും പ്രത്യാഘാതങ്ങളുണ്ടാക്കും. രൂപയുടെ മൂല്യം കുറയും. ഇന്ത്യയില്‍ ഇനിയും പലിശ നിരക്കു വര്‍ധിപ്പിക്കേണ്ടിവരും.


◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജരുടെ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെറ്റായ റിപ്പോര്‍ട്ടാണെന്ന വാദവുമായി ഇന്‍ഡിഗോ സൗത്ത് ഇന്ത്യന്‍ മേധാവിയോട് പ്രതിപക്ഷ നേതാവ് പരാതിപ്പെട്ടു. കണ്ണൂര്‍ സ്വദേശിയായ മാനേജര്‍ ബിജിത് സമ്മര്‍ദത്തിനു വഴങ്ങിയാണ് റിപ്പോര്‍ട്ടു നല്‍കിയത്. മുഖ്യമന്ത്രി വിമാനത്തില്‍നിന്ന് ഇറങ്ങിപ്പോയശേഷമാണ് മുദ്രാവാക്യം വിളിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ വിമാനത്തില്‍ ആക്രമണം നടത്തിയതിനെക്കുറിച്ചു പരാമര്‍ശിക്കാതെയുള്ള റിപ്പോര്‍ട്ട് വ്യാജമാണെന്നാണ് പരാതി.


◼️കോഴിക്കോട് തിക്കോടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വീട്ടില്‍ കയറി കൊത്തിക്കീറുമെന്നും ഭീഷണി മുദ്രാവാക്യം മുഴക്കിയിരുന്നു.


◼️സുപ്രീംകോടതിയുടെ ബഫര്‍ സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഇന്ന് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറം ജില്ലയുടെ മലയോര - വനാതിര്‍ത്തി മേഖലയിലും യുഡിഎഫ് ഹര്‍ത്താല്‍. വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.


◼️ഭൂമി തരം മാറ്റുന്നതിന് ഇടനിലക്കാര്‍ പണം കൈക്കലാക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. അപേക്ഷാ ഫീസ് അടച്ച് സ്വന്തം മൊബൈല്‍ ഫോണിലൂടേയോ കംപ്യൂട്ടറിലൂടേയോ അപേക്ഷിച്ചാല്‍ ലഭിക്കാവുന്ന സേവനമാണ് ഇടനിലക്കാരുടെ ചൂഷണമായി മാറുന്നതെന്നു മന്ത്രി പറഞ്ഞു. റവന്യൂ സംബന്ധമായ വിഷയങ്ങളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വേണ്ടത്ര അറിവില്ലാത്തവരെയാണ് ഇടനിലക്കാര്‍ മുതലെടുക്കുന്നത്. വയനാട്ടില്‍ ജില്ലാതല പട്ടയമേളയും വിവിധ റവന്യൂ ഓഫീസുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


◼️പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകള്‍ ടോള്‍ നല്‍കി സര്‍വീസ് നടത്തി. ഓരോ ട്രിപ്പിനും ഫാസ്റ്റ് ടാഗ് മുഖേനെ ടോള്‍ നല്‍കിയാണ് സര്‍വീസ് നടത്തുന്നത്. ഒരു ബസിനു മാസം 180 ട്രിപ്പുണ്ട്. ടോള്‍ ഇനത്തില്‍ 36,000 രൂപ നല്‍കണം. ഇതു വന്‍ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയും ഇളവു തേടിയും ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ച് കോടതി വിഷയം പരിഗണിക്കും.


◼️നൂറു കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും താല്‍ക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തി. 25 കൊല്ലമായി പ്രസിഡന്റായി തുടരുന്ന സിപിഎം നേതാവ് ഭാസുരാംഗന്റെ അടുത്ത മൂന്നു ബന്ധുക്കളെയും ജീവനക്കാരാക്കി. 15 വര്‍ഷത്തിനിടെ 22 കോടി രൂപ ജീവനക്കാര്‍ക്ക് അനര്‍ഹമായി ശമ്പളവും ആനുകൂല്യവും കൊടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്.


◼️സ്വര്‍ണകടത്ത് കേസില്‍ സംഘപരിവാറും കേരളത്തിലെ സിപിഎമ്മും ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലാവലിന്‍ കേസ് 30 തവണ സുപ്രീംകോടതി മാറ്റിവച്ചു. പിണറായിയെ രക്ഷിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.


◼️എറണാകുളത്ത് പ്രഭാത സവാരിക്കായി ഹൈക്കോടതി ഗോശ്രീ റോഡ് അടച്ചിട്ട അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സിറ്റി പൊലീസ് കമ്മീഷണറാണു വിശദീകരണം തേടിയത്. റോഡ് അടച്ചിട്ടതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടായി. അടച്ചിട്ട റോഡിലൂടെ അസിസ്റ്റന്റ് കമ്മീഷണര്‍ സുഹൃത്തിനൊപ്പം നടക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.


◼️കണ്ണൂരിലും കോഴിക്കോട്ടും സിപിഎം ഓഫീസുകള്‍ക്കുനേരെ ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയെതന്നു സിപിഎം ആരോപിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കണ്ണൂരിലും കോഴിക്കോട്ടും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇതേസമയം, കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞദിവസം കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു.


◼️നെടുമങ്ങാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം ഏരിയാ സെക്രട്ടറി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സിഐ സന്തോഷിനും എസ്ഐ വിക്രമാദിത്യനുമെതിരെ ഭീഷണി മുഴക്കി പ്രസംഗിച്ചത്.


◼️കോടികള്‍ ചെലവഴിച്ച് നടത്തുന്ന ലോക കേരളസഭ സമ്മേളനംകൊണ്ട് എന്തു നേട്ടമെന്ന ചോദ്യത്തിനു മറുപടി നല്‍കാനാകാതെ സ്പീക്കര്‍ എം.ബി. രാജേഷും നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനും. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മൂന്നു കോടി രൂപ ചെലവിട്ടാണ് പ്രമാണിമാര്‍ക്കു മാത്രമായി ലോക കേരളസഭ സമ്മേളനവും വിരുന്നും നടത്തുന്നത്.


◼️തിരുവനന്തപുരം നഗരത്തിലാരംഭിച്ച കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഇലക്ട്രിക് ബസുകള്‍ എത്തുന്നു. ആദ്യ ബാച്ചില്‍ അഞ്ചു ബസുകളാണ് ഹരിയാനയിലെ ഫാക്ടറിയില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. മൂന്നു ദിവസം കൊണ്ട് ഇവ തിരുവനന്തപുരത്ത് എത്തും.


◼️എഐസിസി ആസ്ഥാനത്ത് അതിക്രമിച്ചു കയറി നേതാക്കളേയും എംപിമാരേയും കസ്റ്റഡിയിലെടുത്ത ഡല്‍ഹി പോലീസിനെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലാണ് സ്പീക്കറെ കണ്ടത്. പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സ്പീക്കറെ കൊടിക്കുന്നില്‍ സുരേഷ് കാണിച്ചു.


◼️ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ വന്‍വളര്‍ച്ച. കയറ്റുമതി മെയ് മാസത്തില്‍ 20.55 ശതമാനം ഉയര്‍ന്ന് 3894 കോടി ഡോളറായി. വ്യാപാര കമ്മി 2429 കോടി ഡോളറായി ഉയര്‍ന്നു. ഇറക്കുമതി 6322 കോടി ഡോളറാണ്. 62.83 ശതമാനം ഇറക്കുമതി വര്‍ധിച്ചതാണ് വ്യാപാരക്കമ്മി വര്‍ധിക്കാന്‍ കാരണം. 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാരക്കമ്മി 653 കോടി ഡോളറായിരുന്നു.


◼️നബിവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നതു സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ നിയമപരമായല്ലാതെ ഒരു പൊളിക്കല്‍ നടപടിയും പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. മൂന്നു ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് യുപി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കും.


◼️പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് റാഞ്ചിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ ഫോട്ടോ പതിച്ച നോട്ടീസ് പുറത്തിറക്കിയ സംഭവം നിയമവിരുദ്ധമെന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി. നോട്ടീസ് പുറത്തിറക്കിയ സംഭവത്തില്‍ പോലീസ് സൂപ്രണ്ടില്‍നിന്ന് വിശദീകരണം തേടി. വ്യക്തിവിവരങ്ങള്‍ പുറത്തുവിടരുതെന്ന് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.


◼️രാജ്യത്തെ വിമാന യാത്രാ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നു. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ ഏവിയേഷന്‍ ഫ്യുവലിന്റെ നിരക്കുകള്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയതോടെയാണ് യാത്ര നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന അഭ്യൂഹം സജീവമായത്.


◼️ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ട്വന്റി 20 നാളെ രാജ്‌കോട്ടില്‍ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നിലാണ്. നാളെ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സ്വന്തമാക്കാം. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്.


◼️ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ചരക്ക് കയറ്റുമതി മെയ് മാസത്തില്‍ 20.55 ശതമാനം ഉയര്‍ന്ന് 38.94 ബില്യണ്‍ ഡോളറായി. അതേസമയം റെക്കോര്‍ഡ് വര്‍ധനവോടെ വ്യാപാര കമ്മി 24.29 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതി 63.22 ബില്യണ്‍ ഡോളറായി. 62.83 ശതമാനം ഇറക്കുമതി വര്‍ധിച്ചതായാണ് കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാരക്കമ്മി 6.53 ബില്യണ്‍ ഡോളറായിരുന്നു. 2023 സാമ്പത്തിക വര്ഷം എത്തിയപ്പോള്‍ സഞ്ചിത കയറ്റുമതി ഏകദേശം 25 ശതമാനം ഉയര്‍ന്ന് 78.72 ബില്യണ്‍ ഡോളറായി. ആദ്യത്തെ രണ്ട മാസങ്ങളിലാണ് ഈ വളര്‍ച്ച ഉണ്ടായത്. ഈ മാസങ്ങളിലെ ഇറക്കുമതി 45.42 ശതമാനം വര്‍ധിച്ച് 123.41 ബില്യണ്‍ ഡോളറായി. വ്യാപാര കമ്മി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 21.82 ബില്യണ്‍ ഡോളറില്‍ നിന്ന് 44.69 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്.


◼️സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്. രണ്ട് ദിവസത്തിനിടെ 960 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇന്നലെ ഗ്രാമിന് 25 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4755 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 18 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 3930 രൂപയായി.


◼️മമ്മൂട്ടി വീണ്ടും പൊലീസ് വേഷം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നതെന്നാണ് സൂചന. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജൂലൈ രണ്ടാം വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാവും ഈ ചിത്രമൊരുക്കുകയെന്നും, യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാവും ഈ ചിത്രമൊരുക്കുകയെന്നും നേരത്തെ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ മഞ്ജു വാരിയറും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


◼️കമല്‍ ഹാസന്‍ കേന്ദ്രകഥാപാത്രമായെത്തിയ വിക്രം സിനിമയില്‍ അതിഥി വേഷത്തിലെത്തി ഞെട്ടിച്ച സൂര്യ മറ്റൊരു ചിത്രത്തിലും അതിഥിയായി എത്തുന്നു. സൂരരൈ പോട്ര് ഹിന്ദി റീമേക്കിലാണ് സൂര്യ അതിഥി വേഷത്തിലെത്തുന്നത്. സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആണ് നായകന്‍. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധന്‍ എത്തുന്നു. സൂര്യയുടെ നിര്‍മാണക്കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും വിക്രം മല്‍ഹോത്ര എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എയര്‍ ഡെക്കാണ്‍ ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.


◼️ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡെസ്-ബെന്‍സ് സൂപ്പര്‍ എക്സ്‌ക്ളുസീവ് മോഡലായ എ.എം.ജി ജി.ടി ബ്ളാക്ക് സീരീസിന്റെ ഇന്ത്യയിലെ ആദ്യ യൂണിറ്റ് വിറ്റഴിച്ചു. 5.5 കോടി രൂപയാണ് കാറിന് എക്‌സ്‌ഷോറൂം വില. ഉപഭോക്താവിന്റെ താത്പര്യാര്‍ത്ഥമുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുമ്പോള്‍ വില ഇതിലും ഉയരും. എ.എം.ജി ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ മോഡലാണ് എ.എം.ജി ജി.ടി ബ്ളാക്ക് സീരീസ്. 730 എച്ച്.പി കരുത്തുള്ളതാണ് 4-ലിറ്റര്‍, വി8 എന്‍ജിന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇ 2-ഡോര്‍ കൂപ്പേ മോഡലിന് വെറും 3.2 സെക്കന്‍ഡ് ധാരാളം. ഓര്‍ഡര്‍ ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ മോഡലിന്റെ വില്പന അടുത്തമാസം നടക്കും.

ℹ️📰📰📰📰📰📰📰📰📰ℹ️

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad