സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ സെമി ലൈനപ്പായി. ഏപ്രില്‍ 28 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് എ യിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ബിയലെ രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയെ നേരിടും. ഇന്നലെ ഗുജറാത്തിനെതിരായ നിർണായക മത്സരത്തിൽ ഏക പക്ഷീയമായ നാല് ഗോളുകൾക്ക് ജയിച്ചാണ് കർണാടക സെമിയിലെത്തിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്‍റെ സമ്പാദ്യം. മേഘാലയയാണ് കേരളത്തെ സമനിലയില്‍ കുരുക്കിയത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് രാജസ്ഥാനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ബംഗാളിനെയും അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെയും തോല്‍പ്പിച്ചാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളില്‍ നിന്നായി ഒരു ഹാട്രിക്ക് അടക്കം അഞ്ച് ഗോളാണ് ജിജോ ജോസഫ് നേടിയത്. നാല് മത്സരങ്ങളില്‍ നിന്ന് മേഘാലയക്കെതിരെ രണ്ടും പഞ്ചാബിനെതിരെ മൂന്നും ഗോളുകള്‍ ടീം വഴങ്ങിയത്. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്‍റ് സ്വന്തമാക്കിയ കര്‍ണാടക ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സെമിക്ക് യോഗ്യത നേടിയത്.
ഏപ്രില്‍ 29 ന് രാത്രി 8.00 മണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനും മൂന്നാം മത്സരത്തില്‍ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കും അവസാന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്തു. മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പ്ത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്. ആ്ദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ അട്ടിമറിച്ച ടീം രണ്ടാം മത്സരത്തില്‍ ഒഡീഷക്ക് മുന്നില്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിനെയും മേഘാലയയെയും പരാജയപ്പെടുത്തിയാണ് സെമി യോഗ്യത ഉറപ്പിച്ചത്.