Type Here to Get Search Results !

സായാഹ്‌ന വാർത്തകൾ
◼️താപവൈദ്യുതി നിലയങ്ങളിലേക്കു കല്‍ക്കരി അതിവേഗം എത്തിക്കാന്‍ റെയില്‍വേ കൂടുതല്‍ ചരക്കു ട്രെയിനുകള്‍ ഏര്‍പ്പെടുത്തി. ചരക്കു ട്രെയിനുകളുടെ സുഗമമായ നീക്കത്തിനായി 670 യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ മെയ് 24 വരെ റദ്ദാക്കും. പ്രതിദിനം 3500 ടണ്‍ കല്‍ക്കരി താപവൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.


◼️കോഴിക്കോട് നല്ലളം ഡീസല്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ തിരക്കിട്ട നീക്കം. കേന്ദ്ര പൂളില്‍നിന്നുള്ള വൈദ്യുതി വിഹിതം കുറച്ചതിനാല്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ പവര്‍കട്ട് ഒഴിവാക്കാന്‍ ആന്ധ്രയിലെ കമ്പനിയില്‍നിന്നു വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടാക്കാനുള്ള ചര്‍ച്ചയും പുരോഗമിക്കുന്നു. ഇന്നും വൈകുന്നേരം ആറരക്കും പതിനൊന്നരക്കും ഇടയില്‍ 15 മിനുട്ട് വൈദ്യുതി നിയന്ത്രണമുണ്ടാകും. നാളെ മുതല്‍ പവര്‍കട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ്.


◼️രാജ്യത്തു കല്‍ക്കരി പ്രതിസന്ധിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആവശ്യമായ സ്റ്റോക്ക് കല്‍ക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി 220 ലക്ഷം ടണ്‍ കല്‍ക്കരിയുണ്ട്. തീരുന്ന മുറയ്ക്ക് സ്റ്റോക്ക് തുടര്‍ച്ചയായി നിറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. കല്‍ക്കരി വിതരണ സ്ഥാപനമായ കോള്‍ ഇന്ത്യയ്ക്കു സംസ്ഥാനങ്ങള്‍ കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കല്‍ക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.


◼️കൊവിഡിനെത്തുടര്‍ന്ന് പരോള്‍ ലഭിച്ച ജയില്‍പുള്ളികള്‍ രണ്ടാഴ്ച്ചയ്ക്കകം തിരികെ ജയിലിലെത്തണമെന്ന് സുപ്രീംകോടതി. കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് എല്ലാ പ്രതികളും ജയിലിലേക്കു തിരിച്ചെത്തണമെന്ന് ഉത്തരവിട്ടത്. പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.


◼️നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് എറണാകുളം ഗാന്ധി സ്‌ക്വയറില്‍ നടന്‍ രവീന്ദ്രന്റെ സത്യഗ്രഹസമര വേദിയില്‍ പി.ടി തോമസിന്റെ ഭാര്യ ഉമ തോമസും. പി.ടി തോമസ് ഉണ്ടായിരുന്നെങ്കില്‍ നടിക്കൊപ്പം ഉറച്ചുനില്‍ക്കുമായിരുന്നു. പൊലീസ് തലപ്പത്തെ മാറ്റം പ്രതികളെ രക്ഷിക്കാനുള്ള കുതന്ത്രമെന്നും ഉമ തോമസ് ആരോപിച്ചു.


◼️തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി പി.ടി. തോമസിന്റെ ഭാര്യ ഉമ. സ്ഥാനാര്‍ത്ഥിയാകുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ഉമ തോമസ് പറഞ്ഞു. കൊച്ചിയില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃസംഗമം നടക്കുന്നതിനിടെയാണ് ഉമ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.


◼️തൃക്കാക്കര തെരഞ്ഞെടുപ്പില്‍ താന്‍ വികസനത്തിനൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ്. അതില്‍ രാഷ്ട്രീയമില്ലെന്നു പറഞ്ഞതോടെ തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ശക്തമായി. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ തന്നെ നോമിനേറ്റഡ് സ്ഥാനങ്ങളായ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും കെപിസിസി നിര്‍വാഹക സമിതിയില്‍നിന്നുമാണ് മാറ്റിയത്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ എഐസിസി, കെപിസിസി അംഗത്വങ്ങളില്‍നിന്ന് മാറ്റിയിട്ടില്ലെന്നു തോമസ് പറഞ്ഞു.


◼️നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ വിവരങ്ങള്‍ ചോരരുതെന്ന് പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ നിര്‍ദ്ദേശം. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ് അന്വേഷണ സംഘത്തിന് ഈ നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണ വിവരം ചോരുന്നതില്‍ കോടതി അതൃപ്തി പ്രകടമാക്കിയിരുന്നു.


◼️നടിയെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നിര്‍മ്മാതാവും നടനുമായ വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. പീഡനപരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗാണു ലക്ഷ്യമെന്നു സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു. ഇതേസമയം, വിജയ് ബാബു മാസങ്ങള്‍ക്കു മുമ്പ് നടിയുമായി വിവിധ ഹോട്ടലുകളില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചെന്നു പോലീസ് പറഞ്ഞു.


◼️നാദാപുരം കല്ലാച്ചി ടൗണില്‍ സംസ്ഥാന പാതയില്‍ സ്ഫോടനം. മാരാംവീട്ടില്‍ പറമ്പിനു സമീപത്തെ റോഡിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.


◼️പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുവിനെക്കുറിച്ചു നടത്തിയ പ്രസംഗം ഗുരുനിന്ദയാണെന്ന് സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. ഗുരുവിനെ പ്രധാനമന്ത്രി ആദരിക്കുന്നത് നന്നാണ്. എന്നാല്‍ ഗുരുവിന്റെ ദര്‍ശനത്തെ സംഘപരിവാറിന്റെ കാവിവര്‍ണ ആശയങ്ങള്‍ ഒളിച്ചുകടത്താനുള്ള അവസരമാക്കുന്നത് അനുചിതമാണ്. മോദി ഗുരുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭാരതീയ സംസ്‌കാരം ഹിന്ദുത്വ അജണ്ടയുടേതാണെന്നും കോടിയേരി കുറ്റപ്പെടുത്തി.


◼️തിരുവനന്തപുരം പാളയത്തെ എംഎം ചര്‍ച്ചിനെ കത്തീഡ്രലായി പ്രഖ്യാപിക്കുകയും പുതിയ ഭരണസമിതിയെ നിയമിക്കുകയും ചെയ്ത ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെതിരെ പ്രതിഷേധം. ബിഷപ്പിനെ കൂകി വിളിച്ചും റോഡ് ഉപരോധിച്ചും പ്രതിഷേധിക്കുകയാണ് ഒരു വിഭാഗം വിശ്വാസികള്‍. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തി.


◼️പാലക്കാട് ജില്ലയില്‍ കണ്ടക്ടര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്ന ബസിന് ആര്‍ടിഒ സ്റ്റോപ്പ് മെമോ നല്‍കി. നിയമമനുസരിച്ച് കണ്ടക്ടര്‍ ഇല്ലാതെ ബസ് സര്‍വീസ് നടത്താന്‍ പാടില്ലെന്ന് ആര്‍ടി ഒ. ഇതേത്തുടര്‍ന്ന് ബസുടമ കണ്ടക്ടറെ നിയമിച്ച് ഉടമ സര്‍വീസ് തുടരുകയാണ്.


◼️ദുബായിലെ ഫ്ളാറ്റില്‍ മരിച്ച മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ കേസ്. സംശയരോഗമുള്ള മെഹനാസ് മര്‍ദിച്ചിരുന്നെന്നു റിഫയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.


◼️ഉത്തര സൂചികയില്‍ പിഴവു ചൂണ്ടിക്കാട്ടി ഇന്നും പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്‌കരിച്ചു. മൂല്യനിര്‍ണയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ് തള്ളിയാണ് സംസ്ഥാനത്തുടനീളം അധ്യാപകരുടെ കടുത്ത പ്രതിഷേധം. ഉത്തരസൂചികയില്‍ അപാകത ഇല്ലെന്നും ചില അധ്യാപകര്‍ക്ക് തെറ്റിദ്ധാരണയാണെന്നാണ് മന്ത്രി വിശദീകരിച്ചത്.


◼️സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഇടുക്കിയില്‍ ഈ വര്‍ഷം തന്നെ ഭൂ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇതിനായി 1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി വരുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അയ്യായിരം പട്ടയങ്ങള്‍ നല്‍കാന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.


◼️പട്ടിക തയ്യാറാക്കി നടത്തിയ ആസൂത്രിത കൊലപാതകമാണ് പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റേതെന്ന് അന്വേഷണ സംഘം കോടതിയില്‍. കൊലപാതകത്തിനായി വലിയ ഗൂഡാലോചന നടത്തിയെന്നും നാലു പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ പൊലീസ് കോടതിയെ അറിയിച്ചു.


◼️സെക്രട്ടേറിയേറ്റിനു മുന്നില്‍ മൂന്നു യുവാക്കളുടെ ആത്മഹത്യാ ശ്രമം. പൊലീസ നോക്കിനില്‍ക്കേ, ഡീസല്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ സക്കീര്‍, സലിം, നൗഷാദ് എന്നിവരെ ഒടുവില്‍ പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് നിലമ്പൂരില്‍ യുവാവിനെ ആക്രമിച്ച് മൂന്നുലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികളാണ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് മനസിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെയും കന്‍ോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈബിന്‍ മുഹമ്മദ് എന്നയാളില്‍നിന്നും വധഭീഷണിയുണ്ടെന്നും കള്ളക്കേസില്‍ കുരുക്കുന്നെന്നും ആരോപിച്ചായിരുന്നു ആത്മഹത്യാ ഭീഷണി.


◼️കെ റെയില്‍ കല്ലിടലിനെതിരേ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടും ധര്‍മടത്തും സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ഉദ്യോഗസ്ഥരെ തടഞ്ഞു.


◼️ഹരിദാസന്‍ വധക്കേസില്‍ ഒരു പ്രതിക്കുകൂടി ജാമ്യം. മൂന്നാം പ്രതി സുനേഷ് എന്ന മണിക്കാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. മറ്റു 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.


◼️തൃക്കാക്കര സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ ഷാബിന്‍ ഡിവൈഎഫ്ഐ നേതാവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഷാബിന്റെ ഇടപാടുകളില്‍ പിതാവും മുസ്ലിം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനുമായ എ.എ ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്നും കെ സുധാകരന്‍ ന്യായീകരിച്ചു. മക്കള്‍ ചെയ്ത കുറ്റത്തിന് പിതാവ് ജയിലില്‍ പോകേണ്ടി വരികയാണെങ്കില്‍ ആര് ആദ്യം ജയിലില്‍ പോകണമെന്ന് വി.ഡി സതീശനും ചോദിച്ചു.


◼️യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് ഭരിച്ചിരുന്ന ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ വീണ്ടും ഭരണ പ്രതിസന്ധി. പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെച്ചു. മൂന്നാം തവണയാണ് ഭരണസമിതി രാജിവെക്കുന്നത്. ബി ജെ പി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.


◼️അക്ഷയതൃതീയ മേയ് മൂന്നിന്. ആഭരണം വാങ്ങുന്നവര്‍ക്ക് നല്ലദിനമായി കണക്കാക്കുന്ന അക്ഷയതൃതീയക്കായി കേരളത്തിലെ സ്വര്‍ണാഭരണ വിപണി ഒരുങ്ങി കഴിഞ്ഞു.


◼️ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ. അന്റാര്‍ട്ടിക്കയിലും തെക്കേ അമേരിക്കയുടെ തെക്കു പടിഞ്ഞാറന്‍ മേഖലകളിലും മാത്രമേ ഗ്രഹണം കാണാനാകൂ.


◼️വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് അഫ്സ്പ നിയമം പൂര്‍ണമായി പിന്‍വലിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആസാമിലെ ദിഫുവില്‍ നടന്ന സമാധാന റാലിയിലാണ് മോദിയുടെ പ്രഖ്യാപനം. എട്ടു വര്‍ഷമായി മേഖലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ കുറഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


◼️കക്കൂസ് വൃത്തിയാക്കുന്ന പാനീയം കുടിപ്പിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയയാളെ പോലീസ് തെരയുന്നു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ രാജ്പേട്ട് തണ്ടയിലാണ് സംഭവം നടന്നത്. ഭര്‍ത്താവ് തരുണ്‍ നാലു വര്‍ഷം മുമ്പു വിവാഹം ചെയ്ത കല്യാണിയെയാണ് കൊലപ്പെടുത്തിയത്.  


◼️ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.


◼️ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ നികുതിയ്ക്ക് ശേഷമുള്ള ലാഭം നാലാംപാദത്തില്‍ ഒരു ശതമാനം ഉയര്‍ന്ന് 158.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നികുതിയ്ക്കുശേഷമുള്ള ലാഭം 156.7 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മൂന്ന് ശതമാനം ഉയര്‍ന്ന് 323.5 കോടി രൂപയുമായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 315.3 കോടി രൂപയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21 ശതമാനം ഉയര്‍ന്ന് 1,293 കോടി രൂപയായി. നികുതിയ്ക്ക് ശേഷമുള്ള ലാഭം 28 ശതമാനം ഉയര്‍ന്ന് 672.8 കോടി രൂപയുമായി.


◼️സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. 440 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,840 രൂപയായി. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏപ്രില്‍ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഏപ്രില്‍ 18ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 39,880 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വര്‍ധിച്ചത്.


◼️കെജിഎഫിലെ അധീരയ്ക്ക് പിന്നാലെ വീണ്ടും വില്ലനാകാന്‍ സഞ്ജയ് ദത്ത്. വിജയ് നായകനാകുന്ന ചിത്രം 'ദളപതി66'ല്‍ താരത്തിന്റെ പ്രതിനായകനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്.വിജയ് സിനിമയില്‍ ശക്തമായ വില്ലന്‍ കഥാപാത്രം ആവശ്യമാണെന്നും വിവേക് ഒബ്രോയ് പ്രതിനായക വേഷം ചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചൈന്നെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ നടക്കുന്നത്. ചിത്രത്തില്‍ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്.


◼️സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ട്രെയ്ലര്‍ പുറത്ത്. സൗബിന്‍ ഷാഹീറിന്റെ വിവരണത്തിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ തുടങ്ങുന്നത്. വളരെ എനര്‍ജെറ്റിക് ആയ മഞ്ജു വാര്യരെയാണ് ടീസറിലുടനീളം കാണുന്നത്. ഒപ്പം കാളിദാസ് ജയറാം, നെടുമുടി വേണു എന്നിവരും ടീസറിലെത്തുന്നുണ്ട്. സയന്‍സ് ഫിക്ഷന്‍ കോമഡി സിനിമയായിരിക്കും ജാക്ക് ആന്‍ഡ് ജില്‍. മേയ് 20നായിരിക്കും ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം. പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.


◼️തങ്ങളുടെ വിഡ ഇവി സ്‌കൂട്ടറുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ ഹീറോ മോട്ടോര്‍കോര്‍പ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ലാറ്റിന്‍ അമേരിക്ക, നേപ്പാള്‍, ആഫ്രിക്ക, ബംഗ്ലാദേശ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കും വിഡ കയറ്റുമതി ചെയ്യും. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ നിര്‍മാണശാലയിലാണ് പുതിയ വിഡയുടെ നിര്‍മാണം. ഈ വര്‍ഷം ഈ മോഡല്‍ അനാച്ഛാദനം ചെയ്യാനും അടുത്ത വര്‍ഷം മുതല്‍ ഡെലിവറികള്‍ ആരംഭിക്കാനും കമ്പനി തീരുമാനിച്ചു.


◼️പുത്തന്‍ വിപണനലോകത്തിന്റെ ഭ്രാന്തമായ തിരക്കുകള്‍ക്കിടയില്‍ കൈവന്നുചേരുന്ന പ്രണയത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി, ആന്‍ഡലൂഷ്യന്‍ അരീനകളിലെ കാളപ്പോരുകാരന്‍ നേരിടുന്നതിനെക്കാള്‍ മാരകമായ ജീവന്‍മരണപ്പോരാട്ടത്തിലൂടെ കടന്നുപോകുന്നതിന്റെ തീവ്രത അനുഭവിപ്പിക്കുകയും ഒപ്പം മഹാസ്നേഹത്തിന്റെ സുന്ദരവ്യാഖ്യാനമായിത്തീരുകയും ചെയ്യുന്ന രചന. സജു മാവറയുടെ ആദ്യനോവല്‍. 'ഉബുണ്ടു സ്വപ്നങ്ങളുടെ നെയ്ത്തുകാര്‍'. മാതൃഭൂമി ബുക്സ്. വില 275 രൂപ.


◼️വേഗത്തിലുള്ള നടത്തം പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് യുകെയിലെ ലെയ്കെസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഒരു നിശ്ചിത വേഗത്തില്‍ കൂടുതല്‍ ജീവിതകാലം മുഴുവന്‍ നടന്നാല്‍ ഏകദേശം 16 വര്‍ഷത്തേക്കെങ്കിലും യുവത്വം സൂക്ഷിക്കാമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. ല്യൂകോസൈറ്റ് ടിലോമിയര്‍ ലെങ്ത് എന്ന, ശരീരത്തിലെ ബയോമാര്‍ക്കര്‍ ഉപയോഗിച്ചാണ് ഈ ഗവേഷണം നടത്തിയത്. ശരീരകോശങ്ങള്‍ പ്രായമാകുന്നതിന്റെ തോത് വിലയിരുത്താന്‍ ഈ ബയോമാര്‍ക്കറുകള്‍ സഹായിക്കുന്നു. നമ്മുടെ ക്രോമസോമിന്റെ അറ്റത്ത് കാണുന്ന ഡിഎന്‍എ ശ്രേണികളുടെ കൂട്ടമാണ് ടിലോമിയറുകള്‍. ക്രോമസോം അഴിഞ്ഞു പോകാതിരിക്കാന്‍ ഇവ സഹായിക്കുന്നു. ഓരോ തവണ ഒരു കോശം വിഭജിക്കപ്പെടുമ്പോഴും ഇവയുടെ നീളം കുറയുന്നു. ഇത്തരത്തില്‍ ടിലോമിയറുകളുടെ നീളം കുറഞ്ഞു കുറഞ്ഞ് ഒടുവില്‍ കോശങ്ങള്‍ക്ക് ഇനി വിഭജിക്കാന്‍ കഴിയാത്ത സ്ഥിതി വരും. തുടര്‍ന്നാണ് ആ കോശം നശിക്കുന്നത്. ഉറക്കമില്ലായ്മ, ജോലി സമ്മര്‍ദ്ദം, പ്രസവത്തെ തുടര്‍ന്നുള്ള സമ്മര്‍ദ്ദം എന്നിവയെല്ലാം പ്രായത്തിന് പുറമേ ടിലോമിയറുകളെ ചുരുക്കുന്ന ഘടകങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം വേഗത്തില്‍ നടക്കുന്നവരില്‍ ഇവ അത്ര വേഗം ചുരുങ്ങുന്നില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പാഡി ഡെംസി പറയുന്നു. വേഗത്തിലുള്ള നടത്തം നമ്മുടെ ആയുര്‍ദൈര്‍ഘ്യം 15-20 വര്‍ഷം വരെ വര്‍ധിപ്പിക്കുമെന്ന് നേരത്തേ നടന്ന ചില പഠനങ്ങളിലും കണ്ടെത്തിയിരുന്നു. ദിവസവും 10 മിനിറ്റ് നടന്നാല്‍ കൂടി ഈ പ്രയോജനം ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. കമ്യൂണിക്കേഷന്‍സ് ബയോളജി ജേണലിലാണ് പുതിയ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 76.51, പൗണ്ട് - 95.76, യൂറോ - 80.61, സ്വിസ് ഫ്രാങ്ക് - 78.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.71, ബഹറിന്‍ ദിനാര്‍ - 202.95, കുവൈത്ത് ദിനാര്‍ -249.49, ഒമാനി റിയാല്‍ - 198.72, സൗദി റിയാല്‍ - 20.40, യു.എ.ഇ ദിര്‍ഹം - 20.83, ഖത്തര്‍ റിയാല്‍ - 21.01, കനേഡിയന്‍ ഡോളര്‍ - 60.02.


🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad