തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) ഇന്ന് വീണ്ടും അമേരിക്കയിലെത്തും. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് യാത്രത്തിരിച്ചത്. 18 ദിവസത്തേക്കാണ് യാത്ര. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച പിണറായി വിജയന്‍ അമേരിക്കിയിലെത്തി ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാകും മടങ്ങുക. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കുമെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ജനുവരി മാസത്തില്‍ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയ്ക്കായാണ് പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലെത്തുന്നത്.
ഇക്കഴിഞ്ഞ ജനുവരി മാസം 11 മുതല്‍ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. ഇക്കുറി എത്ര ദിവസം ചികിത്സ ഉണ്ടാകുമെന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇനിയും വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും കൈമാറാതെയായിരുന്നു പിണറായി അമേരിക്കയില്‍ ഇതുവരെ ചികിത്സ തേടിയിട്ടുള്ളത്. നേരത്തെ 2018 ലും അദ്ദേഹം ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ജനുവരിയില്‍ തുടര്‍ ചികിത്സക്ക് വേണ്ടി പോയപ്പോളും ആര്‍ക്കും ചുമതല നല്‍കിയിരുന്നില്ല. ഇക്കുറിയും അങ്ങനെ തന്നെയാണ്. ആര്‍ക്കും ചുമതല നല്‍കാതെ മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ തീരുമാനിക്കും. ഭാര്യ കമലയടക്കമുള്ളവര്‍ അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം കഴിഞ്ഞ ജനുവരി മാസത്തില്‍ അമേരിക്കയിലെ മയോക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ പരിഹരിച്ചിരുന്നു. പുതുക്കിയ ഉത്തരവ് ഇറക്കിയാണ് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചത്. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച് ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പിശകുണ്ടായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ജനുവരി 11 മുതല്‍ 27 വരെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്. മാര്‍ച്ച് 30 ന് മുഖ്യമന്ത്രി നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ തിയതിയില്‍ പിശക് വന്നതോടെ ഉത്തരവ് റദ്ദാക്കി പുതിയത് ഇറക്കുകയായിരുന്നു. ചികിത്സാ ബില്ലിന്‍റെ തുകയനുവദിച്ച് ഇറക്കിയ ഉത്തരവില്‍ പിഴവ് വന്നത് തീയതി രേഖപ്പെടുത്തിയതിലെന്നായിരുന്നു വിശദീകരണം. ജനുവരി 11 മുതല്‍ 27 വരെയെന്ന യാത്രയുടെ തിയതി 26 വരെയെന്നാണ് ആദ്യ ഉത്തരവില്‍ രേഖപ്പെടുത്തിയത്. ഇത് തിരുത്തി പുതിയ ഉത്തരവ് തയ്യാറാക്കിയതായും പൊതുഭരണ വകുപ്പ് പറയുന്നു. 13 ന് ഇറക്കിയ ഉത്തരവ് പിഴവ് കാരണം 16 നാണ് റദ്ദാക്കിയത്.