ബ്യൂണസ് ഐറിസ്: ബാഴ്‌സലോണയിലേക്കും അല്‍ ഹിലാലിലേക്കുമല്ല അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയുമായി കരാറിലെത്തി. മുണ്‍ഡോ ഡിപോര്‍ട്ടിവോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഇന്റര്‍ മയാമിയിലേക്ക് പോകുന്ന കാര്യം മെസി സ്ഥിരീകരിച്ചു. മെസ്സിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചിരുന്നത്.
താരത്തിനായി രംഗത്തുണ്ടായിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയേയും സൗദി അറേബ്യ ക്ലബ്ബ് അല്‍ ഹിലാലിനെയും പിന്തള്ളിയാണ് ഇന്റര്‍ മയാമി മെസ്സിക്ക് പുതിയ ഓഫര്‍ നല്‍കിയിരിക്കുന്നത്. അര്‍ജന്റീനയിലെ പ്രശസ്ത ജേണലിസ്റ്റ് ഹെര്‍നാന്‍ കാസിലോയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുന്‍ ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ ക്ലബ്ബാണ് ഇന്റര്‍ മയാമി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച് ബെക്കാം, മെസ്സിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 54 ദശലക്ഷം ഡോളറിന്റെ (ഏകദേശം 445 കോടി രൂപ) ഓഫറാണ് മിയാമി, മെസ്സിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട മെസ്സിക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം ചെയ്തത്.
പിന്നാലെ ബാഴ്സലോണയും താരത്തിനായി രംഗത്തെത്തി. കഴിഞ്ഞ ദിവസം മെസ്സിയുടെ പിതാവും ഫുട്‌ബോള്‍ ഏജന്റുമായ യോര്‍ഗെ മെസ്സി ബാഴ്‌സലോണ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടെയുമായി ചര്‍ച്ചനടത്തുകയും ചെയ്തിരുന്നു. മെസ്സി ബാഴ്‌സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം യോര്‍ഗെ മെസ്സി പ്രതികരിക്കുകയും ചെയ്തിരുന്നു.
പക്ഷേ മെസ്സിക്കു മുമ്പില്‍ ഒരു ഓഫര്‍ വെയ്ക്കാന്‍ ബാഴ്സയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ലാ ലിഗയിലെ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ (എഫ്എഫ്പി) ചട്ടങ്ങളാണ് ഇതുവരെ ബാഴ്‌സയ്ക്കും മെസ്സിക്കും മുന്നില്‍ തടസ്സമായി നിന്നിരുന്നത്. പ്രധാനമായും ക്ലബ്ബുകള്‍ വരവില്‍ കവിഞ്ഞ തുക ചെലവഴിച്ച് പാപ്പരാകുന്നത് തടയാനുള്ള നിയമങ്ങളാണിവ. ഇതനുസരിച്ച് കളിക്കാരുടെ ട്രാന്‍സ്ഫറിനും പ്രതിഫലത്തിനുമായി ഒരു ക്ലബ്ബിനും കൈവിട്ട് തുക ചിലവഴിക്കാനാവില്ല. 2021ല്‍ എഫ്എഫ്പി ചട്ടങ്ങള്‍ പാലിക്കാനാവില്ല എന്ന ഘട്ടത്തിലാണ് ബാര്‍സയ്ക്ക് മെസ്സിയെ കൈവിടേണ്ടി വന്നത്.