റിയാദ്: പിഎസ്‌ജി താരം നെയ്‌മറിനെ സ്വന്തമാക്കാൻ സൗദി ക്ലബ്. അൽ ഹിലാലാണ് നെയ്‌മറിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. ലിയോണൽ മെസിയെ സ്വന്തമാക്കാൻ പരമാവധി ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് അൽ ഹിലാൽ ബ്രസീലിയൻ സൂപ്പർ താരത്തെ നോട്ടമിട്ടിരിക്കുന്നത്. അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചപ്പോൾ മുതൽ അൽ ഹിലാൽ ലിയോണല്‍ മെസിക്ക് പിന്നാലെയുണ്ടായിരുന്നു. റൊണാൾഡോയുടെ പ്രതിഫലത്തേക്കാൾ ഇരട്ടി വാഗ്‌ദാനം ചെയ്തെങ്കിലും മെസി വഴങ്ങിയില്ല. അമേരിക്കൻ ക്ലബ് ഇന്‍റർ മയാമിയിലേക്ക് പോകാനായിരുന്നു മെസിയുടെ തീരുമാനം. സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് ഇതിഹാസം കരീം ബെൻസേമയെ ടീമിലെത്തിച്ചു. ഇതോടെ മറ്റൊരു സൂപ്പർ താരത്തെ സ്വന്തമാക്കേണ്ടത് അൽ ഹിലാലിന്‍റെ അഭിമാന പ്രശ്നമായി. അൽ നസ്ർ ക്രിസ്റ്റ്യാനോയ്ക്ക് നൽകുന്ന 200 ദശലക്ഷം യൂറോ വാർഷിക പ്രതിഫലം നൽകാമെന്നാണ് നെയ്‌മറിന് അൽ ഹിലാലിന്‍റെ വാഗ്‌ദാനം. നെയ്‌മറിന് 2025വരെ പിഎസ്‌ജിയുമായി കരാറുണ്ട്. ഇതുകൊണ്ടുതന്നെ ട്രാൻസ്‌ഫർ ഫീസ് മുടക്കിയാലേ അൽ ഹിലാലിന് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ കഴിയൂ. 2017ൽ 222 ദശലക്ഷം യൂറോ മുടക്കിയാണ് നെയ്‌മറെ ബാഴ്‌സലോണയിൽ നിന്ന് പിഎസ്‌ജി ടീമിലെത്തിച്ചത്. ഇതിന്‍റെ പകുതിയെങ്കിലും കിട്ടണമെന്നാണ് പിഎസ്‌ജിയുടെ ആവശ്യം. പിഎസ്‌ജി ആരാധകർ നെയ്‌മറിനെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ക്ലബ് മാനേജ്‌മെന്‍റും ഈ വഴിയിലാണ് നീങ്ങുന്നത്. പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി ടീമുകളുമായി ബന്ധപ്പെട്ടും നെയ്‌മറുടെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്തുണ്ട്. മുപ്പത്തിയൊന്നുകാരനായ നെയ്‌മർ പാരിസ് ക്ലബിനായി 173 കളിയിൽ നിന്ന് 118 ഗോൾ നേടിയിട്ടുണ്ട്.
മെസി പോയാല്‍ നെയ്‌മര്‍; ബ്രസീലിയൻ ഹീറോയെ റാഞ്ചാന്‍ സൗദി ക്ലബ് അൽ ഹിലാല്‍; ഭീമന്‍ തുക ഓഫര്‍
June 13, 2023
Tags