മരിച്ചെന്ന് കരുതി 33 വർഷത്തിന് ശേഷം മടങ്ങിയെത്തിയ രാജസ്ഥാൻ സ്വദേശിക്ക് ഗംഭീര സ്വീകരണം ഒരുക്കി നാട്ടുകാർ. ഹനുമാൻ സൈനി എന്ന വ്യക്തിയാണ് 33 വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തിയത്. ഇദ്ദേഹം അൽവാർ ജില്ലയിലെ ബൻസൂർ ഗ്രാമവാസിയാണ്. മെയ് 30 -നാണ് ഇദ്ദേഹം വീട്ടിൽ തിരിച്ചെത്തിയത്. ഏറെ ഞെട്ടലോടെയാണ് വീട്ടുകാർ ഇദ്ദേഹത്തിൻറെ മടങ്ങിവരവിനോട് ആദ്യം പ്രതികരിച്ചത്. പിന്നീട് എല്ലാവരും ചേർന്ന് അതൊരു ആഘോഷമാക്കി മാറ്റുകയായിരുന്നു. ഏറെ വർഷങ്ങൾ അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിക്കാതെ വന്നതിനെ തുടർന്ന് വീട്ടുകാർ ഇദ്ദേഹത്തിൻറെ മരണ സർട്ടിഫിക്കറ്റ് വരെ വാങ്ങിയിരുന്നു. എ എൻ ഐ -യുടെ റിപ്പോർട്ട് അനുസരിച്ച്, ഇദ്ദേഹം ഹിമാചൽ പ്രദേശിൽ ആയിരുന്നു കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ചെലവഴിച്ചത്. ദേവിയോടുള്ള തന്റെ ഭക്തി പൂർത്തീകരിക്കാൻ താൻ കാൻഗ്ര മാതാ ക്ഷേത്രത്തിൽ ധ്യാനിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്. നാട് വിടുമ്പോൾ തൻറെ കൈവശം ആകെ 20 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നാൽ തനിക്ക് പത്താൻകോട്ടിലേക്കുള്ള ടിക്കറ്റ് കടം നൽകാൻ ഒരു ടിടി തയ്യാറായെന്നും ഹനുമാൻ സൈനി പറഞ്ഞു. പിന്നീട് താൻ ഹിമാചലിലെ കാൻഗ്ര മാതാ ക്ഷേത്രത്തിലെത്തി 33 വർഷം സേവനത്തിലും ആരാധനയിലും ചെലവഴിച്ചുവെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. 1989 -ലാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് വർഷങ്ങളോളം വീട്ടുകാർ ഇദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരുന്നെങ്കിലും ഒടുവിൽ കഴിഞ്ഞവർഷം മരണ സർട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. എങ്കിലും പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ മടങ്ങിവരവിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്നാണ് അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ പറയുന്നത്. അഞ്ചു മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്.
മരിച്ചെന്നു കരുതിയ ആൾ 33 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി, ഗംഭീരസ്വീകരണമൊരുക്കി നാട്ടുകാർ
June 04, 2023
0
Tags