Type Here to Get Search Results !

രാജാവിനെപ്പോലെ ഒരു ദിവസം.താമസച്ചെലവ് 10 ലക്ഷം രൂപ..! ലോകത്തെ നമ്പർവൺ ഹോട്ടൽ



10 ലക്ഷം രൂപയ്ക്ക് ഒരു രാത്രിയിലെ താമസം, കസേര മുതൽ ഡൈനിങ് ഏരിയ വരെ രാജകീയം, മുറികളിൽ ഉപയോഗിക്കുന്ന കർട്ടനുകളും അലങ്കാര വിളക്കുകളും എല്ലാം കണ്ണഞ്ചിപ്പിക്കും വിധം മനോഹരം- പറഞ്ഞുവരുന്നത് ട്രിപ് അഡ്വൈസർ ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായി തിരഞ്ഞെടുത്ത ജയ്പൂരിലെ താജ് രാം ബാഗ് പാലസിനെക്കുറിച്ചാണ്. ട്രിപ്പ് അഡ്വൈസർ തയാറാക്കിയ 10 ലോകോത്തര ഹോട്ടലുകളിൽ നമ്പർ വൺ ആയാണ് താജ് രാം ബാഗ് പാലസിനെ തെരഞ്ഞെടുത്തത്. മാലദ്വീപിലെയും ഫ്രാൻസിലെയും പാരീസിലെയുമെല്ലാം ലോകോത്തര ഹോട്ടലുകളെ പിന്തള്ളിയാണ് ഈ ഒന്നാംസ്ഥാനം.


അത്യാഡംബരത്തിന്റെ മറ്റൊരു പേരായ രാം ബാഗ് പാലസിന്റെ സൗകര്യങ്ങൾ ആരെയും അമ്പരപ്പിക്കും. ഒരു കൊട്ടാരത്തിൽ എന്ന പോലെ സജ്ജീകരണങ്ങളുള്ള ഇവിടെ ഒരു രാജാവിനെപ്പോലെ താമസിക്കാൻ ഏറ്റവും വിലകൂടിയ ഈ മുറിയായ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിന്റെ ഒരു ദിവസത്തെ വാടകയാണ് 9 – 10 ലക്ഷംരൂപ. ഓഫ് സീസണിൽ അത് 4.5 ലക്ഷം വരെ കുറഞ്ഞേക്കാം. 31,000 രൂപയിലാണ് ഇവിടത്തെ മുറികളുടെ നിരക്ക് ആരംഭിക്കുന്നത്. ഈ ഹെറിറ്റേജ് ഹോട്ടലിൽ നിരവധി റൂം ചോയ്‌സുകളും പാലസ് റൂം മുതൽ സുഖ് നിവാസ് എന്നറിയപ്പെടുന്ന ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ട് വരെ എഴുപതിലധികം മുറികളുമുണ്ട്.


palace hotel

മുൻ രാജകീയ വസതിയായിരുന്ന രാംബാഗ് കൊട്ടാരം 1835ലാണ് പണികഴിപ്പിച്ചത്. മഹാരാജ സവായ് മാൻ സിങ് രണ്ടാമന്റെയും അദ്ദേഹത്തിന്റെ രാജ്ഞി മഹാറാണി ഗായത്രി ദേവിയുടെയും കുടുംബത്തിന്റെയും വസതിയായിരുന്നു ഇത്. ഇന്ത്യൻ സംസ്‌കാരത്തിന്റെയും ആതിഥ്യ മര്യാദയുടെയും നേർകാഴ്ച നൽകുന്ന ഒരു ആഡംബര ഹോട്ടലാണിത്.രാജഭരണകാലത്ത് എങ്ങനെയാണോ കൊട്ടാരം അണിയിച്ചൊരുക്കിയിരുന്നത് അതുപോലെതന്നെയാണ് ഇന്നും ഈ ഹോട്ടലിന്റെ അകത്തളങ്ങളും മറ്റും അലങ്കരിച്ചിരിക്കുന്നതും സംരക്ഷിച്ചു പോരുന്നതും. ഇവിടെയെത്തുന്നവരെ ആകർഷിക്കുന്ന പ്രധാന ഘടകം പൂന്തോട്ടങ്ങൾ തന്നെ. പിന്നെ മുറികൾ. ഇത്രയധികം രാജകീയ സൗകര്യങ്ങൾ ഒരു ഹോട്ടൽ മുറിയിൽ അനുഭവിക്കാൻ ആകുമോ എന്ന് ആരും സംശയിച്ചു പോകും.

Top Post Ad

Below Post Ad