ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് പ്രാദേശിക പാര്‍ട്ടികളുമായും പ്രത്യയശാസ്ത്രപരമായി വൈരുദ്ധ്യങ്ങളുള്ളവരുമായും തിരഞ്ഞെടുപ്പിന് ശേഷം സഖ്യങ്ങള്‍ക്ക് തയ്യാറാണെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ചില സംസ്ഥാനങ്ങളില്‍ നേരിട്ട് ഏറ്റുമുട്ടുന്നവരുമായും തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന് തയ്യാറാണ്. കേരളത്തില്‍ സി.പി.എമ്മുമായോ തെലങ്കാനയില്‍ ബി.ആര്‍.എസുമായോ മുന്നണി സാധ്യമാവില്ല, എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ധാരണയാവാമെന്നും അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
കര്‍ണാടകയിലെ വിജയം പ്രതിപക്ഷ ഐക്യത്തിനുള്ള സന്ദേശമാണ്. ഡി.കെ. ശിവകുമാറോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയെന്നതില്‍ തീരുമാനമെടുക്കാന്‍ അല്‍പം സമയം ആവശ്യമുണ്ടെന്ന് പറഞ്ഞ കെ.സി. വേണുഗോപാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ.ഐ.സി.സി. പ്രസിഡന്റിനെ പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞു. കേട്ടുകേള്‍വികളില്‍ വിശ്വസിക്കരുതെന്നും ഖാര്‍ഗയെക്കുറിച്ചുള്ള ചോദ്യമേ ഉയരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സച്ചിന്‍ പൈലറ്റും അശോക് ഗഹലോത്തും തമ്മിലുള്ള തര്‍ക്കം നേതൃത്വം ഇടപെട്ട് അവിടെ തന്നെ പരിഹരിക്കും. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം പരിഗണനയിലാണ്. കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് മറ്റൊരു യാത്രയുടെ പദ്ധതിയിലാണ്. ഭാരത് ജോഡോ യാത്രയുടെ സ്വാധീനം കര്‍ണാടകയില്‍ പ്രകടമായെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.