ന്യൂഡല്‍ഹി: വധശിക്ഷ നടപ്പിലാക്കാന്‍ തൂക്കിക്കൊല്ലുന്നതിന് പകരം മറ്റ് മാര്‍ഗങ്ങളുടെ സാധ്യത പരിശോധിക്കാന്‍ സമിതി രുപീകരിക്കുന്നത് പരിഗണിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍.
സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തൂക്കിക്കൊല്ലുന്നതിന് പകരം മറ്റ് വഴികള്‍ തേടണമെന്ന ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി പാര്‍ഡിവാല എന്നിവര്‍ക്ക് മുമ്ബാകെയാണ് നിലപാട് അറിയിച്ചത്.
തൂക്കിക്കൊല്ലുന്നതിന് പകരം വിഷമുള്ള ഇഞ്ചക്ഷന്‍ ഉപയോഗിച്ചോ വെടിവെച്ചോ ഷോക്കടിപ്പിച്ചോ ഗ്യാസ് ചേംബറിലിട്ടോ വധശിക്ഷ നടപ്പാക്കണമെന്നാണ് ആവശ്യം. ഇത്തരം രീതികള്‍ ഉപയാഗിക്കുകയാണെങ്കില്‍ വേഗത്തില്‍ മരണം ഉറപ്പാക്കാനാകുമെന്നാണ് ഹരജിക്കാരന്റെ വാദം.
വധശിക്ഷക്ക് പകരം മറ്റ് മാര്‍ഗങ്ങള്‍ തേടുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ സമിതിയെ രൂപീകരിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ ശിപാര്‍ശ നല്‍കിയതായി അറ്റോണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.