കര്‍ണാടക തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് സമ്പൂർണ തോൽവി. മത്സരിച്ച നാല് മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ തോറ്റപ്പോൾ മൂന്നിടത്ത് നോട്ടക്കും പിന്നിലായി. ജെ.ഡി.എസ് പിന്തുണയോടെ മത്സരിച്ച ഒരിടത്ത് മൂന്നാം സ്ഥാനം ലഭിച്ചത് മാത്രമാണ് ആശ്വാസം. ചിക്കബെല്ലാപുരയിലെ ബാഗേപള്ളി മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി ഡോ. എ. അനില്‍കുമാറാണ് മൂന്നാം സ്ഥാനത്തെത്തിയത്. 19621 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 82128 വോട്ട് നേടിയ കോൺഗ്രസിലെ എസ്.എൻ സുബ്ബറെഡ്ഢിയാണ് ഇവിടെ ജയിച്ചത്. 62949 വോട്ട് നേടിയ ബി.ജെ.പിയിലെ മുനിരാജു രണ്ടാമതെത്തി.
കെ.ജി.എഫിൽ (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്) നോട്ടക്കും പിറകിലായിരുന്നു സി.പി.എമ്മിന്‍റെ സ്ഥാനം. 1008 വോട്ടാണ് സി.പി.എമ്മിനായി മത്സരിച്ച പി. തങ്കരാജിന് ലഭിച്ചത്. നോട്ടക്ക് 1383 വോട്ട് ലഭിച്ചു. ഇതേ മണ്ഡലത്തില്‍ മത്സരിച്ച സി.പി.ഐ സ്ഥാനാർഥി ആർ. ജ്യോതി ബഷിന് 918 വോട്ടാണ് നേടാനായത്. 81569 വോട്ട് നേടി കോണ്‍ഗ്രസിന്‍റെ രൂപകല വിജയിച്ചപ്പോൾ ബി.ജെ.പിയുടെ അശ്വിനി സമ്പങ്കി 31102 വോട്ടോടെ രണ്ടാമതെത്തി.
മറ്റൊരു മണ്ഡലമായ ബംഗളൂരുവിലെ കെ.ആർ പുരത്ത് സി.പി.എമ്മിന് ലഭിച്ചത് 1220 വോട്ടാണ്. 4396 വോട്ടാണ് ഇവിടെ നോട്ടക്ക് വീണത്. 139925 വോട്ടോടെ ബി.ജെ.പിയുടെ ബി.എ ബസവരാജ വിജയിച്ച ഇവിടെ കോൺഗ്രസ് സ്ഥാനാർഥി ഡി.കെ മോഹൻ 115624 വോട്ട് നേടി രണ്ടാമതെത്തി.
ഗുൽബർഗ റൂറൽ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥി പാണ്ഡുരംഗ് മാവിങ്കർ 822 വോട്ടാണ് നേടിയത്. ഇവിടെ നോട്ടക്ക് 841 വോട്ട് ലഭിച്ചു. 84466 വോട്ട് നേടിയ ബി.ജെ.പിയിലെ ബസവരാജ് വിജയിച്ചപ്പോൾ 71839 വോട്ട് നേടിയ കോൺഗ്രസിലെ രേവു നായികാണ് രണ്ടാമതെത്തിയത്.