കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം അല്പം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ജൂൺ നാലിന് കാലവർഷം എത്തുമെന്നാണ് പ്രവചനം. ജൂൺ ഒന്നിനാണ് സാധാരണ കാലവർഷം എത്തുക. നാല് ദിവസം വൈകുമെന്നാണ് അറിയിപ്പ്.രാജ്യത്തെ വാർഷിക മഴയുടെ 75 ശതമാനവും ലഭിക്കുന്നത് ഈ കാലവർഷത്തിലൂടെയാണ്. തുടർച്ചയായ നാലു മാസത്തേക്കുള്ള മഴയുടെ ആരംഭം കൂടിയാണിത്. സാധാരണ ജൂൺ ഒന്നിനാണ് തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളാ തീരത്ത് എത്തുക. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരിക്കൽ മാത്രമേ കാലവർഷം ജൂൺ 1 ന് ആരംഭിച്ചിട്ടുള്ളു. 2018 ലും 2022 ലും രണ്ടു ദിവസങ്ങൾ കഴിഞ്ഞും, 2019 ലും 2021 ലും കുറച്ച് ദിവസങ്ങൾക്ക് ശേഷവുമാണ് കാലവർഷം എത്തിയത്. അതിനാൽ ഈ വർഷം നാല് ദിവസം വൈകിയെത്തുന്ന കാലവർഷം, ആകെ മഴലഭ്യതയെയോ വർഷകാലത്തേയോ കാര്യമായി ബാധിക്കില്ല.
എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ലഭ്യത സാധാരണ നിലയിലായിരുക്കുമെന്നാണ് ഐഎംഡി നൽകുന്ന മുന്നറിയിപ്പ്.