കിളിമാനൂർ: വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് തീപിടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ഗിരിജ സത്യനാ(59)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്.
വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജ എൽപിജി ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകു വശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടെത്തുകയായിരുന്നു.വീട്ടിലെ ഡബിൾ ഡോർ റഫ്രിജറേറ്റർ പൂർണമായും പൊട്ടിത്തകർന്ന് കത്തിയമർന്നു. ഉടൻ തന്നെ ആറ്റിങ്ങൽ അഗ്നിരക്ഷാ യൂണിറ്റില്‍ അറിയിക്കുകയും സ്റ്റേഷൻ ഓഫിസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു.
പരിക്കേറ്റ ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവർക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും ഗ്യാസ് ലീക്കായതിന്റെ സൂചനകൾ കാണുന്നില്ലെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. റഫ്രിജറേറ്ററിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.