സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ പുലർച്ചെ ദോഹയിലേയ്ക്ക് പോയ ഖത്തർ എയർവേയ്സ് വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്ന ശേഷം വിമാനത്തിനുള്ളിലെയും പുറത്തെയും മർദ്ദം നിയന്ത്രിക്കുന്ന പ്രഷർ സംവിധാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കണമെന്നാവശ്യപ്പെട്ട് പൈലറ്റ് എയർട്രാഫിക്ക് കൺട്രോൾ ടവറിലേക്ക് സന്ദേശം അയച്ചു. വിമാനത്തിൽ അഞ്ച് മണിക്കൂറോളം പറക്കാനുള്ള ഇന്ധനമുണ്ടായിരുന്നു. ലാൻഡിംഗിലെ അപകടസാദ്ധ്യത ഒഴിവാക്കാൻ വിമാനത്തിലെ ഇന്ധനം കടലിൽ ഒഴുക്കിക്കളഞ്ഞു.വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കിയതിനുശേഷം വിദഗ്ധർ പരിശോധന നടത്തി. തുടർന്ന് പ്രഷർ സംവിധാനത്തിന് കാര്യമായ പ്രശ്നമില്ലെന്ന് ഉറപ്പാക്കിയ ശേഷം യാത്രക്കാരുമായി വീണ്ടും ദോഹയിലേക്ക് സർവീസ് നടത്തി.
പ്രഷർ സംവിധാനത്തിൽ പ്രശ്നം, ഇന്ധനം മുഴുവൻ കടലിൽ ഒഴുക്കി, തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി
May 14, 2023
Tags