പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച 'അരിക്കൊമ്പന്റെ' ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. ശ്രീലങ്കയിലെ സിഗിരിയയാണ് പ്രധാന ലൊക്കേഷൻ. കേരളത്തിൽ ഇടുക്കി ചിന്നക്കനാലിലും ഷൂട്ടിംഗ് നടക്കും. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹ്യയാണ്. സുഹൈൽ എം കോയയാണ് കഥ ഒരുക്കുന്നത്.
'പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ച് ആനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഈ ജോലി ഏല്പിച്ചിട്ടുണ്ട്. അത് നടന്നുവരികയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും 'അരിക്കൊമ്പൻ' എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. '2018' പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തിനെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങൾ. സിനിമയുമായി ബന്ധപ്പെട്ട അപഡേറ്റുകൾ ഉടൻ ഉണ്ടാകും, സാജിദ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. എൻ എം ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവർ ചേർന്നാണ് നിർമ്മാണം. രണ്ട് വയസ്സുള്ളപ്പോൾ അമ്മയെ നഷ്‍ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമായ കഥയാകും ചിത്രം. താര നിർണ്ണയം പുരോഗമിച്ചു വരികയാണ്.