Type Here to Get Search Results !

യുവാക്കൾ 88 ദിവസം ജയിലില്‍, ഗൾഫിലെ ജോലി നഷ്ടം, ഒരാളെ ഭാര്യ ഉപേക്ഷിച്ചു ; ഫലം വന്നപ്പോൾ പിടിച്ചത് എംഡിഎംഎ അല്ല



മലപ്പുറം ; നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസിൽ വഴിത്തിരിവ്. അറസ്റ്റിലായവർ 88 ദിവസം ജയിലില്‍ കിടന്ന ഈ കേസിൽ, രാസപരിശോധനാ ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ ലാബുകളിൽ പരിശോധിച്ചെങ്കിലും പിടിച്ചത് എംഡിഎംഎ അല്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. ഇനി മൂന്നാമതൊരു ലാബിൽക്കൂടി പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പൊലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.



രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിർ, ഒളകര റിഷാദ്, മച്ചിങ്ങൽ ഉബൈദുള്ള എന്നിവരെയാണ് പൊലീസ് പിടികൂടിയിരുന്നത്.


മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് പിടികൂടിയ എംഡിഎംഎ കോഴിക്കോട് കെമിക്കൽ ലാബിൽ പരിശോധനയ്‌ക്ക് അയച്ചു. ഇതിൽ ഫലം നെഗറ്റീവായിരുന്നു. ഇതോടെ നാലു യുവാക്കൾക്കും ജാമ്യം അനുവദിച്ചു. 88 ദിവസം ജയിലിൽ കിടന്ന ശേഷമാണ് യുവാക്കൾക്ക് ജാമ്യം ലഭിച്ചത്.



ലഹരി മരുന്നു കേസിൽ ജയിലിലായതോടെ നാലു പേർക്കും ജോലി നഷ്ടമായെന്ന് ഇവർ പറയുന്നു. എംഡിഎംഎ കേസിലെ പ്രതി ചേര്‍ക്കപ്പെട്ട ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ഗള്‍ഫിലെ ജോലി നഷ്ടമായി. പ്രതി ചേർക്കപ്പെട്ട മച്ചിങ്ങൽ ഉബൈദുള്ളയുടെ ഭാര്യ വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്തു.


കോഴിക്കോട് ലാബില്‍ വെച്ചാണ് ആദ്യം പരിശോധന നടത്തിയത്. ഇത് നെഗറ്റീവായിരുന്നു. പിന്നാലെ തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചു. അതും നെഗറ്റീവായതോടെ കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചു. ഇനി മൂന്നാം ഘട്ട പരിശോധനയ്‌ക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയക്കാനാണ് കേരള പൊലീസ് നീക്കം.

Top Post Ad

Below Post Ad