കൊച്ചി: സർവീസ് തുടങ്ങി ആറ് ദിവസം പിന്നിട്ടപ്പോൾ കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചാരികളുടെ ഒഴുക്ക്. അവധിക്കാലമായതിനാൽ കുടുംബസമേതമാണ് മിക്കവരും വാട്ടർ മെട്രോ ആസ്വദിക്കാനെത്തുന്നത്. ഇതുവരെ 40,000ലധികം പേർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. ബുധനാഴ്ച സർവീസ് തുടങ്ങിയത് മുതൽ ഹൈക്കോടതി ജംഗ്ഷൻ വൈപ്പിൻ റൂട്ടിലും കാക്കനാട് വൈറ്റില റൂട്ടിലും സഞ്ചാരികളേറെയാണ്. ടിക്കറ്റ് കൗണ്ടറുകളിൽ നീണ്ട ക്യൂവാണ് കാണുന്നത്. പലരും ഏറെ നേരം കാത്ത് നിന്നാണ് വാട്ടർ മെട്രോ യാത്ര അനുഭവിച്ചറിയുന്നത്. എത്തുന്നവരിലേറെയും സ്ഥിരം യാത്രക്കാരല്ല ടൂറിസ്റ്റുകളാണ് എന്നതും ശ്രദ്ധേയമാണ്. കാക്കനാട് ടെർമിനലിൽ നിന്നും സിവിൽ സ്റ്റേഷനിലേക്കും ഇൻഫോ പാർക്കിലേക്കുമുള്ള ഫീഡർ സർവീസ് അകർഷകമാണെന്ന് യാത്രക്കാർ പറയുന്നു. പേപ്പർ ടിക്കറ്ര് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ടിക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. കൊച്ചി വൺ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് ക്യൂവിൽ നിൽക്കുന്ന സമയം ലാഭിക്കാമെങ്കിലും ഇത് കുറച്ച് പേർ മാത്രമാണ് ഉപയോഗിക്കുന്നത്. നിലവിൽ 9 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. തിരക്ക് കണക്കിലെടുത്ത് കൂടുതൽ ബോട്ടുകളെത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ആദ്യ ദിവസം യാത്ര ചെയ്തത് 6559 പേരാണ്. വ്യാഴാഴ്ച യാത്രക്കാരുടെ എണ്ണം 7117 ആയിരുന്നു. വെള്ളിയാഴ്ച 7922 പേർ യാത്ര ചെയ്തപ്പോൾ ശനിയാഴ്ച ഇത് 8415 യാത്രക്കാരായിരുന്നു.