Type Here to Get Search Results !

അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് മിസൈല്‍ വിട്ടു: രാജ്യത്തിന് നഷ്ടം 24 കോടി



_അബദ്ധത്തിൽ പാകിസ്താനിലേക്ക് മിസൈല്‍ അയച്ച സംഭവത്തില്‍ രാജ്യത്തിന് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കേന്ദ്ര സർക്കാർ. അയൽരാജ്യവുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നും  കേന്ദ്രം അറിയിച്ചു. ശബ്ദത്തെക്കാൾ മൂന്നുമടങ്ങ് വേഗത്തിൽ കുതിക്കാൻ ശേഷിയുള്ള മിസൈലാണ് അതിർത്തികടന്ന് പാകിസ്താനിലെ മിയാൻ ചുന്നു പട്ടണത്തിൽ പതിച്ചത്._


_സംഭവത്തില്‍ സർവീസിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ വിങ് കമാൻഡർ അഭിനവ് ശർമ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്._


_വിങ് കമാൻഡർ ഉൾപ്പെടെ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ വിഷയവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ടിരുന്നു. ശർമയുടെ ഹർജിയിൽ ആറാഴ്ചയ്ക്കകം വിശദമായ മറുപടി സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിരോധ മന്ത്രാലയത്തിനും വ്യോമസേനാ മേധാവിക്കും കോടതി നോട്ടീസ് അയച്ചു._


_ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ഇത്തരമൊരു പാളിച്ചയിലേക്ക് വഴിവച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിഷയമായതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ഇതുസംബന്ധിച്ച് കൃത്യമായ തെളിവുകളും സര്‍ക്കാരിന്റെ പക്കലുണ്ട്. മിസൈൽ പാളിച്ചയെക്കുറിച്ചറിയാൻ അന്താരാഷ്ട്ര സമൂഹം താത്പര്യം പ്രകിടിപ്പിച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കി. 23 വർഷത്തിനിടെ ആദ്യമായാണ് വ്യോമസേനയിൽ ഇത്തരമൊരു നടപടിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി._


_സംഭവം നടക്കുമ്പോൾ താൻ സേനയിലെ എൻജിനിയറിങ് ഓഫീസറായിരുന്നുവെന്ന് അഭിനവ് ശർമ കോടതിയെ അറിയിച്ചു. കേവലം അറ്റകുറ്റപ്പണികൾക്കുള്ള പരിശീലനം മാത്രമാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. മറിച്ച് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രൊഫഷണൽ പരിശീലനം തനിക്ക് ലഭിച്ചിട്ടില്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് താൻ എല്ലാ ചുമതലകളും നിർവഹിച്ചതെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. എന്നാൽ പൊതുതാത്പര്യപ്രകാരമാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം._


_കഴിഞ്ഞ മാർച്ച് ഒൻപതിന് വൈകീട്ട് ഏഴിന് രാജസ്ഥാനിലെ വ്യോമസേനാതാവളത്തിൽ നിന്നാണ്‌ ആണവേതര മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്. പാക് അതിർത്തിയിൽനിന്ന് 124 കിലോമീറ്റർ ഉള്ളിലായാണ് മിസൈൽ പതിച്ചത്. ഒരു വീടുൾപ്പെടെയുള്ള വസ്തുവകകൾ തകർന്നു. മിസൈലിൽ സ്‌ഫോടകവസ്തു ഇല്ലാതിരുന്നതിനാൽ വൻദുരന്തമൊഴിവായി. സംഭവത്തെത്തുടർന്ന് ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യ ഖേദവുമറിയിച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad