Type Here to Get Search Results !

അതിരപ്പിള്ളിയിലെ അരുംകൊല, അഖിലിന്റെ ഒളിച്ചുകളി; ഷാൾകുരുക്കി, 10 മിനിറ്റോളം മരത്തില്‍ കെട്ടിത്തൂക്കി



തൃശ്ശൂര്‍: അരുംകൊലയില്‍ നടുങ്ങി അതിരപ്പിള്ളി. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അതിരപ്പിള്ളിയും പരിസരപ്രദേശങ്ങളും വെള്ളിയാഴ്ച രാവിലെയറിഞ്ഞത് ആരെയും നടുക്കുന്ന കൊലപാതകവാര്‍ത്തയായിരുന്നു. അങ്കമാലി കാലടി പാറക്കടവ് സ്വദേശിയായ യുവതിയെ തുമ്പൂര്‍മുഴി വനത്തില്‍വെച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം പാറക്കെട്ടിനിടയില്‍ ഉപേക്ഷിച്ചെന്നുമാണ് ആദ്യം പുറത്തറിഞ്ഞവിവരം. തുടര്‍ന്ന് പോലീസ് സംഘം തുമ്പൂര്‍മുഴി വനത്തിലെത്തി മൃതദേഹം കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇടുക്കി സ്വദേശി അഖിലിനെയും വെള്ളിയാഴ്ച സംഭവസ്ഥലത്ത് എത്തിച്ചിരുന്നു. പ്രതിയുമായുള്ള തെളിവെടുപ്പും നടന്നു. 

കാലടി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര(26)യെയാണ് ഇടുക്കി സ്വദേശിയായ അഖില്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. ഏപ്രില്‍ 29-ന് നടന്ന കൊലപാതകത്തേക്കുറിച്ചുള്ള വിവരം ദിവസങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ചയാണ് പുറത്തറിഞ്ഞത്.

അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സഹപ്രവര്‍ത്തകരായിരുന്ന അഖിലും ആതിരയും ആറുമാസത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ അഖില്‍ യുവതിയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും വാങ്ങിയിരുന്നു. അടുത്തിടെയായി ആതിര ഇതെല്ലാം തിരികെ ചോദിച്ചതോടെ ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായി. ആതിരയെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് പ്രതി തീരുമാനിച്ചു. ഇതനുസരിച്ചാണ് ശനിയാഴ്ച അതിരപ്പിള്ളിയില്‍ കൊണ്ടുവന്ന് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരങ്ങള്‍. 

വീട്ടില്‍നിന്ന് ജോലിക്കിറങ്ങി, പക്ഷേ, പോയത് അഖിലിനൊപ്പം...

ശനിയാഴ്ച രാവിലെ പതിവുപോലെ വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് പോയതായിരുന്നു ആതിര. രാവിലെ ഭര്‍ത്താവാണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. എന്നാല്‍ ഇവിടെനിന്ന് ആതിര ജോലിചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയില്ലെന്ന് പിന്നീടാണ് വ്യക്തമായത്. അന്നേദിവസം മൊബൈല്‍ഫോണും കൊണ്ടുപോയിരുന്നില്ല. വൈകിട്ട് ഏറെസമയം കഴിഞ്ഞിട്ടും ആതിര തിരികെ വീട്ടില്‍ എത്താതിരുന്നതോടെയാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. 

ആതിരയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ അഖിലുമായുള്ള സൗഹൃദം പോലീസ് കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിലെ ചോദ്യംചെയ്യലില്‍ ശനിയാഴ്ച ആതിരയെ കണ്ടിട്ടില്ലെന്നും തനിക്ക് ഒന്നും അറിയില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ആതിരയും അഖിലയും കാറില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. ഇതോടെയാണ് പ്രതി കുറ്റംസമ്മതിച്ചത്. 

Also Read

 

 

 

 

 

 

 

 

ശനിയാഴ്ച രാവിലെ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആതിര പോയത് പെരുമ്പാവൂര്‍ വല്ലം ഭാഗത്തേക്കാണെന്നാണ് പോലീസ് പറയുന്നത്. വാടകയ്‌ക്കെടുത്ത കാറുമായി അഖില്‍ ഇവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും കാറില്‍ അതിരപ്പിള്ളിയിലേക്ക് പോയി. അന്നേദിവസം അഖിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതെല്ലാം കൊലപാതകം ആസൂത്രിതമായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളാണ്. 

അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തില്‍, ഒരുമിച്ച് നടന്നുപോയി, അരുംകൊല

അതിരപ്പിള്ളിയിലെത്തിയ അഖിലും ആതിരയും പ്രധാന റോഡില്‍ വാഹനം നിര്‍ത്തിയശേഷമാണ് തുമ്പൂര്‍മുഴി വനത്തിനുള്ളിലേക്ക് പോയത്. പ്രധാന റോഡില്‍നിന്ന് 800 മീറ്ററോളം അകലെയുള്ള സ്ഥലത്തേക്ക് ഇരുവരും ഒരുമിച്ച് നടന്നുപോവുകയായിരുന്നു. ആതിരയെ കാട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രതി ബലംപ്രയോഗമെന്നും നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വനത്തിനുള്ളിലെത്തിയ ഇരുവരും ആദ്യം പാറക്കെട്ടുകള്‍ക്ക് സമീപം അല്പനേരം സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് അതേ ഷാള്‍ ഉപയോഗിച്ച് യുവതിയെ പത്തുമിനിറ്റോളം മരത്തില്‍ കെട്ടിത്തൂക്കിയെന്നും നിലത്തിട്ടശേഷം കഴുത്തില്‍ ആഞ്ഞുചവിട്ടിയെന്നും സൂചനയുണ്ട്. മരണം ഉറപ്പിക്കാനായിരുന്നു പ്രതി ഇതെല്ലാം ചെയ്തത്. ശേഷം മൃതദേഹം വലിച്ചിഴച്ച് പാറക്കെട്ടുകള്‍ക്കിടയില്‍ എത്തിച്ചു. തുടര്‍ന്ന് കരിയിലകള്‍ കൊണ്ട് മൂടി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. യാത്രയ്ക്കിടെ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ചാലക്കുടിപ്പുഴയില്‍ ഉപേക്ഷിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. 

അതിരപ്പിള്ളി തുമ്പൂര്‍മുഴി വനത്തിനുള്ളില്‍നിന്ന് വെള്ളിയാഴ്ച രാവിലെയാണ് ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹം കാല്‍പ്പാദങ്ങള്‍ മാത്രം പുറത്തുകാണുന്നനിലയിലായിരുന്നു. തലയും ഉടല്‍ഭാഗവും കരിയിലകള്‍ കൊണ്ട് മൂടിയനിലയിലായിരുന്നു. 

റീല്‍സിലും താരം, 'അഖിയേട്ടന്' നിരവധി ഫോളോവേഴ്‌സ്...

ആതിരയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഖില്‍ സാമൂഹികമാധ്യമങ്ങളിലും സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ 11,000-ൽ ഏറെ ഫോളോവേഴ്‌സുള്ള ഇയാള്‍ നിരവധി റീല്‍സ് വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. 'അഖിയേട്ടന്‍' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത മിക്ക റീല്‍സും പ്രണയവുമായി ബന്ധപ്പെട്ടതായിരുന്നു.


സ്ത്രീകളും പെണ്‍കുട്ടികളും അടക്കം നിരവധിപേരാണ് ഇയാളെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. സാമൂഹികമാധ്യമങ്ങള്‍ വഴി ഇയാള്‍ കൂടുതല്‍ പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തിയിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ഇടുക്കി സ്വദേശിയായ ഇയാള്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം അങ്കമാലിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. 

ഭര്‍ത്താവും രണ്ടുകുട്ടികളുമുള്ള ആതിര, നാട്ടിലെ കൂട്ടായ്മകളിലെല്ലാം സജീവമായിരുന്നു. അഖിലുമായുള്ള സൗഹൃദത്തെക്കുറിച്ച് യുവതിയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല.

Top Post Ad

Below Post Ad