ന്യൂഡൽഹി: ചൊവ്വാഴ്‌ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും രേഖപ്പെടുത്തിയത് അതിത്രീവ്ര ചൂട്. 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയാണ് പലയിടത്തും രേഖപ്പെടുത്തിയ താപനില. ഉഷ്ണതരംഗത്തിന് അനുകൂല സാഹചര്യമാണ് നിലനിൽക്കുന്നത്. ഉത്തർപ്രദേശിലെ ഹമീർപൂരിലും പ്രയാഗ്‌രാജിലും 44.2 ഡിഗ്രി വരെ ഉയർന്നു. ഡൽഹിയിലെ കാലാവലസ്ഥാ കേന്ദ്രമായ സഫ്ദർജംങ് ഒബ്‌സർവേറ്ററിയിൽ രേഖപ്പെടുത്തിയത് 40.4 ഡിഗ്രി സെൽഷ്യസാണ്. തുടർച്ചയായ നാലാം ദിവസമാണ് സഫ്ദർജംങിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുന്നത്. പുസ, പീതാംപുര മേഖലകളിൽ ഉഷ്ണതരംഗ സാഹചര്യങ്ങളാണ് അനുഭവപ്പെട്ടത്. ഏപ്രിൽ മുതൽ ജൂൺ വരെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളും പെനിൻസുലർ പ്രദേശങ്ങളും ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥാ കേന്ദ്രം ഉയർന്ന താപനില പ്രവചിച്ചിരുന്നു. കടുത്ത ഉഷ്ണതരംഗവും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ചില നഗരങ്ങളിൽ ഓറഞ്ച് അലർട്ടും ഐഎംഡി നൽകിയിട്ടുണ്ട്.
ആകാശം മേഘാവൃതമാവുകയും, ചെറിയ മഴ ലഭിക്കുകയും ചെയ്താൽ ഇപ്പോൾ നേരിടുന്ന ഉഷ്ണത്തിൽ നിന്ന് ചെറിയൊരു ശമനം നൽകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ബുധനാഴ്ച്ച മഴ പെയ്യുമെന്നാണ് പ്രതീക്ഷ. പശ്ചിമ ഹിമാലയൻ മേഖലയിലെ ന്യൂനമർദം ചെറിയ തോതിലുളള മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഉത്തര പശ്ചിമ മേഖലകളിലായിരിക്കും മഴ ലഭിക്കുക. ജമ്മു കശ്മീരിലെ ചില സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മണിക്കൂറിൽ 20-30 കിലോമീറ്റർ വേഗതയിൽ ആലിപ്പഴ വർഷവും ഉണ്ടാകായേക്കാമെന്നും അറിയിപ്പുണ്ട്.