കെട്ടിടനിർമ്മാണ മേഖലയിൽ ലോകത്തെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ഗൾഫ് രാജ്യങ്ങൾ നടത്തുന്നത്. പക്ഷേ ഒരു പതിറ്റാണ്ടിലധികമായി ലോകത്തിലെ ഏറ്റവും ഉയരം ചെന്ന കെട്ടിടം എന്ന റെക്കോർഡ് നിലനിർത്തുന്ന ബുർജ് ഖലീഫയെ കടത്തിവെട്ടുന്ന ഒരു നിർമ്മിതി ഇതുവരെ ഗൾഫിൽ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ ബുർജ് ഖലീഫയെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുകയാണ് കുവൈറ്റ്. നിർമ്മാണം പുരോഗമിക്കുന്ന സിൽക്ക് സിറ്റിയിൽ ഒരുങ്ങുന്ന കെട്ടിടത്തിന്റെ പേര് ബുർജ് മുബാറക് എന്നായിരിക്കും.
ഒരു കിലോമീറ്റർ ഉയരമുള്ള കെട്ടിടമായിരിക്കും ബുർജ് മുബാറക്ക് എന്നാണ് പുറത്തുവരുന്ന വിവരം. അതായത് ബുർജ് ഖലീഫയെക്കാൾ 172 മീറ്റർ അധികം ഉയരത്തിലാണ് ബുർജ് മുബാറക് ഒരുങ്ങുന്നത്. സിൽക്ക് സിറ്റി അഥവാ മദീനത്ത് അൽ ഹരീറിന്റെ നിർമ്മാണം 2023 ൽ തന്നെ പൂർത്തിയാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ബുർജ് മുബാറക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനായി രണ്ട് പതിറ്റാണ്ടിലധികം കാത്തിരിക്കേണ്ടി വന്നേയ്ക്കും.
സിൽക്ക് സിറ്റിയിലെ പ്രധാന ആകർഷണം എന്ന നിലയിൽ പദ്ധതിയുടെ കേന്ദ്രഭാഗത്ത് തന്നെയാവും ബുർജ് മുബാറക് ഒരുങ്ങുക. ഉയരം അധികമായതുകൊണ്ടുതന്നെ അതിശക്തമായ കാറ്റിനെ നേരിടാനുള്ള കരുത്തോടെയാണ് ബുർജ് മുബാറക് രൂപകൽപ്പന ചെയ്യപ്പെടുന്നത്. അല്പം വളഞ്ഞ ആകൃതിയിൽ തമ്മിൽ ചേർന്നു നിൽക്കുന്ന മൂന്ന് ടവറുകളാവും കെട്ടിടത്തിൽ ഉള്ളത്. ലോകത്തിലെ ഏറ്റവും ഉയരം ചെന്ന കെട്ടിടം നിർമ്മിക്കുക എന്നതിലുപരി ആയിരം മീറ്റർ ഉയരം തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ട് എന്ന് നിർമ്മാതാക്കൾ പറയുന്നു. ലോകപ്രശസ്തമായ അറബിക്-പേർഷ്യൻ നാടോടിക്കഥകളുടെ ശേഖരമായ ആയിരത്തൊന്ന് രാവുകൾക്കുള്ള ആദരം കൂടിയാണ് ബുർജ് മുബാറക്.
234 നിലകളിലാവും ബുർജ് മുബാറക്കിലുള്ളത്. ഒരേ സമയം 7000 ആളുകളെ ഉൾക്കൊള്ളാനുള്ള ഇടവും കെട്ടിടത്തിൽ ഉണ്ടാകും. ഹോട്ടലുകൾ, താമസസ്ഥലങ്ങൾ, ഓഫീസുകൾ, വിനോദത്തിനായുള്ള പ്രത്യേക ഇടങ്ങൾ എന്നിവയെല്ലാമാണ് കെട്ടിടത്തിനുള്ളിൽ ഒരുങ്ങുന്ന സൗകര്യങ്ങൾ. 25 ബില്യൺ കുവൈറ്റ് ദിനാറിന്റെ (6.69 ലക്ഷം കോടി രൂപ) നിക്ഷേപമാണ് സിൽക്ക് സിറ്റിയുടെ നിർമ്മാണത്തിനായി നടത്തിയിരിക്കുന്നത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 4,30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വദേശികൾക്കും വിദേശികൾക്കും നിക്ഷേപങ്ങൾക്ക് അവസരമൊരുക്കാനും പദ്ധതിയിലൂടെ സാധിക്കും. സിൽക്ക് സിറ്റിയുടെയും ബുർജ് മുബാറക്കിന്റെയും നിർമ്മാണം പൂർത്തിയാകുന്നതോടെ കൂടുതൽ വരുമാന സ്രോതസ്സുകൾ ഉണ്ടാവുകയും കുവൈറ്റിന്റെ സാമ്പത്തിക മേഖല മികച്ച പുരോഗതി കൈവരിക്കുകയും ചെയ്യുമെന്നാണ് നിഗമനം.