Type Here to Get Search Results !

ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്



പാരീസ്: ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.


വ്യാഴാഴ്ച ദക്ഷിണാഫ്രിക്കൻ വനിത കിഴസ്റ്റൺ നോയിഷെയ്ഫർ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. മത്സരത്തിൽ അവശേഷിക്കുന്ന അവസാനത്തെ ആളായ ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ വളരെ പിന്നിലാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ നാലിനാണ് ഫ്രാൻസിലെ ലെ സാബ്‌ലേ ദെലോണിൽ നിന്ന് മത്സരം ആരംഭിച്ചത്. 16 നാവികരാണ് മത്സരം തുടങ്ങിയതെങ്കിലും ഫിനിഷിങ്ങിലേക്ക് എത്തിയത് മൂന്നു പേർ മാത്രം.കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സംഘാടകരും. 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമാണ് അഭിലാഷിന് ഫിനിഷ് ചെയ്യാൻ വേണ്ടിവന്നത്. സഞ്ചരിച്ചത് 48,000 കിലോമീറ്റർ. ഇതിനു മുൻപ് 2018ൽ അഭിലാഷ് തുടങ്ങിവച്ച യാത്ര പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ അഭിലാഷിന്റെ വഞ്ചി തകർന്നു. കടൽക്കലിയിൽ ബോട്ടിൽ നടുവിടിച്ചു വീണ അഭിലാഷിനെ ഒരു ഫ്രഞ്ച് മീൻപിടിത്തക്കപ്പലാണു രക്ഷപ്പെടുത്തിയത്.


വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറിനു വൻ സ്വീകരണമാണു സംഘാടകർ നൽകിയത്. കടലിൽ പെട്ടെന്നു കാറ്റില്ലാത്ത അവസ്ഥയുണ്ടായതോടെ അവസാനത്തെ 2-3 നോട്ടിക്കൽ മൈലുകൾ പിന്നിടാൻ കിഴ്സ്റ്റന് ഏതാനും മണിക്കൂറുകൾ വേണ്ടിവന്നു.


വൈകിട്ട് 7 മണിയോടെ സംഘാടകരും കുടുംബാംഗങ്ങളും ബോട്ടിൽ ഫിനിഷിങ് ലൈനിലേക്കു പോയെങ്കിലും രാത്രിയോടെയാണ് കിഴ്സ്റ്റന്റെ വഞ്ചി ലക്ഷ്യത്തിലെത്തിയത്. ഹോണുകൾ മുഴക്കിയാണ് കിഴ്സ്റ്റനെ ബോട്ടുകൾ സ്വാഗതം ചെയ്തത്. തീരത്തുള്ള റസ്റ്ററന്റുകൾ സ്പീക്കറിലൂടെ ഹോൺ ശബ്ദം മുഴക്കി. ഷാംപെയ്ൻ ബോട്ടിലുകൾ പൊട്ടിച്ച് കിഴ്സ്റ്റൻ വിജയലഹരി നുണഞ്ഞു. 235 ദിവസങ്ങളെടുത്താണ് കിഴ്സ്റ്റൻ ഫിനിഷ് ചെയ്തത്.


ഗോൾഡൻ ഗ്ലോബ് റേസ് എങ്ങനെ?


ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ പായ്‌വഞ്ചിയിൽ കടലിലൂടെ ലോകം ചുറ്റിവരികയെന്ന മത്സരമായിരുന്നു ഗോൾഡൻ ഗ്ലോബ് റേസ്. 2018ൽ ആരംഭിച്ച മത്സരത്തിന്റെ രണ്ടാം എഡിഷനാണ് ഇപ്പോഴത്തേത്. 2022 സെപ്റ്റംബർ 4നു ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോനിൽനിന്നാണ് മത്സരം ആരംഭിച്ചത്. മഹാസമുദ്രങ്ങൾ താണ്ടി ഇവിടെത്തന്നെ തിരിച്ചെത്തുകയെന്നതാണ് മത്സരം.


1968ലെ മത്സരത്തിൽ നാവികർ ഉപയോഗിച്ച അതേ മാതൃകയിലുള്ള ബോട്ടുകളും സാങ്കേതിക വിദ്യകളും സൗകര്യങ്ങളും മാത്രമാണ് മത്സരാ‍ർത്ഥികൾക്ക് ഉപയോഗിക്കാൻ അനുമതി. യുഎഇ കമ്പനി ബയാനത് ആണ് അഭിലാഷ് ടോമിയുടെ സ്പോൺസർമാർ. കോഴിക്കോട് സ്വദേശി കൗശിക് കൊടിത്തൊടികയുടെ ഉടമസ്ഥതയിലുള്ള ജെല്ലിഫിഷ് വാട്ടർ സ്പോർട്സും സഹസ്പോൺസറാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad