മേയ് നാല് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോട് കൂടിയ മഴക്കും 50 കിലോ മീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ അഞ്ച് ജില്ലകളിൽ തിങ്കളാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ നാല് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. ഞായറാഴ്ച സംസ്ഥാന വ്യാപകമായി മഴ ലഭിച്ചിരുന്നു. വേനൽമഴയോടൊപ്പം പല സ്ഥലത്തും ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി.
സംസ്ഥാനത്ത് വരും മണിക്കൂറിൽ 8 ജില്ലകളിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഏഴ് ണിക്ക് ശേഷം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു.
അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.