Type Here to Get Search Results !

ഇടുക്കിയിലെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതിയുടെ അനുമതി.ജനങ്ങൾ ആഹ്ളാദ ആഘോഷങ്ങൾ നടത്തരുത് ,പടക്കം പൊട്ടിക്കരുതെന്നും കോടതി



കൊച്ചി: അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനാവശ്യമായ സഹായം റവന്യൂ, പൊലീസ്, അഗ്‌നിരക്ഷ വിഭാഗങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.അരിക്കൊമ്പനെ പിടികൂടുന്നതിന്റെ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ വേണ്ട എന്നും കോടതി കൂട്ടിച്ചേര്‍ത്തു. 


കോടതി വിധിയെ ഇടുക്കിക്കാര്‍ സ്വാഗതം ചെയ്തു. എറെ സന്തോഷമെന്ന് സമരക്കാര്‍ പ്രതികരിച്ചു.സമരം വിജയം കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എം എം മണി എംഎല്‍എയും അറിയിച്ചു. മനുഷ്യന്റെ അവകാശം കോടതി കണ്ടു.എന്നാല്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് പറഞ്ഞത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.


അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരമുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അഞ്ചംഗ സമിതിയിലെ കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍ എസ് അരുണ്‍, പ്രൊജക്ട് ടൈഗര്‍ സിസിഎഫ് എച്ച് പ്രമോദ്, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് വെറ്റിനേറിയനുമായ ഡോ എന്‍ വി കെ അഷ്‌റഫ്, കോടതി നിയമിച്ച അമിക്കസ്‌ക്യൂറി അഡ്വ രമേശ് ബാബു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ചിന്നക്കനാലില്‍ എത്തിയ അഞ്ചംഗ സംഘം പ്രദേശവാസികള്‍ അടക്കമുളളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വിദഗ്ധസമിതി ഇടുക്കി സിങ്കുകണ്ടത്തെ സമരപന്തല്‍ സന്ദര്‍ശിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.


അരിക്കൊമ്പന്‍ അപകടകാരിയെന്ന് വനം വകുപ്പ് സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു. 18 വര്‍ഷത്തിനിടെ ചിന്നക്കനാല്‍, ശാന്തന്‍പാറ ഭാഗത്ത് 34 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഏഴ് പേര്‍ അരിക്കൊമ്പന്റെ ആക്രമണത്തിലാണ് മരിച്ചത്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പന്‍ തകര്‍ത്തത്. 52 വീടുകളും കടകളുമാണ് 2017ല്‍ മാത്രം തകര്‍ത്തത്. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. ഇതിനു മുമ്പും അരിക്കൊമ്പനെ പലതവണ പിടികൂടി മാറ്റിയതാണ്. പക്ഷേ വീണ്ടും തിരിച്ചെത്തുകയായിരുന്നു.

Top Post Ad

Below Post Ad