▪️തിരുവനന്തപുരം: ഇ പോസ് മെഷീൻ സെര്‍വര്‍ തകരാര്‍ കാരണം റേഷന്‍ കടകള്‍ ഇന്നും നാളെയും പ്രവർത്തിക്കില്ല. ഇത് കണക്കിലെടുത്ത് ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മേയ് അഞ്ചുവരെ നീട്ടിയിട്ടുണ്ട്. സെർവറിലെ വിവരങ്ങൾ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടു ദിവസം ആവശ്യമാണെന്ന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐഡി) അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നും നാളെയും റേഷൻകടകൾ അടച്ചിടാൻ തീരുമാനിച്ചത്.
ശനി, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ റേഷന്‍കട പ്രവര്‍ത്തിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ ശനി, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ രാത്രി ഏഴുവരെ റേഷന്‍കട പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായും മന്ത്രി സംസാരിച്ചു. സാങ്കേതികത്തകരാറുകൾ പൂർണമായി പരിഹരിച്ചശേഷം കടകൾ പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് വ്യാപാരികൾ പറഞ്ഞു