Type Here to Get Search Results !

കാശു വെച്ചുള്ള ഓൺലൈൻ കളികൾക്ക്‌ വിലക്ക്



ന്യൂഡൽഹി | ഓൺലൈൻ ഗെയിമിങ്‌ മേഖലയ്ക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്രം. വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓൺലൈൻ ഗെയിമുകൾ പൂർണമായും നിരോധിക്കും. ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്ര ഐ.ടി. മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കി. ജനുവരിയിലാണ് കരടുനയം പുറത്തിറക്കിയത്. 2021-ലെ ഐ.ടി. ഇന്റർമീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്.


പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഗെയിം കളിക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥയും ചട്ടത്തിലുണ്ട്. രാജ്യത്താദ്യമായാണ് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണസംവിധാനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു.


വ്യവസായപ്രതിനിധികൾ, വിദ്യാഭ്യാസവിദഗ്ധർ, ശിശുവിദഗ്ധർ, മനഃശാസ്ത്രവിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയായ സ്വയംനിയന്ത്രിത സംവിധാനമാണ്‌(എസ്.ആർ.ഒ.) കാര്യങ്ങൾ നിയന്ത്രിക്കുക. വാതുവെപ്പ് നടത്തുന്നുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ ഏതെല്ലാം ഓൺലൈൻ ഗെയിമുകളാണ് അനുവദനീയമെന്ന് തീരുമാനിക്കുന്ന ചുമതല ഈ എസ്.ആർ.ഒ.കൾക്കായിരിക്കും.


പുതിയനയങ്ങൾ പാലിക്കാത്ത ഗെയിമിങ്‌ സ്ഥാപനങ്ങൾക്ക് സേഫ് ഹാർബർ പരിരക്ഷ നഷ്ടപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. സർക്കാരോ നിയമമോ ആവശ്യപ്പെടുമ്പോൾ ചട്ടവിരുദ്ധമായ ഉള്ളടക്കം നീക്കംചെയ്യുന്നതുവഴി കമ്പനികൾക്ക് ലഭിക്കുന്ന നിയമപരമായ സുരക്ഷയാണ് സേഫ് ഹാർബർ. നിലവിൽ പണം നിക്ഷേപിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമാണ് നിയന്ത്രണമെന്ന് മന്ത്രി പറഞ്ഞു.


പ്രധാന നിർദേശങ്ങൾ

• ഓൺലൈൻ സേവനദാതാക്കളായ പ്ലാറ്റ്ഫോമുകൾ (ഇന്റർമീഡിയറികൾ) വഴി ഉപഭോക്താക്കൾക്ക് ദോഷം വരുത്തുന്നതോ എസ്.ആർ.ഒ. അംഗീകൃതമല്ലാത്തതോ ആയ ഓൺലൈൻ ഗെയിമുകൾ പബ്ലിഷ് ചെയ്യരുത്. പരസ്യവും പങ്കുവെക്കരുത്.


• ചൂതാട്ടവും വാതുവെപ്പും നടത്തുന്നില്ലെന്നും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും അന്വേഷിക്കാൻ സ്വയംനിയന്ത്രണ സംവിധാനത്തിന് പൂർണ അധികാരം.


• കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുത്. വിവരങ്ങൾ വസ്തുതാപരമായി പരിശോധിക്കാൻ ഫാക്ട് ചെക്കിങ് ഏജൻസികളെ നിയമിക്കും.


• എസ്.ആർ.ഒ. രജിസ്‌ട്രേഷൻ മാർക്ക് ഗെയിമിലുടനീളം പ്രദർശിപ്പിക്കണം. ഉപയോക്താക്കളുടെ ഫീസ്, പ്രവർത്തനരീതി തുടങ്ങിയവയും വ്യക്തമാക്കണം.


Top Post Ad

Below Post Ad